ഡിസംബര്‍ 1 മുതല്‍ മുഴുവന്‍ നാലുചക്ര വാഹനങ്ങളിലും ഫാസ്‍ടാഗ് നിര്‍ബന്ധം

By Web DeskFirst Published Nov 4, 2017, 7:06 AM IST
Highlights

ന്യൂഡല്‍ഹി: ഡിസംബര്‍ ഒന്ന് മുതല്‍ പുറത്തിറങ്ങുന്ന രാജ്യത്തെ എല്ലാ പുതിയ നാലുചക്ര വാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമാക്കി. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെതാണ് ഉത്തരവ്. ടോള്‍ പ്ലാസകളില്‍ നികുതി പിരിവ് സുഗമമാക്കുകയാണ് ഫാസ്ടാഗിന്റെ ലക്ഷ്യം. പുതിയ പാസഞ്ചര്‍ കാറുകളും ചരക്ക് വാഹനങ്ങളും ഉള്‍പ്പെടെ പുതുതായി നിരത്തിലെത്തുന്ന എല്ലാ നാലു ചക്ര വാഹനങ്ങള്‍ക്കും വിന്‍ഡ് സ്‌ക്രീനില്‍ ഫാസ്ടാഗ് ഘടിപ്പിക്കാനുള്ള വിജ്ഞാപനം കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കി. 1989-ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ഗതാഗത മന്ത്രാലയം ഫാസ്ടാഗ് നിര്‍ബന്ധമാക്കിയത്. പുതിയ വാഹനങ്ങളില്‍ ഫാസ്ടാഗ് ഘടിപ്പിക്കാനുള്ള മുഴുവന്‍ ഉത്തരവാദിത്വവും വാഹന ഡീലര്‍മാര്‍ക്കാണ്.

ഡിജിറ്റല്‍ പണം ഇടപാട് വഴി ടോള്‍ അടയ്ക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്. ഇതുപയോഗിച്ച് ടോള്‍ പ്ലാസകളില്‍ വാഹനം നിര്‍ത്താതെ തന്നെ പണം അടച്ച് കടന്നുപോകാം. അതിനാല്‍ ടോള്‍ പ്ലാസകളില്‍ പണം അടയ്ക്കാനുള്ള തിരക്കും നീണ്ട നിരയും ട്രാഫിക്ക് ബ്ലോക്കും ഒഴിവാക്കാന്‍ സാധിക്കും. സമയവും ലാഭിക്കാം.

ഒരു പ്രീപെയ്ഡ് അക്കൗണ്ട് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സംവിധാനം (RFID) വഴി ബന്ധിപ്പിച്ചാണ് ഫാസ് ടാഗിന്‍റെ പ്രവര്‍ത്തനം. ഇത് വാഹനത്തിന്‍റെ വിന്‍ഡ് സ്‌ക്രീനില്‍ ഘടിപ്പിക്കുകയാണ് ചെയ്യുക. ഈ അക്കൗണ്ടില്‍ ആവശ്യത്തിനുള്ള തുക നേരത്തെ റീചാര്‍ജ് ചെയ്ത് വയ്ക്കണം. 100 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ഫാസ്ടാഗില്‍ റീചാര്‍ജ് ചെയ്യാം.  ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെഫ്റ്റ്,ആര്‍ടിജിഎസ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ റീചാര്‍ജ്ജിംഗ് നടത്താം.

രജിസ്‌ട്രേഷന് മുന്‍പ് വാഹനത്തില്‍ ഇത് ഘടിപ്പിച്ചിരിക്കണം. പഴയ വാഹനങ്ങള്‍ക്ക് ബാങ്കുകള്‍ വഴിയും ടോള്‍ പ്ലാസകളില്‍ നിന്നും ഫാസ്ടാഗ് വാങ്ങി ഘടിപ്പിക്കാം. രാജ്യത്തെ 370 ടോള്‍പ്ലാസകളില്‍ നിലവില്‍ ഈ സൗകര്യം ഒരുക്കിക്കഴിഞ്ഞു. നാഷണല്‍ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ (എന്‍ഇടിസി) പ്രോഗ്രാമിന്‍റെ ഭാഗമായിട്ടാണ് ഈ സംവിധാനത്തിന്‍റെ പ്രവര്‍ത്തനം.

click me!