വാഹനങ്ങള്‍ക്ക് പത്ത് വര്‍ഷം 1,20,000 കിലോമീറ്റര്‍ വാറന്റിയുമായി ഹോണ്ട

By Web TeamFirst Published Dec 16, 2019, 12:38 AM IST
Highlights

തങ്ങളുടെ എല്ലാ കാറുകള്‍ക്കും 10 വര്‍ഷം അല്ലെങ്കില്‍ 1,20,000 കിലോമീറ്റര്‍ വരെ 'എനിടൈം വാറന്റി' പ്രഖ്യാപിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട.

തങ്ങളുടെ എല്ലാ കാറുകള്‍ക്കും 10 വര്‍ഷം അല്ലെങ്കില്‍ 1,20,000 കിലോമീറ്റര്‍ വരെ 'എനിടൈം വാറന്റി' പ്രഖ്യാപിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. അംഗീകൃത ഹോണ്ട ഡീലര്‍മാര്‍ പുതിയ വാറന്റി പദ്ധതി അനുസരിച്ച് കാറിന്റെ തകരാറ് നന്നാക്കുകയോ പാര്‍ട്ട് മാറ്റിസ്ഥാപിക്കുകയോ ചെയ്യും. പുതിയ പാര്‍ട്ടുകള്‍ക്ക് വാഹന ഉടമയില്‍നിന്ന് വില ഈടാക്കുകയോ തൊഴില്‍ക്കൂലി വാങ്ങുകയുമില്ലെന്നാണ് റിപ്പോർട്ട്.

നിലവിലെ ദീര്‍ഘിപ്പിച്ച വാറന്റി അല്ലെങ്കില്‍ എനിടൈം വാറന്റി കഴിയുന്നതിന് ഒരു മാസം മുമ്പുപോലും പുതിയ വാറന്റി വാങ്ങാന്‍ കഴിയും. വാഹനത്തിന്റെ അടുത്ത ഉടമസ്ഥന് എനിടൈം വാറന്റി കൈമാറാനും സാധിക്കും. പുതിയ വാറന്റി പദ്ധതി പ്രകാരം വാഹനത്തിന്റെ വാറന്റി പരമാവധി പത്ത് വര്‍ഷം അല്ലെങ്കില്‍ 1,20,000 കിലോമീറ്റര്‍ വരെ ദീര്‍ഘിപ്പിക്കാം.

എന്നാല്‍ ഓരോ തവണയും ഒരു വര്‍ഷം അല്ലെങ്കില്‍ 20,000 കിലോമീറ്റര്‍ എന്ന രീതിയിലാണ് വാറന്റി ദീര്‍ഘിപ്പിക്കാന്‍ കഴിയുന്നത്. മാത്രമല്ല, വാഹനത്തിന്റെ പ്രായം ഏഴ് വര്‍ഷത്തില്‍ കൂടുതലാകാന്‍ പാടില്ല. ഓഡോമീറ്ററില്‍ ഒരു ലക്ഷം കിലോമീറ്ററില്‍ താഴെ ആയിരിക്കണം.

അതേസമയം ഡിസംബറില്‍ കാറുകൾക്ക് വമ്പന്‍ ഓഫറുകളും ഹോണ്ട കാർസ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ മോഡലുകളിലായി അഞ്ചു ലക്ഷം വരെ വിലക്കുറവാണ് ഹോണ്ട പ്രഖ്യാപിച്ചിരിക്കുന്നത്. സിആർവി മുതൽ ജാസ് വരെ നീളുന്ന വിവിധ മോഡലുകളിലാണ് 42000 രൂപ മുതൽ 5 ലക്ഷം വരെ ക്യാഷ് ഡിസ്കൗണ്ടുകൾ നൽകുക.

വിവിധ സ്ഥലങ്ങളേയും ഡീലർഷിപ്പുകളേയും മോഡലുകളുടെ ലഭ്യതയ്ക്കും അനുസരിച്ചാണ് ഓഫറുകൾ നൽകി വരുന്നത്. ഈ മാസം അവസാനം വരെയൊ സ്റ്റോക്ക് തീരുന്നവരെയോ ആയിരിക്കും ഓഫർ നിലവിലുള്ളത്. 

click me!