
സിട്രോൺ ഇന്ത്യ പുതുക്കിയ എയർക്രോസ് എക്‌സ് പുറത്തിറക്കി. എസ്‌യുവിയിൽ പുതിയ ഇന്റീരിയറും കൂടുതൽ സവിശേഷതകളും കൊണ്ടുവന്നു. ആകർഷകമായ രൂപവും ശക്തമായ എഞ്ചിനും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ എസ്‌യുവിയുടെ പ്രാരംഭ എക്‌സ്-ഷോറൂം വില 8.29 ലക്ഷം രൂപയാണ്. കമ്പനിയുടെ സിട്രോൺ 2.0 "ഷിഫ്റ്റ് ഇൻ ദ ന്യൂ" തന്ത്രത്തിന് കീഴിലുള്ള മൂന്നാമത്തെ മോഡലാണിത്. നേരത്തെ, കമ്പനി C3X ഉം ബസാൾട്ട് എക്‌സും പുറത്തിറക്കിയിരുന്നു. 'എക്‌സ്' എന്ന പേരിൽ, സവിശേഷതകളും ഇന്റീരിയർ അപ്‌ഗ്രേഡുകളും നൽകി ഈ പുതിയ എസ്‌യുവിക്ക് കൂടുതൽ പ്രീമിയം ടച്ച് നൽകാൻ കമ്പനി ശ്രമിക്കുന്നു.
പുതിയ എയർക്രോസ് എക്‌സിന് പുതിയ ഡീപ് ഫോറസ്റ്റ് ഗ്രീൻ കളർ സ്‌കീം ലഭിക്കുന്നു. അതേസമയം ടെയിൽഗേറ്റിൽ ഒരു പുതിയ 'എക്‌സ്' ബാഡ്ജ് ഉണ്ട്. 20,000 രൂപ അധിക വിലയിൽ ഡ്യുവൽ-ടോൺ പെയിന്റ് സ്‌കീമോടെ എസ്‌യുവി ലഭ്യമാണ്. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, ഡിആർഎൽ, പുതിയ ബ്ലാക്ക് ആക്‌സന്റുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ. വെന്റിലേറ്റഡ് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 25,000 രൂപ അധിക വിലയ്ക്ക് നിർബന്ധിത ആക്‌സസറിയായി ലഭ്യമായ 360 ഡിഗ്രി ക്യാമറ തുടങ്ങിയ പുതിയ സവിശേഷതകളോടെ ക്യാബിനിൽ വലിയ അപ്‌ഗ്രേഡുകൾ ലഭ്യമാണ്.
ഡാഷ്‌ബോർഡിൽ ഇപ്പോൾ ബസാൾട്ട് എക്‌സിന് സമാനമായ സോഫ്റ്റ്-ടച്ച് ലെതറെറ്റ് പാനലുകൾ ലഭിക്കുന്നു. അതേസമയം പ്രീമിയം രൂപത്തിന് പുതിയ ലെതറെറ്റ് അപ്ഹോൾസ്റ്ററി ഉണ്ട്. എസ്‌യുവിയിൽ 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ആംബിയന്റ്, ഫുട്‌വെൽ ലൈറ്റിംഗ് എന്നിവയും ഉണ്ട്. കൂടാതെ, സിട്രോൺ എയർക്രോസ് എക്‌സിൽ ഇപ്പോൾ CARA ഇൻ-കാർ വെർച്വൽ അസിസ്റ്റന്റും ഉണ്ട്. കൂടാതെ 52 ഇന്ത്യൻ, ആഗോള ഭാഷകളുമായി പൊരുത്തപ്പെടുന്ന വോയ്‌സ് അസിസ്റ്റൻസ് വാഗ്ദാനം ചെയ്യുന്നു. പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, ക്രൂയിസ് കൺട്രോൾ, ഓട്ടോ ഐആർവിഎം എന്നിവയ്‌ക്കൊപ്പം കീലെസ് എൻട്രിയും ഉണ്ട്.
എയർക്രോസിനുള്ള എഞ്ചിൻ ഓപ്ഷനുകളിൽ 1.2 ലിറ്റർ ടർബോചാർജ്‍ഡ് എഞ്ചിനും നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനും ഉൾപ്പെടുന്നു. ഇവ 110 എച്ച്പി വരെ കരുത്തും 205 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ട്രാൻസ്‍മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്‍പീഡ് മാനുവൽ, 6-സ്‍പീഡ് മാനുവൽ, 6-സ്‍പീഡ് ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു. 5-സീറ്റർ, 5+2 സീറ്റിംഗ് ലേഔട്ടുകളിൽ എസ്‌യുവി ലഭ്യമാണ്.
രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമായ സിട്രോൺ എയർക്രോസ് എക്‌സിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ല. താഴ്ന്ന വകഭേദത്തിൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. ഉയർന്ന വകഭേദങ്ങളിൽ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുമായി ജോടിയാക്കപ്പെട്ട 1.2 ലിറ്റർ ടർബോചാർജ്‍ഡ് പെട്രോൾ മോട്ടോർ സജ്ജീകരിച്ചിരിക്കുന്നു. എയർക്രോസിനൊപ്പം ഡീലർ ഘടിപ്പിച്ച സിഎൻജി ഓപ്ഷനും വാഹന നിർമ്മാതാവ് വാഗ്ദാനം ചെയ്യുന്നു.
ഈ എസ്‌യുവിയിൽ 40-ലധികം സുരക്ഷാ സവിശേഷതകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് സിട്രോൺ അവകാശപ്പെടുന്നു. ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം (ഭാരത് NCAP) അടുത്തിടെ കാർ ക്രാഷ്-ടെസ്റ്റ് ചെയ്‌തിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഈ ക്രാഷ് ടെസ്റ്റിൽ, മുതിർന്നവരുടെ സംരക്ഷണത്തിന് എസ്‌യുവിക്ക് 5-സ്റ്റാർ റേറ്റിംഗും കുട്ടികളുടെ സംരക്ഷണത്തിന് 4-സ്റ്റാർ റേറ്റിംഗും ലഭിച്ചു. ഈ പരിശോധനയിൽ, എയർക്രോസ് 5S വേരിയന്റ് മുതിർന്നവരുടെ സംരക്ഷണത്തിന് (AOP) 32 പോയിന്റുകളിൽ 27.05 പോയിന്റുകളും കുട്ടികളുടെ സംരക്ഷണത്തിന് (COP) 49 പോയിന്റുകളിൽ 40 പോയിന്റുകളും നേടി.
എംജി ആസ്റ്റർ, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൺ , ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി വിക്ടോറിസ് തുടങ്ങിയ സെഗ്‌മെന്റിലെ മോഡലുകളാണ് എയർക്രോസിന്റെ എതിരാളികൾ.