
ജർമ്മൻ ആഡംബര വാഹന ബ്രാൻഡായ ബിഎംഡബ്ല്യു ഇന്ത്യ തങ്ങളുടെ ശ്രേണിയിലുടനീളം മൂന്ന് ശതമാനം വരെ വില വർദ്ധനവ് പ്രഖ്യാപിച്ചു. ഈ വില വർദ്ധനവ് 2025 സെപ്റ്റംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ, ബിഎംഡബ്ല്യു 3 സീരീസ് ലോംഗ് വീൽബേസ്, ബിഎംഡബ്ല്യു 5 സീരീസ് ലോംഗ് വീൽബേസ്, ബിഎംഡബ്ല്യു 7 സീരീസ്, ബിഎംഡബ്ല്യു എക്സ്1, ബിഎംഡബ്ല്യു എക്സ്3, ബിഎംഡബ്ല്യു എക്സ്5, ബിഎംഡബ്ല്യു എക്സ്7, ബിഎംഡബ്ല്യു എം340ഐ, ബിഎംഡബ്ല്യു ഐഎക്സ്1 ലോംഗ് വീൽബേസ് എന്നിവ കമ്പനി ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിക്കുന്ന കാറുകളുടെ ശ്രേണിയിൽ ഉൾപ്പെടുന്നു. ബിഎംഡബ്ല്യു i4, ബിഎംഡബ്ല്യു i5, ബിഎംഡബ്ല്യു i7, ബിഎംഡബ്ല്യു i7 M70, ബിഎംഡബ്ല്യു iX, ബിഎംഡബ്ല്യു Z4 M40i, ബിഎംഡബ്ല്യു M2 കൂപ്പെ, ബിഎംഡബ്ല്യു M4 കോംപറ്റീഷൻ, ബിഎംഡബ്ല്യു M4 സിഎസ്, ബിഎംഡബ്ല്യു M5, ബിഎംഡബ്ല്യു M8 കോംപറ്റീഷൻ കൂപ്പെ, ബിഎംഡബ്ല്യു എക്സ്എം (പ്ലഗ്-ഇൻ-ഹൈബ്രിഡ്) എന്നിവയും പൂർണ്ണമായും ബിൽറ്റ്-അപ്പ് യൂണിറ്റുകളായി (CBU) ബിഎംഡബ്ല്യു വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയിൽ ബ്രാൻഡ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും താങ്ങാനാവുന്ന കാറാണ് ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ. 46.90 ലക്ഷം രൂപയാണ് ഈ മോഡലിന്‍റെ പ്രാരംഭ എക്സ്-ഷോറൂം വില. അതേസമയം കമ്പനിയുടെ ഏറ്റവും ചെലവേറിയ ഓഫർ ബിഎംഡബ്ല്യു എക്സ്എം ആണ്. 2.60 കോടി രൂപയാണ് ഈ മോഡലിന്‍റെ പ്രാരംഭ എക്സ്-ഷോറൂം വില.
വർഷത്തിന്റെ ആദ്യ പകുതിയിൽ ബിഎംഡബ്ല്യു ഇന്ത്യയുടെ വളർച്ചയും വിൽപ്പന വേഗതയും ശ്രദ്ധേയമാണെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റും സിഇഒയുമായ വിക്രം പവ പറഞ്ഞു. എങ്കിലും ആഗോള വിതരണ ശൃംഖലയിലെ പ്രശ്‍നങ്ങൾ മെറ്റീരിയൽ, ലോജിസ്റ്റിക്സ് ചെലവുകൾ വർദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചുവെന്നും ഉപഭോക്തൃ യാത്രയിലുടനീളം മികച്ച മൂല്യവും അനുഭവവും വാഗ്ദാനം ചെയ്യുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഉറച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്സവ സീസണിൽ ബിഎംഡബ്ല്യു കാറുകളുടെ നിരവധി പുതിയ പവർ-പാക്ക്ഡ് പ്രൊഫൈലുകൾ അവതരിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണെന്നും ബിഎംഡബ്ല്യുവിന്റെ ആഡംബരവും മുൻനിരയിലുള്ളതുമായ കാറുകൾക്കുള്ള ശക്തമായ ആവശ്യം തുടരുന്നുവെന്നും ഉപഭോക്താക്കൾക്ക് അസാധാരണമായ പ്രകടനവും നവീകരണവും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ബിഎംഡബ്ല്യു ഇന്ത്യ ഫിനാൻഷ്യൽ സർവീസിലെ സാമ്പത്തിക പദ്ധതികളിലൂടെ ഉപഭോക്താക്കൾക്ക് പൂർണ്ണ മനസ്സമാധാനം ആസ്വദിക്കാൻ കഴിയുമെന്നും കമ്പനനി വാർത്താക്കുറിപ്പിൽ അറിയിച്ചു. ബിഎംഡബ്ല്യു സ്‍മാർട്ട് ഫിനാൻസ് ഓഫറിൽ ആകർഷകമായ പ്രതിമാസ തവണകൾ, തിരഞ്ഞെടുത്ത മോഡലുകൾക്ക് കുറഞ്ഞ പലിശ നിരക്ക്, ഉറപ്പായ തിരിച്ചുവാങ്ങൽ ഓപ്ഷനുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.