
ഇന്ത്യൻ വാഹന വിപണിയിൽ പുതിയ ചുവടുവെപ്പിനൊരുങ്ങി ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡി. കമ്പനിയുടെ ആഡംബര ബ്രാൻഡായ ഡെൻസ ഇന്ന് ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ പ്രവേശിക്കും. ഇതിന് മുന്നോടിയായി ഡെൻസയുടെ ആഡംബര എംപിവിയായ ഡി9 ആദ്യമായി മുംബൈയിൽ നിരീക്ഷണത്തിൽപ്പെട്ടു. വാഹനത്തിന്റെ സ്പൈ ചിത്രങ്ങൾ പുറത്തുവന്നതോടെ ഇന്ത്യൻ വിപണിയിലെത്താനിരിക്കുന്ന ഈ പ്രീമിയം എംപിവി വാഹനപ്രേമികൾക്കിടയിൽ ശ്രദ്ധ നേടുകയാണ്.
ചാരനിറത്തിലുള്ള ഡെൻസ ഡി9 ഒരു ട്രക്കിൽ നിന്ന് ഇറക്കുന്നതിനിടെയാണ് മുംബൈയിൽ കണ്ടെത്തിയത്. വാഹനത്തിന് യാതൊരുവിധ മറച്ചുവയ്ക്കലുകളും ഉണ്ടായിരുന്നില്ല. ആര്യമൻ ധൻരാജാണ് വാഹനത്തിന്റെ സ്പൈ ചിത്രങ്ങൾ പങ്കുവെച്ചത്. വാഹനം ഒരു ഡീലർഷിപ്പ് യാർഡിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് സൂചന. നേരത്തെ ഡെൻസയുടെ ഇസഡ്9 ജിടി ഷൂട്ടിംഗ് ബ്രേക്ക് മോഡലും ഇന്ത്യയിൽ പരീക്ഷണയോട്ടത്തിനിടെ കണ്ടെത്തിയിരുന്നു.
പിൻഭാഗത്ത് ഫുൾ വിഡ്ത്ത് എൽഇഡി ടെയിൽ ലാമ്പുകൾ, വലിയ അക്ഷരങ്ങളിൽ ഡെൻസ ബ്രാൻഡിങ്, താഴെയായി ഡി9 ബാഡ്ജിങ് എന്നിവയാണ് പ്രധാന ഡിസൈൻ സവിശേഷതകൾ. കൂടാതെ ഇന്റഗ്രേറ്റഡ് സ്റ്റോപ്പ് ലാമ്പോടുകൂടിയ റൂഫ് സ്‌പോയിലർ, വലിയ പിൻ ഗ്ലാസ്, ബമ്പറിന്റെ താഴ്ഭാഗത്തെ ക്രോം അലങ്കാരങ്ങൾ എന്നിവയും വാഹനത്തിന് പ്രീമിയം ലുക്ക് നൽകുന്നു.
വലുപ്പത്തിന്റെ കാര്യത്തിലും ഡെൻസ ഡി9 ശ്രദ്ധേയമാണ്. ഏകദേശം 5,250 എംഎം നീളവും 1,960 എംഎം വീതിയും 1,920 എംഎം ഉയരവുമുള്ള വാഹനത്തിന് 3,110 എംഎം വീൽബേസാണുള്ളത്. ഏഴ് സീറ്റുകളുള്ള ലേഔട്ടിലാണ് ആഗോള വിപണികളിൽ ഈ എംപിവി വിൽപ്പനയ്ക്കെത്തുന്നത്.
രണ്ടാം നിരയിലെ യാത്രക്കാർക്ക് പരമാവധി സുഖസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനാണ് കമ്പനി പ്രധാന്യം നൽകിയിരിക്കുന്നത്. പവർഡ് സ്ലൈഡിങ് ഡോറുകൾ, ക്യാപ്റ്റൻ സീറ്റുകൾ, ഹീറ്റിങ്, വെന്റിലേഷൻ, മസാജ് സംവിധാനങ്ങൾ എന്നിവ ആഗോള മോഡലുകളിലുണ്ട്. പവർഡ് ലെഗ് റെസ്റ്റുകൾ, പ്രീമിയം അപ്ഹോൾസ്റ്ററി, പിൻനിര വിനോദത്തിനുള്ള സ്ക്രീൻ എന്നിവയും വാഹനത്തിന്റെ ആകർഷണങ്ങളാണ്. എന്നാൽ ഇന്ത്യൻ പതിപ്പിൽ ഈ ഫീച്ചറുകളിൽ ഏതൊക്കെയുണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
ആഗോള വിപണികളിൽ പ്ലഗ്-ഇൻ ഹൈബ്രിഡ്, പൂർണ ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകളിലാണ് ഡെൻസ ഡി9 ലഭിക്കുന്നത്. ഇന്ത്യയിൽ പൂർണ ഇലക്ട്രിക് പതിപ്പായിരിക്കും അവതരിപ്പിക്കുകയെന്നാണ് പ്രതീക്ഷ. എന്നാൽ ബാറ്ററി ശേഷി, മോട്ടോർ സവിശേഷതകൾ, ഒറ്റ ചാർജിൽ ലഭിക്കുന്ന റേഞ്ച്, ചാർജിങ് സംവിധാനങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഡെൻസയുടെ ഇന്ത്യയിലെത്തലിനൊപ്പം ഡി9 എംപിവിയും ഇസഡ്9 ജിടി ഷൂട്ടിംഗ് ബ്രേക്കും വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. പൂർണമായും വിദേശത്ത് നിർമിച്ച വാഹനങ്ങളായി ഇറക്കുമതി ചെയ്യാനാണ് സാധ്യത. ഇതിനായി പ്രത്യേക പ്രീമിയം ഡീലർഷിപ്പ് ശൃംഖലയും കമ്പനി ഒരുക്കിയേക്കും.
ഇന്ത്യൻ വിപണിയിൽ എംജി എം9, ടൊയോട്ട വെൽഫയർ, ലെക്സസ് എൽഎം തുടങ്ങിയ ആഡംബര എംപിവികളുമായിട്ടായിരിക്കും ഡെൻസ ഡി9 മത്സരിക്കുക. നവംബർ 13ന് നടക്കുന്ന ബ്രാൻഡ് ലോഞ്ച് ചടങ്ങിൽ വാഹനത്തിന്റെ വില, ബുക്കിങ് ആരംഭിക്കുന്ന തീയതി, ഡെലിവറി വിവരങ്ങൾ എന്നിവയും കമ്പനി പ്രഖ്യാപിച്ചേക്കും.