
ഐക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ഫോർഡിന്റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് കഴിഞ്ഞ കുറച്ചുകാലമായി സജീവചർച്ചയിലാണ്. തമിഴ്‌നാട്ടിലെ നിർമ്മാണ പ്ലാന്റ് പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളുമായി അമേരിക്കൻ കാർ നിർമ്മാതാവ് മുന്നോട്ട് പോകുകയാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ കമ്പനി 2026 ഓടെ ഇന്ത്യയിൽ തിരിച്ചെത്തും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. 2026 സെപ്റ്റംബർ മാസത്തോടെ കമ്പനി ഇന്ത്യയിൽ പ്രവർത്തനം വീണ്ടും തുടങ്ങുമെന്ന് പേരുവെളിപ്പെടുത്താനാവാത്ത ഫോർഡിന്‍റെ പ്രമുഖ ഡീലർഷിപ്പിലെ ഉന്നതോദ്യോഗസ്ഥൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. കമ്പനിയുടെ ഇന്ത്യൻ പുന:പ്രവേശനം അന്തിമഘട്ടത്തിലാണെന്നും വെളിപ്പെടുത്താനാവാത്ത ചില നിയമപ്രശ്‍നങ്ങൾ കാരണമാണ് ഇത് വൈകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
2025 അവസാനത്തോടെ ഫോർഡ് ഇന്ത്യയിൽ പ്രവർത്തനം വീണ്ടും ആരംഭിച്ചേക്കാം. അന്താരാഷ്ട്ര വിപണികളിലേക്ക് ഘടകങ്ങൾ കയറ്റുമതി ചെയ്യുന്നതിനായി ഫോർഡ് ഉൽപ്പാദനം പുനരാരംഭിക്കുക മാത്രമായിരിക്കും ആദ്യഘട്ടത്തിൽ ചെയ്യുക. പിന്നാലെ 2026 സെപ്റ്റംബർ മാസത്തോടെ ഫോർഡ് എവറസ്റ്റ് എന്ന പേരിൽ അന്താരാഷ്ട്ര വിപണികളിൽ വിൽക്കുന്ന എൻഡവറിനെ ഇന്ത്യൻ വിപണിയിൽ തിരികെ കൊണ്ടുവന്നേക്കും. ഉൽപ്പാദനം പുനരാരംഭിക്കുന്നതിനായി ഫോർഡ് തങ്ങളുടെ ചെന്നൈ പ്ലാന്റ് ഒരുക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യയിൽ ഘടകങ്ങൾ നിർമ്മിക്കുന്നത് കൂടുതൽ ചെലവ് കുറഞ്ഞതായതിനാൽ ഫോർഡ് ഇന്ത്യയിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നു. അമേരിക്കയെ അപേക്ഷിച്ച് ഇവിടെ ലേബർ ചെലവ് കുറവാണ്. കൂടാതെ ബ്രാൻഡിന് ഇതിനകം തന്നെ ഇന്ത്യയിൽ സുസ്ഥിരമായ വിതരണ ശൃംഖലകളുണ്ട്. ഇത് സൗകര്യം വർദ്ധിപ്പിക്കുന്നു.നിലവിൽ ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ് തുടങ്ങിയ അന്താരാഷ്ട്ര വിപണികൾക്കായി ഫോർഡ് കാറുകൾ നിർമ്മിക്കുന്നുണ്ട്. ബിടിഎ (ബൈലാറ്ററൽ ട്രേഡ് എഗ്രിമെന്റ്സ്) ക്കൊപ്പം ഇന്ത്യയ്ക്ക് ശക്തമായ തുറമുഖ അടിസ്ഥാന സൗകര്യവുമുണ്ട്. ഇത് ഫോർഡിന് വിവിധ രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് എളുപ്പമാക്കുന്നു.
താരിഫ് സംബന്ധമായ ചില പ്രശ്‍നങ്ങൾ പരിഹരിക്കുന്നതിനാൽ ഫോർഡിന്‍റെ ഇന്ത്യൻ പ്രവേശനത്തിന് ചില കാലതാമസം പ്രതീക്ഷിക്കുന്നതായി ഈ വർഷം ആദ്യം റിപ്പോർട്ടുകൾ വന്നിരുന്നു. ആഭ്യന്തര, കയറ്റുമതി വിപണികൾക്കായി താങ്ങാനാവുന്ന വിലയിൽ ഇലക്ട്രിക് കാറുകൾ വികസിപ്പിക്കുന്നതിന് കമ്പനി ചെന്നൈ പ്ലാന്റ് ഉപയോഗിച്ചേക്കുമെന്നും സൂചനകളുണ്ട്. എങ്കിലും, കമ്പനി ഇതേക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. ഫോർഡ് തമിഴ്‌നാട് സർക്കാരിന് ഒരു ലെറ്റർ ഓഫ് ഇന്‍റന്‍റ് (LoI) സമർപ്പിച്ചിട്ടുണ്ട്. കയറ്റുമതി അധിഷ്‍ഠിത ഉൽപ്പാദനത്തിനായി സൗകര്യം ഉപയോഗപ്പെടുത്താനുള്ള ബ്രാൻഡിന്റെ പദ്ധതി ഇത് സ്ഥിരീകരിക്കുന്നു.
2021-ൽ ഫോർഡ് ഇന്ത്യയിൽ നിന്ന് പുറത്തുപോയതിനുശേഷം ഉപയോഗത്തിൽ ഇല്ലാത്ത മറൈമലൈ നഗർ ഉൽപാദന പ്ലാന്റ് നവീകരിക്കുന്നതിന് ഫോർഡിന് വലിയ നിക്ഷേപം ആവശ്യമാണ്. ചെന്നൈ പ്ലാന്റ് ഇലക്ട്രിക് വാഹന നിർമ്മാണത്തിനായി മാറ്റുന്നതിന് അമേരിക്കൻ വാഹന നിർമ്മാതാക്കൾക്ക് 100 മില്യൺ മുതൽ 300 മില്യൺ ഡോളർ വരെ നിക്ഷേപിക്കേണ്ടിവരും എന്നാണ് റിപ്പോർട്ടുകൾ.
ഫോർഡ് പദ്ധതിയിട്ടതുപോലെ മുന്നോട്ട് പോയാൽ, മറൈമലൈ നഗർ പ്ലാന്റിന്റെ പുനരുജ്ജീവനം തമിഴ്‌നാടിന്റെ ഓട്ടോമൊബൈൽ വ്യവസായത്തിന് വലിയ ഉത്തേജനം നൽകും. ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഇന്ത്യയിലെ ഒരു മുൻനിര ഓട്ടോമൊബൈൽ നിർമ്മാണ കേന്ദ്രമെന്ന നിലയിൽ സംസ്ഥാനത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യും. പൂർണ്ണമായും ബിൽറ്റ്-അപ്പ് (CBU) അല്ലെങ്കിൽ പൂർണ്ണമായും നോക്ക്-ഡൗൺ (CKD) ഐസിഇ മോഡലുകളുമായി ഫോർഡ് ഇന്ത്യൻ വിപണിയിൽ വീണ്ടും പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പക്ഷേ അവരുടെ പ്രാഥമിക ശ്രദ്ധ ഇലക്ട്രിക് വാഹന കയറ്റുമതിയിലായിരിക്കും. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനും ഒന്നിലധികം ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്യാനും കമ്പനി പദ്ധതിയിടുന്നു.
ചെന്നൈ പ്ലാന്റിനെ ഒരു ഇലക്ട്രിക് വാഹന ഉൽപാദന കേന്ദ്രമാക്കി മാറ്റാനും ഫോർഡ് പദ്ധതിയിടുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഒരുകാലത്ത്, ഈ പ്ലാന്റിന് പ്രതിവർഷം 200,000 (ICE) വാഹനങ്ങളും 340,000 എഞ്ചിനുകളും ഉത്പാദിപ്പിക്കാൻ കഴിയുമായിരുന്നു. ഫോർഡ് ആഭ്യന്തര വിപണിയിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചതിനെത്തുടർന്ന് 2022 ജൂലൈയിൽ ഈ പ്ലാന്‍റിലെ വാഹന ഉൽപാദനം നിർത്തി.