ഹ്യുണ്ടായിയുടെ എസ്‌യുവി വിപ്ലവം: മൂന്ന് പുതിയ താരങ്ങൾ വരുന്നു

Published : Jul 23, 2026, 04:00 PM IST
Hyundai Creta

Synopsis

ഇന്ത്യൻ എസ്‌യുവി വിപണിയിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തമാക്കാൻ ഹ്യുണ്ടായി ഒരുങ്ങുന്നു. ജനപ്രിയ മോഡലായ ക്രെറ്റയ്ക്ക് പുറമെ, ഒരു പുതിയ ഇലക്ട്രിക് എസ്‌യുവി, ഒരു കോംപാക്ട് എസ്‌യുവി, പുതുതലമുറ ക്രെറ്റ എന്നിവ ഉൾപ്പെടെ മൂന്ന് പുതിയ മോഡലുകൾ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

ന്ത്യൻ എസ്‍യുവി വിപണിയിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ് ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായി. ജനപ്രിയ മോഡലായ ക്രെറ്റയ്ക്ക് പിന്നാലെ പുതിയ മൂന്ന് എസ്.യു.വികൾ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. 2030 ഓടെ ഏകദേശം 26 പുതിയ വാഹനങ്ങൾ പുറത്തിറക്കാനുള്ള വലിയ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ഇലക്ട്രിക് എസ്.യു.വി, കോംപാക്ട് എസ്.യു.വി, പുതുതലമുറ ക്രെറ്റ എന്നിവയിലൂടെ ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര തുടങ്ങിയ എതിരാളികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തുകയാണ് ഹ്യുണ്ടായിയുടെ ലക്ഷ്യം.

HE1i ഇലക്ട്രിക് എസ്.യു.വി

ഹ്യുണ്ടായി ഇന്ത്യയ്ക്കായി വികസിപ്പിക്കുന്ന പുതിയ സബ്-4 മീറ്റർ ഇലക്ട്രിക് എസ്.യു.വിയാണ് HE1i. നിരവധി തവണ പരീക്ഷണയോട്ടത്തിനിടെ ഈ വാഹനം കണ്ടെത്തിയിട്ടുണ്ട്. ടാറ്റ നെക്സോൺ ഇവി, മഹീന്ദ്ര എക്സ്യുവി 3XO ഇവി തുടങ്ങിയ മോഡലുകളോടായിരിക്കും ഈ ഇലക്ട്രിക് എസ്.യു.വി മത്സരിക്കുക. ഇന്ത്യയ്ക്കായി ഹ്യുണ്ടായി ആദ്യമായി വികസിപ്പിക്കുന്ന സമർപ്പിത തദ്ദേശീയ ഇലക്ട്രിക് വാഹനമായിരിക്കും ഇത് എന്നാണ് റിപ്പോർട്ടുകൾ. E-GMP(K) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാകും വാഹനം എത്തുക. 42 കിലോവാട്ട് അവറും 49 കിലോവാട്ട് അവറും ശേഷിയുള്ള രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. രണ്ട് പതിപ്പുകളും 300 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ച് നൽകാൻ സാധ്യതയുണ്ട്. ലെവൽ-2 എ.ഡി.എ.എസ്, പ്രീമിയം സവിശേഷതകൾ എന്നിവയും വാഹനത്തിൽ ഉൾപ്പെടുത്തിയേക്കും. 2026 അവസാനമോ 2027 തുടക്കത്തിലോ ഇലക്ട്രിക് എസ്.യു.വി വിപണിയിലെത്തുമെന്നാണ് സൂചന.

B4Ci എസ്.യു.വി

വെന്യുവിനും ക്രെറ്റയ്ക്കും ഇടയിൽ സ്ഥാനം പിടിക്കുന്ന പുതിയ മിഡ്-സൈസ് എസ്.യു.വിയാണ് B4Ci എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്നത്. ഹ്യുണ്ടായി ബയോൺ ക്രോസ്ഓവറിനെ അടിസ്ഥാനമാക്കിയുള്ള ഈ മോഡലിൽ പുതിയ 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിൻ ഉൾപ്പെടുത്തിയേക്കും. എന്നാൽ ഹൈബ്രിഡ്, ഡീസൽ എൻജിൻ ഓപ്ഷനുകൾ നൽകില്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പകരം 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനാണ് ലഭിക്കാൻ സാധ്യത. മാനുവൽ, ഐ.വി.ടി ട്രാൻസ്മിഷൻ ഓപ്ഷനുകൾക്കൊപ്പം ഈ എൻജിൻ ലഭിക്കും. ഫാക്ടറി ഫിറ്റഡ് സി.എൻ.ജി പതിപ്പും അവതരിപ്പിച്ചേക്കും. 4 മീറ്ററിൽ കൂടുതൽ നീളമുള്ള ഹ്യുണ്ടായിയുടെ ആദ്യത്തെ സി.എൻ.ജി എസ്.യു.വി ആയിരിക്കും ഇത്. വാഹനത്തിന്റെ അടിഭാഗത്തായിരിക്കും സി.എൻ.ജി ടാങ്ക് സ്ഥാപിക്കുക. പ്രീമിയം ഫീച്ചറുകളോടെയെത്തുന്ന ഈ എസ്.യു.വി 2026 സെപ്റ്റംബറിൽ പുറത്തിറക്കാനാണ് സാധ്യത.

പുതുതലമുറ ഹ്യുണ്ടായി ക്രെറ്റ

ഇന്ത്യയിലെ ഹ്യുണ്ടായിയുടെ ഏറ്റവും വിജയകരമായ എസ്.യു.വി മോഡലുകളിൽ ഒന്നാണ് ക്രെറ്റ. അടുത്ത തലമുറ ക്രെറ്റ നിലവിൽ ഇന്ത്യയിൽ പരീക്ഷണയോട്ടത്തിലാണ്. പുതിയ ഡിസൈൻ, പരിഷ്‍കരിച്ച ക്യാബിൻ, കൂടുതൽ ആധുനിക സാങ്കേതികവിദ്യകൾ എന്നിവയോടെയാകും പുതിയ ക്രെറ്റ എത്തുക. സുരക്ഷാ നിലവാരം ഉയർത്തുന്ന പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാകും വാഹനം നിർമിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. നിലവിലെ പോലെ ടർബോ പെട്രോൾ, ടർബോ ഡീസൽ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിൻ ഓപ്ഷനുകൾ തുടർന്നേക്കും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളും ലഭിക്കും. ഭാവിയിൽ ഡീസൽ എൻജിന് പകരം ഹൈബ്രിഡ് സാങ്കേതികവിദ്യ ഉൾപ്പെടുത്താനുള്ള സാധ്യതയും ഹ്യുണ്ടായി പരിഗണിക്കുന്നുണ്ട്. പുതിയ ഇലക്ട്രിക് എസ്.യു.വി, B4Ci, പുതുതലമുറ ക്രെറ്റ എന്നിവയിലൂടെ ഇന്ത്യൻ എസ്.യു.വി വിപണിയിൽ കൂടുതൽ ശക്തമായ മത്സരം സൃഷ്‍ടിക്കാനാണ് ഹ്യുണ്ടായിയുടെ നീക്കം.

PREV
Read more Articles on
click me!

Recommended Stories

യുദ്ധഭീതി; ഇന്ത്യക്കാർ ഈ കാറുകൾക്ക് പിന്നാലെ, കോളടിച്ചത് മാരുതിക്ക്
പുതിയ ഭാവത്തിൽ മഹീന്ദ്ര സ്കോർപിയോ എൻ; കാത്തിരിക്കുന്നത് എന്ത്?