ഹ്യുണ്ടായിയുടെ 'പടക്കുതിര' ഇന്ത്യയില്‍ നിന്ന് കടല്‍ കടക്കുന്നു

By Web TeamFirst Published Dec 1, 2019, 5:16 PM IST
Highlights

ഇതുവരെ 90,000-ലധികം ബുക്കിങ്ങുകള്‍ ഇന്ത്യയില്‍ വെന്യുവിന് ലഭിച്ചുവെന്നും നേപ്പാള്‍, ഭൂട്ടാന്‍, മൗറീഷ്യസ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും വെന്യുവിന്റെ അവതരണം വിജയമായിരുന്നുവെന്നും ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, ഗള്‍ഫ് മേഖല എന്നിവിടങ്ങളിലേക്കും വാഹനം കയറ്റുമതി ചെയ്യാന്‍ പദ്ധതിയുണ്ടെന്നും കമ്പനി

ചെന്നൈ: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ കോംപാക്ട് എസ് യുവി വെന്യു ഇന്ത്യയില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതിക്കൊരുങ്ങുന്നു. ചെന്നൈ തുറമുഖത്തു നിന്നും 1,400 യൂണിറ്റുകളാണ് ആദ്യഘട്ടത്തില്‍ കടല്‍ കടക്കുക. ഡിസംബര്‍ രണ്ടിനാണ് വെന്യുവിനെ ദക്ഷിണാഫ്രിക്കയില്‍ അവതരിപ്പിക്കുന്നത്.

ഇതുവരെ 90,000-ലധികം ബുക്കിങ്ങുകള്‍ ഇന്ത്യയില്‍ വെന്യുവിന് ലഭിച്ചുവെന്നും നേപ്പാള്‍, ഭൂട്ടാന്‍, മൗറീഷ്യസ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും വെന്യുവിന്റെ അവതരണം വിജയമായിരുന്നുവെന്നും ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, ഗള്‍ഫ് മേഖല എന്നിവിടങ്ങളിലേക്കും വാഹനം കയറ്റുമതി ചെയ്യാന്‍ പദ്ധതിയുണ്ടെന്നും കമ്പനി വ്യക്തമാക്കി.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള പാദത്തില്‍ വെന്യുവിന്റെ 1589 യൂണിറ്റാണ് കയറ്റുമതി ചെയ്തത്. 1.0 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ എന്‍ജിനില്‍ ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍ മോഡലാണ് കയറ്റിമതി ചെയ്യുന്ന വേരിയന്റ്. 2019 മെയ് 21നാണ് വെന്യുവിനെ ഇന്ത്യന്‍ വിപണയിലെത്തിച്ചത്.

ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലും നിരത്തിലും കുതിച്ചുപായുകയാണ് വെന്യു. ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ വാഹനം ലഭിക്കാന്‍ മൂന്നു മാസത്തിലധികം കാത്തിരിക്കേണ്ട അവസ്ഥയിലാണ്.  1.0 ലിറ്റര്‍ എന്‍ജിന്‍ ഡ്യുവല്‍ ക്ലെച്ച് മോഡലിനാണ് ആവശ്യക്കാരേറെയും. 6.50 ലക്ഷം മുതല്‍ 10.84 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്‌സ്‌ഷോറൂം വില. വലിയ സാങ്കേതികവിദ്യകളുള്ള വലിയ വാഹനം എന്ന വിശേഷണം ഏറ്റവും ഇണങ്ങുന്ന വെന്യു ഇ, എസ്, എസ്എക്സ്, എസ്എക്സ് (ഓപ്ഷണല്‍) എന്നീ നാല് വകഭേദങ്ങളിലാണ് വിപണിയിലെത്തിയത്.

രണ്ട് പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനും കരുത്ത് പകരുന്ന വെന്യുവിന് ആകെ 13 വേരിയന്റുകളുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗ്, സ്പീഡ് സെന്‍സിങ് ഡോര്‍ ലോക്ക്, എബിഎസ് വിത്ത് ഇഎസ്‌സി, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവയാണ് വാഹനത്തിന് സുരക്ഷയൊരുക്കുന്നത്. 118 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും 82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 89 ബിഎച്ച്പി പവറും 220 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് വാഹനത്തിന്‍റെ കരുത്ത്.

1.0 ലിറ്റര്‍ എന്‍ജിനില്‍ ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കും മാനുവല്‍ ഗിയര്‍ബോക്‌സും 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഡീസല്‍ എന്‍ജിനില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമാണ് ട്രാന്‍സ്‍മിഷന്‍. പ്രീമിയം ഹാച്ച്ബാക്ക് വാഹനത്തിന്റെ വിലയില്‍ ലഭ്യമാകുന്ന മിനി കോംപാക്ട് എസ്യുവി എന്ന നിലയിലാണ് ഈ വാഹനം ഇന്ത്യയില്‍ ഏറെ ജനപ്രിയമായത്.

ഇതിനൊപ്പം സാങ്കേതികവിദ്യയിലൂന്നിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളും വെന്യുവിന്റെ ഹൈലൈറ്റാണ്. മാരുതി ബ്രസ, മഹീന്ദ്ര എക്‌സ്‌യുവി 300, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട്, ടാറ്റ നെക്സോണ്‍ തുടങ്ങിയവരാണ് വെന്യുവിന്‍റെ മുഖ്യ എതിരാളികള്‍.

click me!