
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പുതിയ മോഡലുകളുമായി വാഹനപ്രേമികളെ അമ്പരപ്പിക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഇതിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് സ്കോർപിയോ എൻ അടിസ്ഥാനമാക്കിയുള്ള പിക്കപ്പ് ട്രക്ക്. 2023ൽ ഗ്ലോബൽ പിക് അപ്പ് എന്ന കൺസെപ്റ്റിലൂടെ മഹീന്ദ്ര അവതരിപ്പിച്ച വാഹനത്തിന്റെ ഉൽപ്പാദന പതിപ്പ് ഓഗസ്റ്റ് 15ന് അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
മഹീന്ദ്രയുടെ ഗ്ലോബൽ പിക് അപ്പ് കൺസെപ്റ്റ് 2023ലെ സ്വാതന്ത്ര്യദിന പരിപാടിയിലാണ് ആദ്യമായി അവതരിപ്പിച്ചത്. മഹീന്ദ്ര ഇന്ത്യ ഡിസൈൻ സ്റ്റുഡിയോ രൂപകൽപ്പന ചെയ്ത ഈ പിക്കപ്പ്, പുതിയ തലമുറ ലാഡർ-ഫ്രെയിം ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. തുടർന്ന് നിരവധി തവണ പരീക്ഷണയോട്ടത്തിനിടെ വാഹനത്തിന്റെ ഉൽപ്പാദന പതിപ്പ് ക്യാമറക്കണ്ണിൽപ്പെട്ടിട്ടുണ്ട്. ഏറ്റവും പുതിയ സ്പൈ ചിത്രങ്ങളിൽ വാഹനത്തിന്റെ രൂപകൽപ്പനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
കൺസെപ്റ്റ് മോഡലിന്റെ അടിസ്ഥാന രൂപകൽപ്പന നിലനിർത്തിക്കൊണ്ടായിരിക്കും പുതിയ പിക്കപ്പ് എത്തുകയെന്നാണ് സൂചന. മഹീന്ദ്രയുടെ സിഗ്നേച്ചർ ഹെഡ്‌ലാംപ് ഡിസൈൻ, എൽഇഡി ലൈറ്റുകൾ, പുതിയ അലോയ് വീലുകൾ തുടങ്ങിയവ വാഹനത്തിലുണ്ടാകും. പരീക്ഷണ മോഡലുകളിൽ വ്യത്യസ്തമായ ഫ്രണ്ട് ഗ്രില്ലും കൂടുതൽ കരുത്തുറ്റ ബമ്പറും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വലിയ ടോ ഹുക്ക് ഉൾപ്പെടെയുള്ള ഓഫ്-റോഡ് ഡിസൈൻ ഘടകങ്ങളും വാഹനത്തിന് ലഭിച്ചേക്കും.
കൺസെപ്റ്റിൽ ഡ്യുവൽ ക്യാബ് ഡിസൈനാണ് ഉണ്ടായിരുന്നത്. എന്നാൽ നേരത്തെ പുറത്തുവന്ന ചില ടെസ്റ്റ് മ്യൂളുകളിൽ സിംഗിൾ ക്യാബും നീളമേറിയ ലോഡ് ബെഡും ശ്രദ്ധയിൽപ്പെട്ടിരുന്നു. അതേസമയം, ഏറ്റവും പുതിയ സ്പൈ ചിത്രങ്ങളിൽ ഡ്യുവൽ-ക്യാബ് ഉൽപ്പാദന പതിപ്പും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിനാൽ അന്തിമ ബോഡി കോൺഫിഗറേഷൻ മഹീന്ദ്രയുടെ ഔദ്യോഗിക അവതരണത്തിലാകും വ്യക്തമാകുക.
ഗ്ലോബൽ പിക് അപ്പ് കൺസെപ്റ്റിനെ അടിസ്ഥാനമാക്കി നോക്കുമ്പോൾ നിരവധി ആധുനിക ഫീച്ചറുകൾ പുതിയ പിക്കപ്പിൽ പ്രതീക്ഷിക്കാം. സെമി-ഓട്ടോമാറ്റിക് പാർക്കിങ്, ലെവൽ 2 എഡിഎഎസ്, 5ജി കണക്റ്റിവിറ്റി, ട്രെയിലർ സ്വേ മിറ്റിഗേഷൻ തുടങ്ങിയ സംവിധാനങ്ങൾ വാഹനത്തിൽ ഇടംപിടിച്ചേക്കും. സൺറൂഫ് ഉൾപ്പെടെയുള്ള പ്രീമിയം ഫീച്ചറുകളും ലഭിക്കാനുള്ള സാധ്യതയുണ്ട്. എസ്‌യുവിയുടെ സൗകര്യങ്ങളും പിക്കപ്പിന്റെ പ്രായോഗികതയും ഒരുമിപ്പിക്കുകയെന്നതായിരിക്കും വാഹനത്തിന്റെ പ്രധാന ലക്ഷ്യം.
എൻജിൻ സംബന്ധിച്ചും വലിയ പ്രതീക്ഷകളാണ്. ജനറേഷൻ-2, ഓൾ-അലുമിനിയം എംഹോക്ക് ഡീസൽ എൻജിനാണ് പിക്കപ്പിൽ ഉപയോഗിക്കുകയെന്ന് മഹീന്ദ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. സ്കോർപിയോ എൻ-ൽ ഉപയോഗിക്കുന്ന 2.2 ലിറ്റർ ടർബോ ഡീസൽ എൻജിന്റെ പരിഷ്കരിച്ച പതിപ്പായിരിക്കാം വാഹനത്തിന് കരുത്തേകുക. സ്കോർപിയോ എൻ-ൽ ഈ എൻജിൻ 175 ബിഎച്ച്പി വരെ കരുത്തും 400 എൻഎം ടോർക്കും നൽകുന്നുണ്ട്. പിക്കപ്പിലെ അന്തിമ ഔട്ട്പുട്ട് മഹീന്ദ്ര ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
ഓഫ്-റോഡ് ശേഷിക്ക് വലിയ പ്രാധാന്യം നൽകിയാണ് പിക്കപ്പ് ഒരുക്കുന്നത്. 4ഡബ്ല്യുഡി സംവിധാനത്തോടൊപ്പം ഷിഫ്റ്റ്-ഓൺ-ദ-ഫ്ലൈ സംവിധാനവും ലഭിക്കുമെന്നാണ് പ്രതീക്ഷ. നോർമൽ, ഗ്രാസ്-ഗ്രാവൽ-സ്നോ, മഡ്-റട്ട്, സാൻഡ് എന്നിങ്ങനെ വ്യത്യസ്ത ഡ്രൈവിങ് മോഡുകളും വാഹനത്തിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഇതോടെ വിവിധ ഭൂപ്രദേശങ്ങളിൽ വാഹനത്തിന്റെ പ്രകടനം മെച്ചപ്പെടുത്താനാകും.
ആഗോള വിപണിയെ ലക്ഷ്യമിട്ടുള്ള ലൈഫ്‌സ്റ്റൈൽ പിക്കപ്പ് ആയതിനാൽ ടൊയോട്ട ഹൈലക്സും ഇസൂസു വി-ക്രോസും പോലുള്ള മോഡലുകളുമായാകും പ്രധാന മത്സരം. ഇന്ത്യയിലും വാഹനം എത്തുമെന്ന പ്രതീക്ഷ ശക്തമാണ്. ഓഗസ്റ്റ് 15ന് നടക്കുന്ന മഹീന്ദ്രയുടെ പരിപാടിയിൽ വാഹനത്തിന്‍റെ രൂപകൽപ്പന, എൻജിൻ, ഫീച്ചറുകൾ, ബോഡി കോൺഫിഗറേഷൻ തുടങ്ങിയവ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവരുമെന്നാണ് വാഹനലോകം പ്രതീക്ഷിക്കുന്നത്.