
മഹീന്ദ്ര സ്കോർപിയോ എൻ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാണ്. പ്രതിമാസം ശരാശരി 9,773 യൂണിറ്റുകൾ വിൽപ്പന നടത്തുന്നു. നിലവിൽ, എസ്‌യുവി നിര 34 വേരിയന്റുകളിൽ ലഭ്യമാണ്. 13.99 ലക്ഷം രൂപ മുതൽ 24.69 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. ഇപ്പോഴിതാ മഹീന്ദ്ര സ്കോർപിയോ എൻ ബ്ലാക്ക് എഡിഷൻ വരും ദിവസങ്ങളിൽ ഷോറൂമുകളിൽ എത്താൻ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. കമ്പനി ഇതിനകം തന്നെ രാജ്യത്തെ എല്ലാ ഡീലർഷിപ്പുകളിലും ഈ ലിമിറ്റഡ് എഡിഷൻ വിതരണം ചെയ്യാൻ തുടങ്ങി. ഡീലർഷിപ്പ് യാർഡിൽ കണ്ടെത്തിയ മോഡലിൽ നിന്നുള്ള എല്ലാ പ്രധാന വിശദാംശങ്ങളും ഇതാ.
ഡിസൈനും ഇന്റീരിയറും
പേര് സൂചിപ്പിക്കുന്നത് പോലെ, 'ബ്ലാക്ക് എഡിഷൻ' എന്ന പേരിൽ തന്നെ രണ്ട് കറുത്ത നിറങ്ങളിലാണ് ഈ പ്രത്യേക പതിപ്പ് പുറത്തിറങ്ങുന്നത്. സ്റ്റെൽത്ത് ബ്ലാക്ക്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിവയാണവ. ഫ്രണ്ട് ഗ്രിൽ, ബമ്പർ, സൈഡ് മോൾഡിംഗ്, അലോയി വീലുകൾ, റൂഫ് റെയിലുകൾ, ഡോർ ഹാൻഡിലുകൾ, വിൻഡോ ട്രിം എന്നിവയുൾപ്പെടെ ബോഡിയിലുടനീളം ഗ്ലോസി ബ്ലാക്ക് ട്രീറ്റ്‌മെന്റ് മോഡലിനുണ്ട്. ക്യാബിനുള്ളിലും സ്‌പോർട്ടി ബ്ലാക്ക് ഡീറ്റെയിലിംഗ് ഉണ്ട്. സ്കോർപിയോ എൻ ബ്ലാക്ക് എഡിഷനിൽ പൂർണ്ണമായും കറുത്ത ഡാഷ്‌ബോർഡ്, സീറ്റ് അപ്ഹോൾസ്റ്ററി, അകത്തെ വാതിലുകൾ, മേൽക്കൂര എന്നിവ ഉണ്ടാകും.
എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകൾ
വാഹനത്തിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നും വരുത്തില്ല. മഹീന്ദ്ര സ്കോർപിയോ N ന്റെ പ്രത്യേക പതിപ്പിൽ അതേ 2.0L ടർബോ പെട്രോൾ, 2.2L എംഹോക്ക് ഡീസൽ എഞ്ചിനുകൾ ഉൾപ്പെടുത്തും, ഇവ യഥാക്രമം 370Nm-ൽ 203bhp കരുത്തും 300Nm-ൽ 130bhp കരുത്തും ഉത്പാദിപ്പിക്കുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളും മാറ്റമില്ലാതെ തുടരും - 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്. എല്ലാ പെട്രോൾ വകഭേദങ്ങളിലും 2WD സജ്ജീകരണമുണ്ട്, ഡീസൽ-മാനുവൽ വകഭേദങ്ങളിൽ ടെറൈൻ മോഡുകളുള്ള ഓപ്ഷണൽ 4WD സിസ്റ്റവുമുണ്ട്.
ഫീച്ചറുകൾ
ഈ എസ്‌യുവിയുടെ പ്രത്യേക പതിപ്പ് മിക്കവാറും ടോപ്പ്-എൻഡ് Z8 L ട്രിമ്മിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. അതായത് വയർലെസ് ചാർജിംഗ്, 12 സ്പീക്കർ സോണി സൗണ്ട് സിസ്റ്റം, പവർഡ് ഫ്രണ്ട് സീറ്റുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പുഷ് ബട്ടൺ സ്റ്റാർട്ട്, 4WD ടെറൈൻ മാനേജ്‌മെന്റ് സിസ്റ്റം, ലെതറെറ്റ് ഇന്റീരിയർ, സൺറൂഫ്, കണക്റ്റഡ് കാർ ടെക്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡ്രൈവ് മോഡുകൾ, ആമസോൺ അലക്‌സയോടുകൂടിയ ഇൻഫോടെയ്ൻമെന്റ്, 7 ഇഞ്ച് MID തുടങ്ങി എസ്‌യുവി മോഡൽ നിരയിൽ ലഭ്യമായ എല്ലാ ഫീച്ചറുകളും ഇത് നൽകും.