
2024 ന്റെ തുടക്കത്തിൽ പുറത്തിറക്കിയ ടാറ്റ പഞ്ച് ഇവി, ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങളിൽ ഒന്നാണ്. ഈ വിഭാഗത്തിൽ കമ്പനിക്ക് മികച്ച വിപണി വിഹിതം നേടാൻ പഞ്ച് സഹായിച്ചു. പ്രീമിയം, പ്രായോഗികത, ഒന്നിലധികം ബാറ്ററി ഓപ്ഷനുകൾ, ഫീച്ചർ-ലോഡഡ് ഇന്റീരിയർ, ശക്തമായ സുരക്ഷാ സവിശേഷതകൾ തുടങ്ങിയ കാരണങ്ങളാൽ ഈ കോംപാക്റ്റ് ഇലക്ട്രിക് എസ്‌യുവി ജനപ്രിയമാണ്. ഇപ്പോഴിതാ മാരുതിയുടെ ആധിപത്യത്തെ വെല്ലുവിളിക്കാൻ ലക്ഷ്യമിട്ട്, മാരുതി സുസുക്കിയും ഹ്യുണ്ടായിയും രണ്ട് കോംപാക്റ്റ് ഇവികൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഫ്രോങ്ക്സ് ഇവിയും ഇൻസ്റ്റർ ഇവിയും ആണ് ഈ മോഡലുകൾ. വരാനിരിക്കുന്ന ടാറ്റ പഞ്ച് ഇവി എതിരാളികളുടെ ഔദ്യോഗിക ലോഞ്ച് തീയതികളും വിശദാംശങ്ങളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും മാരുതി ഫ്രോങ്ക്സ് ഇവി 2027 ൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ഹ്യുണ്ടായി ഇൻസ്റ്റർ ഇവി 2026 ൽ ഇന്ത്യൻ നിരത്തുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന ഈ പഞ്ച് ഇവി എതിരാളികളുടെ പ്രധാന വിശദാംശങ്ങൾ ഇതാ.
ഹ്യുണ്ടായി ഇൻസ്റ്റർ ഇവി
ഇ-ജിഎംപി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഹ്യുണ്ടായിയുടെ ഇന്ത്യയിലെ എൻട്രി ലെവൽ ഇലക്ട്രിക് ഓഫറായിരിക്കും ഇൻസ്റ്റർ ഇവി. HE1i എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ കോംപാക്റ്റ് ഇവി കമ്പനിയുടെ ശ്രീപെരുംപുത്തൂരിലെ പ്ലാന്റിൽ എക്സൈഡിൽ നിന്ന് പ്രാദേശികമായി ലഭിക്കുന്ന ബാറ്ററികൾ ഉപയോഗിച്ച് നിർമ്മിക്കും. ആഗോളതലത്തിൽ, ഹ്യുണ്ടായി ഇൻസ്റ്റർ ഇവി രണ്ട് എൻഎംസി ബാറ്ററി പായ്ക്കുകളിൽ ലഭ്യമാണ് . ഇവ യഥാക്രമം 300 കിമി, 355 കിമി എന്നിങ്ങനെ അവകാശപ്പെടുന്ന WLTP റേഞ്ച് നൽകുന്നു. ഇന്ത്യ-സ്പെക്ക് മോഡൽ ഒരേ സെറ്റ് ബാറ്ററികളുമായി വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.
മറ്റ് ഹ്യുണ്ടായി കാറുകളെപ്പോലെ, നിരവധി പ്രീമിയം സവിശേഷതകളാൽ നിറഞ്ഞതായിരിക്കും ഹ്യുണ്ടായി ഇൻസ്റ്റർ ഇവിയും . അതിൽ എഡിഎഎസ് സ്യൂട്ട്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് ഉള്ള 360-ഡിഗ്രി ക്യാമറ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റിനായി ഡ്യുവൽ 10.25 ഇഞ്ച് ഡിസ്‌പ്ലേകൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടുന്നു.
മാരുതി ഫ്രോങ്ക്സ് ഇവി
2030 ഓടെ ആറ് ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാനുള്ള പദ്ധതികൾ മാരുതി സുസുക്കി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള സിലൗറ്റ് ടീസറുകൾ കമ്പനി ഇതിനകം പുറത്തുവിട്ടിട്ടുണ്ട്. അവയിൽ ഇ വിറ്റാര, വാഗൺആർ ഇവി, ഫ്രോങ്ക്സ് ഇവി, ഹസ്റ്റ്ലർ ഇവി, സ്വിഫ്റ്റ് ഇവി, ഒരു പ്രീമിയം കോംപാക്റ്റ് ഇവി എന്നിവ ഉൾപ്പെടാൻ സാധ്യതയുണ്ട്.
മാരുതി ഫ്രോങ്ക്സ് ഇവിയുടെ മുന്നിലെ ഗ്രിൽ, ഡിആർഎൽ, അലോയ് വീലുകൾ എന്നിവയിൽ ചില ഇവി അനുസൃത ഡിസൈൻ മാറ്റങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ, മോഡലിനെക്കുറിച്ച് പരിമിതമായ വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. ഒന്നിലധികം ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ ഇതിന് വാഗ്‍ദാനം ചെയ്യാമെന്നും 350 കിലോമീറ്റർ മുതൽ 400 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് വാഗ്‍ദാനം ചെയ്യുമെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.