
കശ്മീരിലേക്ക് ഇന്ത്യൻ റെയിൽവേ വഴി വാഹനങ്ങൾ കൊണ്ടുപോകുന്നത് ആരംഭിച്ചതായി രാജ്യത്തെ ഒന്നാം നമ്പർ വാഹന ബ്രൻഡായ മാരുതി സുസുക്കി ഇന്ത്യ പ്രഖ്യാപിച്ചു. ഇതോ ജമ്മു കശ്മീരിലേക്ക് റെയിൽ മാർഗം കാറുകൾ അയക്കുന്ന ആദ്യ വാഹന നിർമ്മാണ കമ്പനിയായി മാരുതി സുസുക്കി മാറി. ബ്രെസ, ഡിസയർ , വാഗൺആർ, എസ്-പ്രസോ എന്നിവ ഉൾപ്പെടെ 100ൽ അധികം മാരുതി കാറുകളാണ് ഹരിയാനയിലെ മനേസർ പ്ലാന്‍റിലെ റെയിൽവേ സൈഡിംഗിൽ നിന്ന് ജമ്മു ആൻഡ് കശ്‍മീരിലെ പുതുതായി തുറന്ന അനന്ത്നാഗ് റെയിൽവേ ടെർമിനലിലേക്ക് അയച്ചത്. കമ്പനിയുടെ ഈ നീക്കം ലോജിസ്റ്റിക്സ് ലളിതമാക്കുക മാത്രമല്ല, പ്രദേശത്തെ കണക്റ്റിവിറ്റിയും ഡെലിവറി ശേഷിയും ശക്തിപ്പെടുത്തുകയും ചെയ്യും.
മാരുതി കാറുകളുമായി ട്രെയിൻ 850 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ച് ചെനാബ് നദിക്ക് കുറുകെയുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലം കടന്നുപോയതായി കമ്പനി പറയുന്നു. മേഖലയിലെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും ലോജിസ്റ്റിക്സ് ലളിതമാക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഈ അവസരത്തിൽ, എംഎസ്‌ഐഎൽ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി തകേച്ചി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞു. ഈ പദ്ധതി മേഖലയിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ കമ്പനിയെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഈ റെയിൽ ലിങ്കിനെ ഒരു ഗെയിം ചേഞ്ചർ എന്ന് വിശേഷിപ്പിച്ചു.
മാരുതി സുസുക്കിയുടെ കഴിഞ്ഞ മാസങ്ങളിലെ വിൽപ്പന റിപ്പോർട്ടും ശ്രദ്ധേയമായിരുന്നു. സെപ്റ്റംബറിൽ ആകെ 189,665 യൂണിറ്റുകൾ വിറ്റു, അതിൽ ആഭ്യന്തര വിപണിയിൽ 135,711 ഉം മറ്റ് കമ്പനികൾക്ക് 11,750 ഉം കയറ്റുമതിക്ക് 42,204 ഉം ഉൾപ്പെടുന്നു. ആഗോള ഡിമാൻഡ് പ്രതിഫലിപ്പിക്കുന്ന റെക്കോർഡ് കയറ്റുമതിയും കമ്പനി നേടി. സമീപകാല ജിഎസ്‍ടി പരിഷ്‍കാരങ്ങളും ഉത്സവങ്ങളും കാരണം , നവരാത്രിയുടെ ആദ്യ എട്ട് ദിവസങ്ങളിൽ 165,000 യൂണിറ്റുകളുടെ റെക്കോർഡ് ഡെലിവറികൾ കൈവരിക്കാൻ സാധിച്ചു.
കശ്‍മീർ താഴ്‌വരയിലേക്ക് വിശ്വസനീയമായ കണക്റ്റിവിറ്റി നൽകുന്നതിനുള്ള ഇന്ത്യൻ റെയിൽവേയുടെ സംരംഭത്തിന്റെ ഭാഗമാണ് ഈ ഓട്ടോമൊബൈൽ റേക്ക് വരുന്നതെന്ന് നോർത്തേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഹിമാൻഷു ശേഖർ ഉപാധ്യായ പറഞ്ഞു. ഇത് കശ്മീരിലെ വ്യാവസായിക, വാണിജ്യ ലോജിസ്റ്റിക്‌സിന് പുതിയ വഴികൾ തുറക്കുകയും റോഡ് ഗതാഗതത്തെ ആശ്രയിക്കുന്നത് കുറയ്ക്കുകയും വിതരണ ശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് കശ്മീരിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും മേഖലയിലെ സാമ്പത്തിക വികസനം വർദ്ധിപ്പിക്കുകയും ചെയ്യും.
2013 ൽ ഓട്ടോമൊബൈൽ ഫ്രൈറ്റ് ട്രെയിൻ ഓപ്പറേറ്റർ (AFTO) ലൈസൻസ് നേടിയ ആദ്യത്തെ വാഹന നിർമ്മാതാക്കളാണ് ഇന്ത്യൻ ഓട്ടോ ഭീമനായ മാരുതി സുസുക്കി. കൂടാതെ 2015 സാമ്പത്തിക വർഷം മുതൽ ഇന്ത്യൻ റെയിൽവേ ഉപയോഗിച്ച് 2.6 ദശലക്ഷത്തിലധികം വാഹനങ്ങൾ മാരുതി സുസുക്കി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് അയച്ചിട്ടുണ്ട്.