മാരുതിയുടെ പുതിയ യുഗം: 35,000 കോടിയുടെ വമ്പൻ പ്ലാന്‍റ് തുറന്ന് പ്രധാനമന്ത്രി

Published : Jul 04, 2026, 03:39 PM IST
Modi Maruti Plant

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയിലെ ഖാർഖോദയിൽ മാരുതി സുസുക്കിയുടെ പുതിയ വാഹന നിർമാണ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. പ്രതിവർഷം 10 ലക്ഷം വാഹനങ്ങൾ നിർമിക്കാൻ ശേഷിയുള്ള ഈ പ്ലാന്റ്, 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് വലിയ കരുത്തേകും. ഈ പദ്ധതിയിലൂടെ 21,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

രാജ്യത്തെ വാഹന നിർമാണ രംഗത്തിന് പുതിയ കരുത്തേകുന്ന പദ്ധതിയായി ഹരിയാനയിലെ ഐഎംടി ഖാർഖോദയിൽ സ്ഥാപിച്ച മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ അത്യാധുനിക വാഹന നിർമാണ പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ–ജപ്പാൻ സംയുക്ത സാമ്പത്തിക ഫോറത്തിനിടെ വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ഉദ്ഘാടനം. ജപ്പാൻ പ്രധാനമന്ത്രി സനായെ തകൈച്ചിയും ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയിൽ നാല് പതിറ്റാണ്ടിലേറെ നീണ്ട മാരുതി സുസുക്കിയുടെ പ്രവർത്തന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്.

സുസുക്കി മോട്ടോർ കോർപ്പറേഷന്റെ പ്രതിനിധി ഡയറക്ടറും പ്രസിഡന്റുമായ തോഷിഹിറോ സുസുക്കി, മാരുതി സുസുക്കി ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകെഉച്ചി എന്നിവരും കേന്ദ്ര സർക്കാർ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായി.

പൂർണ ശേഷിയിലെത്തുമ്പോൾ പ്രതിവർഷം 10 ലക്ഷം വാഹനങ്ങൾ നിർമിക്കാനാകുന്ന ശേഷിയാണ് ഖാർഖോദ പ്ലാന്റിനുണ്ടാകുക. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമാണ കേന്ദ്രങ്ങളിൽ ഒന്നായി ഇത് മാറും. കമ്പനിയുടെ പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ നിർമിക്കാനുള്ള ദീർഘകാല ലക്ഷ്യത്തിൽ ഈ പ്ലാന്റ് നിർണായക പങ്കുവഹിക്കുമെന്നും മാരുതി സുസുക്കി വ്യക്തമാക്കി. ഈ പദ്ധതിക്കായി മൊത്തം 35,000 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. പ്ലാന്റ് പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ 21,000-ത്തിലധികം പേർക്ക് നേരിട്ടും പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

ഉദ്ഘാടന വേളയിൽ സംസാരിച്ച തോഷിഹിറോ സുസുക്കി, ഖാർഖോദയിലെ അത്യാധുനിക പ്ലാന്റിന്റെ ഉദ്ഘാടനം സുസുക്കി ഗ്രൂപ്പിന് അഭിമാന നിമിഷമാണെന്ന് പറഞ്ഞു. നിലവിൽ അഞ്ച് ലക്ഷം വാഹനങ്ങളുടെ വാർഷിക ഉൽപാദന ശേഷിയുള്ള പ്ലാന്റ് പിന്നീട് 10 ലക്ഷം യൂണിറ്റായി വികസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ–ജപ്പാൻ സഹകരണത്തിന്റെയും 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെയും വിജയത്തിന്റെ തെളിവാണ് ഈ സംരംഭമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ രൂപപ്പെട്ട അനുകൂല നയപരമായ അന്തരീക്ഷം കൂടുതൽ നിക്ഷേപത്തിനും തൊഴിൽ സൃഷ്ടിക്കും കയറ്റുമതി വർധനയ്ക്കും സാങ്കേതിക വികസനത്തിനും വഴിയൊരുക്കുകയാണെന്നും സുസുക്കി പറഞ്ഞു. 

കമ്പനിയുടെ ആദ്യ ബാറ്ററി ഇലക്ട്രിക് എസ്‌യുവിയായ ഇ-വിറ്റാര ഗുജറാത്തിലെ മാരുതി സുസുക്കി പ്ലാന്റിൽ മാത്രമാണ് നിർമിക്കുന്നത്. ഇവിടെനിന്ന് ലോകത്തെ 100 രാജ്യങ്ങളിലേക്കാണ് വാഹനം കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയിൽ നിർമിക്കുന്ന വാഹനങ്ങളുടെ കയറ്റുമതി വർധിച്ചതോടെ ജപ്പാനിലേക്ക് ഏറ്റവും കൂടുതൽ കാറുകൾ ഇറക്കുമതി ചെയ്യുന്ന കമ്പനിയായി സുസുക്കി മാറിയതായും അദ്ദേഹം വ്യക്തമാക്കി. 'മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്' എന്ന ആശയം യാഥാർഥ്യമാകുന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ നേട്ടമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

ഡീസൽ കരുത്തിൽ സൂപ്പർബ്; സ്കോഡയുടെ ഗംഭീര തിരിച്ചുവരവ്?
അതിവേഗ കൊടുങ്കാറ്റായി ലംബോർഗിനി റെവൽറ്റോ എസ്‌വി