
ചെക്ക് വാഹന ബ്രാൻഡായ സ്കോഡ ഓട്ടോ ഈ വർഷം നാല് പുതിയ മോഡലുകൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി റിപ്പോട്ട്. അതിൽ കുഷാഖ്, സ്ലാവിയ എന്നിവയുടെ ഫെയ്‌സ്‌ലിഫ്റ്റുകൾ, നാലാം തലമുറ സൂപ്പർബ്, ഒക്ടാവിയ ആർഎസ് തുടങ്ങിയ മോഡലുകൾ ഉൾപ്പെടുന്നു. വരാനിരിക്കുന്ന ഈ സ്കോഡ കാറുകളുടെ പ്രധാന വിശദാംശങ്ങൾ നോക്കാം.
സ്കോഡ ഒക്ടാവിയ ആർഎസ്
ഈ വർഷത്തെ ദീപാവലി സീസണിൽ 50 ലക്ഷം രൂപ വിലയിൽ സ്‌പോർട്ടി സ്‌കോഡ ഒക്ടാവിയ ആർഎസ് എത്തും. 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനായിരിക്കും ഈ പെർഫോമൻസ് സെഡാന് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ പരമാവധി 265 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കും. വെറും 6.4 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയുമെന്നും 250 കിലോമീറ്റർ വേഗത കൈവരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. കോൺട്രാസ്റ്റിംഗ് റെഡ് സ്റ്റിച്ചിംഗ്, കാർബൺ ഡെക്കർ എന്നിവയുള്ള സ്‌പോർട്‌സ് സീറ്റുകളും നിരവധി നൂതന സവിശേഷതകളുമായാണ് ഒക്ടാവിയ ആർഎസ് വരുന്നത്.
2025 സ്കോഡ കുഷാഖ്/സ്ലാവിയ ഫെയ്‌സ്‌ലിഫ്റ്റുകൾ
അപ്ഡേറ്റ് ചെയ്ത കുഷാഖ് എസ്‌യുവിയുടെയും സ്ലാവിയ സെഡാന്റെയും ഔദ്യോഗിക ലോഞ്ച് തീയതിയും വിശദാംശങ്ങളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, രണ്ട് മോഡലുകളും വരും മാസങ്ങളിൽ ഷോറൂമുകളിൽ എത്താൻ സാധ്യതയുണ്ട്. പുറംഭാഗത്ത് കുറഞ്ഞ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. ഉള്ളിൽ, 2025 കുഷാഖിന് 360-ഡിഗ്രി ക്യാമറ, ഒരു എഡിഎഎസ് സ്യൂട്ട്, അപ്‌ഡേറ്റ് ചെയ്ത കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവ വാഗ്ദാനം ചെയ്തേക്കാം. രണ്ട് മോഡലുകളിലും 114bhp, 1.0L ടർബോ, 148bhp, 1.5L ടർബോ പെട്രോൾ എഞ്ചിനുകൾ തുടരും.
പുതിയ സ്കോഡ സൂപ്പർബ്
2025 ലെ ഉത്സവ സീസണിൽ നാലാം തലമുറ സൂപ്പർബ് ഇന്ത്യയിലെത്തും. എക്സിക്യൂട്ടീവ് സെഡാൻ സിബിയു റൂട്ടിലൂടെയാണ് കൊണ്ടുവരുന്നത്. കൂടാതെ ഉയർന്ന നിലവാരമുള്ള എൽ ആൻഡ് കെ ട്രിമ്മിന് ഏകദേശം 54 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്നു. 2.0L ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുമായി ഇത് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അതിന്റെ പുറംഭാഗത്തും ഇന്റീരിയറിലും പ്രധാന മാറ്റങ്ങൾ വരുത്തും.