
രാജ്യത്തെ മിഡ് സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റയുടെ ആധിപത്യത്തെ വെല്ലുവിളിക്കുക എന്ന ലക്ഷ്യത്തോടെ, മാരുതി സുസുക്കിയും ടാറ്റ മോട്ടോഴ്‌സും പുതിയ മോഡലുകളെ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. പുതിയ ടാറ്റ സിയറയും മാരുതി സുസുക്കി എസ്‌ക്യുഡോയും ആണ് ഈ മോഡലുകൾ. മാരുതി എസ്‌ക്യുഡോയുടെ ഔദ്യോഗിക വില പ്രഖ്യാപനം സെപ്റ്റംബർ മൂന്നിന് നടക്കും. അതേസമയം ടാറ്റ സിയറ 2025 ഒക്ടോബർ അല്ലെങ്കിൽ നവംബറിൽ ഷോറൂമുകളിൽ എത്തും. വരാനിരിക്കുന്ന ഈ രണ്ട് ഹ്യുണ്ടായി ക്രെറ്റ എതിരാളി എസ്‌യുവികളുടെ പ്രധാന വിശദാംശങ്ങൾ നമുക്ക് നോക്കാം.
ടാറ്റ സിയറ
ഈ വർഷത്തെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ എസ്‌യുവി ലോഞ്ചുകളിൽ ഒന്നാണ് ടാറ്റ സിയറ . തുടക്കത്തിൽ, ഹാരിയർ ഇവിയിൽ നിന്ന് കടമെടുത്ത ഇലക്ട്രിക് പവർട്രെയിനോടുകൂടിയായിരിക്കും ഈ മോഡൽ വാഗ്ദാനം ചെയ്യുന്നത്. പെട്രോൾ, ഡീസൽ പതിപ്പുകൾ അടുത്ത വർഷം ആദ്യം പുറത്തിറങ്ങും. റിപ്പോർട്ടുകൾ പ്രകാരം, സിയറ പെട്രോൾ തുടക്കത്തിൽ പൂർണ്ണമായും പുതിയ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുക. ഇത് മത്സരാധിഷ്‍ഠിത പ്രാരംഭ വില നൽകാൻ ടാറ്റയെ സഹായിക്കുന്നു. ടർബോചാർജ്‍ഡ് 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ പിന്നീടുള്ള ഘട്ടത്തിൽ നിരയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
ട്രിപ്പിൾ സ്‌ക്രീൻ സജ്ജീകരണം, ബിൽറ്റ്-ഇൻ ഡാഷ്‌ക്യാം, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ, മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗ്, ലെവൽ-2 എഡിഎഎസ്, 360-ഡിഗ്രി ക്യാമറ, ഹിൽ ഹോൾഡ്/ഡിസെന്റ് കൺട്രോൾ, ഇഎസ്‍പി തുടങ്ങി നിരവധി പ്രീമിയം സവിശേഷതകൾ ടാറ്റ സിയറയിൽ ഉണ്ടായിരിക്കും എന്നാണ് റിപ്പോട്ടുകൾ.
മാരുതി എസ്ക്യുഡോ
പുതിയ മാരുതി മിഡ്‌സൈസ് എസ്‌യുവിക്ക് ലോഞ്ച് സമയത്ത് ഒരു പുതിയ പേര് ലഭിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ മോഡൽ ഇപ്പോൾ മാരുതി എസ്‌ക്യുഡോ എന്നാണ് വ്യാപകമായി അറിയപ്പെടുന്നത്. ഗ്രാൻഡ് വിറ്റാരയെ അടിസ്ഥാനമാക്കിയുള്ള മാരുതിയുടെ അരീന പോർട്ട്‌ഫോളിയോയിലെ പുതിയ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായിരിക്കും ഇത്. എന്നാൽ ലെവൽ 2 എഡിഎഎസ്, ഡോൾബി അറ്റ്‌മോസ് ടെക്, ഒരു പവർഡ് ടെയിൽഗേറ്റ്, ഫോർ വീൽ ഡ്രൈവ് സിസ്റ്റം തുടങ്ങിയവ ഉൾപ്പെടെ നിരവധി സെഗ്‌മെന്റ്-ഫസ്റ്റ് സവിശേഷതകൾ ഈ കാർ വാഗ്‍ദാനം ചെയ്യും. അണ്ടർബോഡി സിഎൻജി കിറ്റ് ഉൾക്കൊള്ളുന്ന ആദ്യത്തെ മാരുതി സുസുക്കി കാർ കൂടിയായിരിക്കും എസ്‌ക്യുഡോ. മാരുതി ഗ്രാൻഡ് വിറ്റാരയുമായി എസ്ക്യൂഡോ പവർട്രെയിനുകൾ പങ്കിടാൻ സാധ്യതയുണ്ട്. അതായത്, 103 ബിഎച്ച്പി, 1.5 ലിറ്റർ പെട്രോൾ, 116 ബിഎച്ച്പി, 1.5 ലിറ്റർ ആറ്റ്കിൻസൺ സൈക്കിൾ പെട്രോൾ ഹൈബ്രിഡ്, സിഎൻജി എഞ്ചിൻ ഓപ്ഷനുകളിൽ ഇത് വരും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ ലഭ്യമാകും.