
നവംബറിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറായിരുന്ന ടാറ്റ നെക്‌സോൺ ഉടൻ തന്നെ പുതിയ രൂപത്തിൽ അനാച്ഛാദനം ചെയ്‌തേക്കാം. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ കാർ നിർമ്മാതാവ് 2026-ൽ സിയറ ഇവി, ഹാരിയർ, സഫാരി പെട്രോൾ എസ്‌യുവികൾ, പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ്, പുതുതലമുറ നെക്‌സോൺ എന്നിവയുൾപ്പെടെ നിരവധി പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.
പുതിയ തലമുറ ടാറ്റ നെക്‌സോൺ പ്രൊജക്റ്റ് ഗരുഡ എന്ന രഹസ്യനാമത്തിൽ 2026 അവസാനമോ 2027 ന്‍റെ തുടക്കത്തിലോ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഔദ്യോഗിക സവിശേഷതകളും വിശദാംശങ്ങളും ലോഞ്ചിന് തൊട്ടുമുമ്പ് വെളിപ്പെടുത്തും. 2026 ടാറ്റ നെക്‌സോണിനെക്കുറിച്ച് ഇതുവരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, നെക്‌സോണിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകും.
ഏറ്റവും വലിയ മാറ്റം അതിന്റെ പ്ലാറ്റ്‌ഫോമായിരിക്കും. പുതിയ തലമുറ നെക്‌സോൺ ഒരു പുതിയ പ്ലാറ്റ്‌ഫോമിലാണ് നിർമ്മിക്കുന്നത്. നിലവിലുള്ള X1 പ്ലാറ്റ്‌ഫോമിന്റെ ഗണ്യമായ പരിഷ്‌ക്കരണമായിരിക്കാം ഇത്. വ്യത്യസ്‍ത ബോഡി സ്റ്റൈലുകളും ആധുനിക സാങ്കേതികവിദ്യയും ഈ പ്ലാറ്റ്‌ഫോമിൽ നിറഞ്ഞിരിക്കുന്നു. അകത്തും പുറത്തും പ്രധാന മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. 2026 ടാറ്റ നെക്‌സോൺ കമ്പനിയുടെ പുതിയ ഡിസൈൻ ഭാഷ അവതരിപ്പിക്കും. കൂടാതെ സമീപകാല ടാറ്റ കാറുകളിൽ നിന്ന് ചില ഡിസൈൻ ഘടകങ്ങൾ കടമെടുത്തേക്കാം.
എഞ്ചിൻ ഓപ്ഷനുകൾ വലിയതോതിൽ മാറ്റമില്ലാതെ തുടരാൻ സാധ്യതയുണ്ട്. 2026 ടാറ്റ നെക്‌സോണിൽ നിലവിലുള്ള 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് 120 PS പവറും 170 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. എന്നിരുന്നാലും, വരാനിരിക്കുന്ന BS7 എമിഷൻ മാനദണ്ഡങ്ങൾ കാരണം, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ അടുത്ത തലമുറയിലേക്ക് കൊണ്ടുപോകുമോ എന്ന് വ്യക്തമല്ല. മുമ്പത്തെപ്പോലെ ഒരു സിഎൻജി ഓപ്ഷൻ ലഭ്യമാകും.
പ്രധാന ഡിസൈൻ മാറ്റങ്ങൾ, പുതിയ സവിശേഷതകൾ, മെക്കാനിക്കൽ അപ്‌ഗ്രേഡുകൾ എന്നിവ കണക്കിലെടുക്കുമ്പോൾ, 2026 ടാറ്റ നെക്‌സോണിന്റെ വിലയിൽ ഗണ്യമായ വർദ്ധനവ് കാണാൻ കഴിയും. നിലവിലെ മോഡലിന്റെ എക്‌സ്-ഷോറൂം വില 7.32 ലക്ഷം മുതൽ 14.15 ലക്ഷം വരെയാണ്. പുതിയ നെക്‌സോൺ ഏകദേശം എട്ട് ലക്ഷം മുതൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉയർന്ന വകഭേദത്തിന് 17 ലക്ഷം വരെ വില പ്രതീക്ഷിക്കുന്നു.