ജൂണിൽ 8,012 കാറുകൾ വിറ്റ് നിസാൻ ഇന്ത്യ , മാഗ്നൈറ്റ് തന്നെ കരുത്ത്

By Web TeamFirst Published Jul 2, 2022, 12:30 PM IST
Highlights

2022 ജൂണിൽ 8,012 വാഹനങ്ങളുടെ മൊത്ത വിൽപ്പന രേഖപ്പെടുത്തിയതായി ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ ഇന്ത്യ വെള്ളിയാഴ്ച പ്രഖ്യാപിച്ചു

2022 ജൂണിൽ 8,012 വാഹനങ്ങളുടെ മൊത്ത വിൽപ്പന രേഖപ്പെടുത്തിയതായി ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ ഇന്ത്യ (Nissan India ) വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ആഭ്യന്തര വിപണിയിൽ 3,515 യൂണിറ്റുകൾ വിറ്റഴിച്ചതായും കഴിഞ്ഞ മാസം കയറ്റുമതി 4,497 യൂണിറ്റായിരുന്നുവെന്നും കമ്പനി അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ഡിസംബറിൽ ലോഞ്ച് ചെയ്‍തതിനുശേഷം ഇന്ത്യയിൽ മൊത്തം 50,000 യൂണിറ്റുകൾ വിതരണം ചെയ്‍ത മാഗ്നൈറ്റ് കോംപാക്റ്റ് എസ്‌യുവിയാണ് മികച്ച വിൽപ്പന പ്രകടനത്തിന് കാരണമെന്ന് വാഹന നിർമ്മാതാവ് അവകാശപ്പെട്ടു.

വിവിധ കാരണങ്ങളാലുള്ള വിതരണ ശൃംഖലയിലെ വെല്ലുവിളികൾക്കിടയിലും ആഭ്യന്തര, കയറ്റുമതി മൊത്തവ്യാപാരത്തിൽ നിസ്സാൻ ആദ്യ പാദത്തിൽ 20 ശതമാനം വളർച്ച നേടിയതായി വിൽപ്പന പ്രകടനത്തെക്കുറിച്ച് സംസാരിച്ച നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. 16,000-ത്തിലധികം ബുക്കിംഗുകളുമായി മാഗ്നൈറ്റ് മികച്ച പ്രകടനം കാഴ്‍ചവയ്ക്കുന്നത് തുടരുകയാണെന്നും കമ്പനി പറയുന്നു. വരും മാസങ്ങളിൽ സപ്ലൈ വശത്ത് മെച്ചപ്പെടുത്തലുകൾ കാണുന്നുണ്ട് എന്നും കൂടുതൽ ഉപഭോക്താക്കൾക്ക് സേവനം നൽകാൻ കഴിയുമെന്നും കമ്പനി പറയുന്നു.

വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ, നിസ്സാൻ ഇന്ത്യ നിലവിൽ ഒരു സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ വാഗ്ദാനം ചെയ്യുന്നു, അത് ഉപഭോക്താക്കൾക്ക് 'വൈറ്റ് പ്ലേറ്റ്' ഉള്ള വാഹനം സ്വന്തമാക്കാനും ഡൽഹി എൻസിആർ, മുംബൈ, പൂനെ, ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ "ബൈ ബാക്ക് ഓപ്‌ഷനും" നൽകാനും സഹായിക്കുന്നു.

Read more:ജനപ്രിയം വാക്കിലല്ല, കണക്കിൽ തന്നെ; രാജ്യത്ത് ഒരുലക്ഷം ബുക്കിംഗ് രജിസ്റ്റർ ചെയ്ത് മാഗ്‌നൈറ്റ്

എന്താണ് നിസാന്‍ മാഗ്നൈറ്റ്?

മാഗ്‌നൈറ്റ് രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുത്തത് ഇന്ത്യയിലാണ്.  നിസാൻ നെക്സ്റ്റ് ട്രാൻസ്ഫോർമേഷൻ പ്ലാനിന് കീഴിൽ പുറത്തിറക്കുന്ന ആദ്യത്തെ ആഗോള ഉൽപ്പന്നമായ മാഗ്നൈറ്റിനെ 2020 ഡിസംബര്‍ ആദ്യവാരമാണ് നിസാൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്.  XE,XL,XV,XV പ്രീമിയം എന്നീ നാല് വേരിയന്റുകളില്‍ 20 ഗ്രേഡുകളായാണ് നിസാന്‍ മാഗ്‌നൈറ്റ് വിപണിയില്‍ എത്തിയത്. 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്' എന്ന ആശയത്തില്‍ ഇന്ത്യയിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത് എന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത. നിസാന്‍ നെക്സ്റ്റ് സ്ട്രാറ്റജിക്ക് കീഴിലുള്ള കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമാണിത്. നിസാന്റെ ഏറ്റവും പുതിയ ഇന്റലിജന്റ് മൊബിലിറ്റി സാങ്കേതികവിദ്യ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. 1.0 ലിറ്റർ B4D നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.0 ലിറ്റർ HRA0 ടർബോ-പെട്രോൾ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളോടെയാണ് വാഹനം പുറത്തിറക്കിയത്.  

നിസാൻ മാഗ്നൈറ്റ്- എഞ്ചിൻ, ഗിയർബോക്സ് വിശദാംശങ്ങൾ

രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ നിസാൻ മാഗ്‌നൈറ്റ് ലഭ്യമാണ്. ആദ്യത്തേത് 72 എച്ച്പി, 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ, രണ്ടാമത്തേത് 100 എച്ച്പി, 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ, ടർബോ-പെട്രോൾ യൂണിറ്റാണ്. രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി 5-സ്പീഡ് മാനുവൽ ഗിയർബോക്സിൽ ലഭ്യമാണ്. ഒരു CVT ഓട്ടോമാറ്റിക് ഗിയർബോക്‌സിന്റെ തിരഞ്ഞെടുപ്പിനൊപ്പം ടർബോ-പെട്രോൾ വാഗ്ദാനം ചെയ്യുന്നു (ഇത് 152Nm ടോർക്ക് ഉത്പാദിപ്പിക്കുന്നു - മാനുവലിനേക്കാൾ 8Nm കുറവ്). XE, XL, XV എക്സിക്യൂട്ടീവ്, XV, XV പ്രീമിയം എന്നിങ്ങനെ അഞ്ച് വകഭേദങ്ങളിൽ മാഗ്നൈറ്റ് ലഭ്യമാണ്. നിലവിൽ മിക്ക നഗരങ്ങളിലും മാഗ്‌നൈറ്റിനായുള്ള കാത്തിരിപ്പ് കാലയളവ് നീളുന്നു.

Read more:നിസാൻ മോട്ടോർ ഇന്ത്യയ്ക്ക് പുതിയ കോർപ്പറേറ്റ് ഹെഡ്ക്വാർട്ടേഴ്‍സ്

നിസാൻ മാഗ്നൈറ്റ് - സുരക്ഷ

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നാണ് നിസാൻ മാഗ്നൈറ്റ്. ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ സബ് കോംപാക്ട് എസ്‌യുവിക്ക് ഫോർ സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചു.

click me!