
ഇന്ത്യയിലെ പ്രാദേശിക ഉൽപ്പാദനത്തിൽ സ്കോഡ ഓട്ടോ ഫോക്സ്വാഗൺ ഇന്ത്യ (SAVWIPL) ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. ഇന്ത്യയിലെ 25 വർഷത്തെ സാന്നിധ്യത്തിൽ കമ്പനി രണ്ട് ദശലക്ഷം യൂണിറ്റുകളുടെ നിർമ്മാണ നാഴികക്കല്ല് പിന്നിട്ടു. ഇതൊരു പ്രധാന നേട്ടമാണ്. ശ്രദ്ധേയമായി, ഈ കാറുകളിൽ 500,000-ത്തിലധികം ഇന്ത്യ വികസിപ്പിച്ച MQB-A0-IN പ്ലാറ്റ്‌ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് സ്കോഡ കുഷാഖ്, സ്ലാവിയ, കൈലോക്ക്, ഫോക്സ്വാഗൺ ടൈഗൺ, വിർട്ടസ് തുടങ്ങിയ ജനപ്രിയ കാറുകൾക്ക് അടിത്തറയിടുന്നു. കഴിഞ്ഞ മൂന്നരവർഷത്തിനുള്ളിൽ മാത്രം അര ദശലക്ഷം യൂണിറ്റുകൾ നിർമ്മിച്ചതായി കമ്പനി പറയുന്നു.
കമ്പനിയുടെ വിൽപ്പന പ്രകടനവും ഇക്കാലത്ത് മികച്ചതാണ്. 2025 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ സ്കോഡ ഓട്ടോ ഇന്ത്യയുടെ ഏറ്റവും ഉയർന്ന 10 മാസത്തെ വിൽപ്പനയാണ് രേഖപ്പെടുത്തിയത്. ഈ കാലയളവിൽ കമ്പനി 61,607 യൂണിറ്റുകൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷത്തെ മൊത്തം വിൽപ്പനയുടെ ഇരട്ടിയാണിത്. 40 ശതമാത്തിൽ അധികം വിപണി വിഹിതവുമായി പ്രീമിയം സെഡാൻ വിഭാഗത്തിൽ ഇപ്പോൾ മുന്നിൽ നിൽക്കുന്ന വിർടസ് സെഡാന്റെ ഏറ്റവും ഉയർന്ന വിൽപ്പനയും ഈ ദീപാവലിയിൽ ഫോക്‌സ്‌വാഗൺ ഇന്ത്യ രേഖപ്പെടുത്തി.
കയറ്റുമതിയുടെ കാര്യത്തിൽ സ്കോഡ ഓട്ടോ ഫോക്സ്വാഗൺ ഇന്ത്യയിൽ നിന്ന് ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിലേക്ക് 700,000-ത്തിൽ അധികം കാറുകൾ കയറ്റുമതി ചെയ്തിട്ടുണ്ട്. പ്രാദേശികവൽക്കരണവും ഉൽപ്പാദന ശേഷിയും വികസിപ്പിക്കുന്നതിനായി 600 ദശലക്ഷം യൂറോയുടെ നിക്ഷേപത്തോടെ കമ്പനി നിലവിൽ പൂനെയിലും ഛത്രപതി സംഭാജിനഗറിലും രണ്ട് നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിപ്പിക്കുന്നു. മുന്നോട്ട് പോകുമ്പോൾ, ചെലവ് നിയന്ത്രണം, പ്രാദേശിക ഭാഗങ്ങൾ വർദ്ധിപ്പിക്കൽ, പ്രവർത്തന കാര്യക്ഷമത, മൾട്ടി-ബ്രാൻഡ് തന്ത്രം എന്നിവയിലൂടെ ഇന്ത്യയിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും എന്നാണ് റിപ്പോട്ടുകൾ.