പുതിയ മോഡലുകളെ ഇന്ത്യയിലെത്തിക്കാന്‍ സ്കോഡ

By Web TeamFirst Published Dec 2, 2019, 11:29 PM IST
Highlights

കമ്പനിയുടെ പുതിയ വാഹനങ്ങളില്‍ ചിലത് ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കും

ഇന്ത്യയിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആറ് പുതിയ മോഡലുകളും പരിഷ്കരിച്ച പതിപ്പുകളും അവതരിപ്പിക്കാനരുങ്ങി ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്കോഡ. സ്കോഡ ഓട്ടോ ഇന്ത്യയുടെ സെയിൽസ്, സർവീസ് & മാർക്കറ്റിംഗ് ഡയറക്ടർ സാക് ഹോളിസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കമ്പനിയുടെ പുതിയ വാഹനങ്ങളില്‍ ചിലത് ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കി. പുതിയ മിഡ് സൈസ് എസ്‌യുവി അടുത്ത വർഷം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് അടുത്തിടെ സ്കോഡ സഇഒ ബെർ‌ണാർഡ് മെയറും വ്യക്തമാക്കിയിരുന്നു.

ഇന്ത്യ 2.0 പ്രോജക്ടിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ മോഡലാണിത്. പുതിയ ആർക്കിടെക്ചർ ഉപയോഗിച്ച് സ്കോഡ 90% പ്രാദേശികവൽക്കരണം നേടിയിട്ടുണ്ട്, ഇത് തുടക്കത്തിൽ സ്കോഡയ്ക്കും ഫോക്സ്വാഗണിനുമായി മിഡ്-സൈസ് എസ്‌യുവി സൃഷ്ടിക്കും. ഈ പതിപ്പ് സ്കോഡ കാമിക്കിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാമിക് അടിസ്ഥാനമായുള്ള ഈ വാഹനത്തിന് പുറമെ, 2020 ന്റെ തുടക്കത്തിൽ സ്കോഡ കരോക്ക് പുറത്തിറക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

2020 മോഡല്‍ ഒക്ടാവിയയെ അടുത്തിടെയാണ് ആഗോളതലത്തില്‍  കമ്പനി അനാവരണം ചെയ്‍തത്. നാലാം തലമുറ ഒക്ടാവിയ ആണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ആക്റ്റീവ്, അംബീഷന്‍, സ്‌റ്റൈല്‍ എന്നീ മൂന്ന് വേരിയന്റുകളിലാണ് പുതിയ ഒക്ടാവിയ എത്തുന്നത്. കോംബി സ്‌കൗട്ട് ഓഫ്-റോഡ്, ആര്‍എസ് സ്‌പോര്‍ട്ടി വേരിയന്റുകള്‍ പിന്നീട് പുറത്തിറക്കും.

അത്യന്തം എയ്‌റോഡൈനാമിക്കാണ് പുതിയ ഒക്ടാവിയ . 0.24 ആണ് ഡ്രാഗ് കോ-എഫിഷ്യന്റ്. കൂട്ടിയിടി ഒഴിവാക്കുന്ന സംവിധാനം, സ്റ്റിയറിംഗ് വളയത്തില്‍ കൈ ഉണ്ടെന്ന് തിരിച്ചറിയുന്ന സംവിധാനം, ഡോറുകള്‍ തുറക്കുമ്പോള്‍ വാഹനങ്ങള്‍ കടന്നുപോയേക്കാമെന്ന് ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം എന്നിവയെല്ലാം പുതിയ സുരക്ഷാ ഫീച്ചറുകളാണ്. 2020 അവസാനത്തോടെ പുതിയ സ്‌കോഡ ഒക്ടാവിയ ഇന്ത്യയിലുമെത്തും.

അടുത്തിടെയാണ് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗന്‍റെ ഇന്ത്യയിലെ ഉപസ്ഥാപനമായ ഫോക്സവാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ ഉപസ്ഥാപനം സ്‍കോഡ ഓട്ടോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ലയിച്ചത്. സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് പുതിയ കമ്പനിയുടെ പേര്. 

click me!