
ടാറ്റ ഹാരിയർ എസ്‌യുവിക്ക് പുതിയ പെട്രോൾ എഞ്ചിനും ലഭിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. ടാറ്റ ഹാരിയർ പെട്രോളിന്റെ ഔദ്യോഗിക ലോഞ്ച് ടൈംലൈൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 2026 ൽ ഇത് ലോഞ്ച് ചെയ്യുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
5,000rpm-ൽ 170PS കരുത്തും 2,000rpm-നും 3,500rpm-നും ഇടയിൽ 280Nm ടോർക്കും നൽകുന്ന ബ്രാൻഡിന്റെ പുതിയ 1.5L ടർബോചാർജ്‍ഡ്, ഡയറക്ട് ഇഞ്ചക്ഷൻ (TGDi) പെട്രോൾ എഞ്ചിനാണ് ഈ എസ്‌യുവിയുടെ ഹൃദയം. ഈ എഞ്ചിൻ പെട്രോളിലും E20 എത്തനോൾ പെട്രോൾ മിക്സ് ഇന്ധനത്തിലും പ്രവർത്തിക്കാൻ പ്രാപ്‍തമാണ്. ഇത് BS6 ഫേസ് II എമിഷൻ മാനദണ്ഡങ്ങളും പാലിക്കുന്നു.
ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ പുതിയ 1.5 ലിറ്റർ TGDi പെട്രോൾ എഞ്ചിന് ഉയർന്ന മർദ്ദത്തിലുള്ള നേരിട്ടുള്ള ഇഞ്ചക്ഷൻ സാങ്കേതികവിദ്യയും നൂതനമായ ജ്വലന സംവിധാനവും പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി. ടാറ്റ ഹാരിയർ പെട്രോൾ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾക്കൊപ്പം വാഗ്ദാനം ചെയ്യും.
നിലവിൽ, ഹാരിയർ എസ്‌യുവി ശ്രേണിയിൽ 2.0 ലിറ്റർ ക്രയോടെക് ഡീസൽ എഞ്ചിൻ മാത്രമേ ലഭ്യമാകൂ, ഇത് 3,750 rpm-ൽ പരമാവധി 170 bhp പവറും 1,750 rpm-നും 2,500 rpm-നും ഇടയിൽ 350 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സിൽ ഇത് ലഭിക്കും. ഹാരിയർ ഡീസൽ 11.5-12 സെക്കൻഡിലും (MT) 12-12.5 സെക്കൻഡിലും (AT) 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കുന്നു. എസ്‌യുവി ഏകദേശം 180-190 കിലോമീറ്റർ വേഗത വാഗ്ദാനം ചെയ്യുന്നു. എആർഎഐ അവകാശപ്പെടുന്ന മൈലേജ് കണക്കുകൾ 16-17 കിലോമീറ്റർ (MT) ഉം 14.15 കിലോമീറ്റർ (AT) ഉം ആണ്. ടാറ്റ ഹാരിയറിൽ മൂന്ന് ഡ്രൈവ് മോഡുകൾ (ഇക്കോ, സിറ്റി, സ്‌പോർട്) ഉണ്ട്, കൂടാതെ നോർമൽ, വെറ്റ്, റഫ് റോഡ് എന്നിങ്ങനെ മൂന്ന് മോഡുകൾ വാഗ്ദാനം ചെയ്യുന്ന ടെറൈൻ റെസ്‌പോൺസ് സിസ്റ്റവും ഉണ്ട്.
ടാറ്റ ഹാരിയർ പെട്രോളിന്റെ അടിസ്ഥാന വകഭേദത്തിന് 12.50 ലക്ഷം മുതൽ 13 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം, ഉയർന്ന വകഭേദത്തിന് 15.50 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.