
ടിയാഗോ പഞ്ച്, നെക്സോൺ തുടങ്ങിയ താങ്ങാനാവുന്ന വിലയിലുള്ള ഇലക്ട്രിക് കാറുകൾ രാജ്യത്തിന് നൽകിയ ടാറ്റ മോട്ടോഴ്‌സ് ഉടൻ തന്നെ മറ്റൊരു താങ്ങാനാവുന്ന വിലയുള്ള ഇലക്ട്രിക് കാർ പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. എതിരാളികൾ ഇടത്തരം, പ്രീമിയം വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, ടാറ്റ മോട്ടോഴ്‌സ് മറ്റൊരു താങ്ങാനാവുന്ന ഇലക്ട്രിക് വാഹന മോഡൽ പുറത്തിറക്കാൻ ഒരുങ്ങുകയാണെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
8 മുതൽ 11 ലക്ഷം രൂപ വരെ വിലയുള്ള ഒരു പുതിയ താങ്ങാനാവുന്ന ഇലക്ട്രിക് കാർ പുറത്തിറക്കാനാണ് ടാറ്റ മോട്ടോഴ്‌സ് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഈ വില ശ്രേണിയിൽ ആൾട്രോസിന്റെ ഇവി പതിപ്പ് ഇതുവരെ ടാറ്റയ്ക്ക് ഇല്ലാത്തതിനാൽ, ഇത് ടാറ്റയുടെ ആൾട്രോസ് ഇവി ആയിരിക്കാനുള്ള സാധ്യതയുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. ടാറ്റ ടിയാഗോ ഇവി, പഞ്ച് ഇവി എന്നീ മോഡലുകൾ ഉള്ള ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക്ക് കാറുകൾ വിറ്റഴിക്കപ്പെടുന്ന കമ്പനിയാണ്. എന്നാൽ അടുത്തിടെ, ഈ സെഗ്മെന്റ് എംജി മോട്ടോഴ്‌സിന്റെ വിൻഡ്‌സർ ഇവിയിൽ നിന്ന് കടുത്ത മത്സരം നേരിടുന്നു. മറ്റ് കമ്പനികളും മിഡ്, പ്രീമിയം വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, ഇപ്പോൾ ടാറ്റ മോട്ടോഴ്‌സ് മറ്റൊരു താങ്ങാനാവുന്ന ഇലക്ട്രിക് മോഡൽ പുറത്തിറക്കാൻ പദ്ധതിയിടുന്നു.
എട്ട് ലക്ഷം മുതൽ 11 ലക്ഷം രൂപ വരെ വിലയുള്ള ചില ഉൽപ്പന്നങ്ങൾ തങ്ങളുടെ പക്കലുണ്ട് എന്നും ആൾട്രോസ് (ഇവി) ഒരു പ്രത്യേക പങ്ക് വഹിക്കണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നുവെന്നും ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റിയുടെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ വിവേക് ശ്രീവത്സ പറഞ്ഞു. പോർട്ട്‌ഫോളിയോയിൽ ആൾട്രോസിന് ഉചിതമായ ഒരു പങ്ക് ലഭിക്കുമ്പോൾ ശരിയായ സമയത്തിനായി കാത്തിരിക്കുകയും ഇവി പതിപ്പ് കൊണ്ടുവരികയും ചെയ്യും എന്നും അദ്ദേഹം വ്യക്തമാക്കിയതായി ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ആൾട്രോസിന്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ കഴിഞ്ഞ ദിവസം പുറത്തിറക്കി. സവിശേഷതകൾ മുതൽ ഡിസൈൻ വരെ പുതിയ മോഡലിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മാരുതി ബലേനോ, ഹ്യുണ്ടായി I20 എന്നിവയുമായിട്ടായിരിക്കും പുതിയ ആൾട്രോസ് മത്സരിക്കുക.