
ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളിലെ നിക്ഷേപങ്ങൾക്കൊപ്പം നിരവധി പുതിയ മോഡലുകളും അവതരിപ്പിച്ചുകൊണ്ട് എസ്‌യുവി വിഭാഗത്തിൽ ശക്തമായ സാന്നിധ്യം സ്ഥാപിക്കാനാണ് ജാപ്പനീസ് കാർ ബ്രാൻഡായ ഹോണ്ട കാർസ് ഇന്ത്യ പദ്ധതിയിടുന്നത്. കൂടാതെ ഭാവി ഉൽപ്പന്ന നിരയ്ക്കായി (PF2 എന്ന കോഡ് നാമം) ഒരു പുതിയ പ്ലാറ്റ്‌ഫോമിലും കമ്പനി പ്രവർത്തിക്കുന്നു. ഈ മോഡൽ 2027 ൽ അരങ്ങേറ്റം കുറിക്കും. എങ്കിലും, അതിനുമുമ്പ്, ഇലക്ട്രിക് വാഹനങ്ങളോ ഐസിഇ അല്ലെങ്കിൽ ഹൈബ്രിഡ് പവർട്രെയിനുകളോ ഉള്ള രണ്ട് പുതിയ എസ്‌യുവികൾ പുറത്തിറക്കാൻ ഹോണ്ട ഒരുങ്ങുകയാണ്. വരാനിരിക്കുന്ന ഹോണ്ട എസ്‌യുവികളുടെ പ്രധാന വിശദാംശങ്ങളിലേക്ക് കടക്കാം.
ഹോണ്ട ഇലക്ട്രിക് എസ്‌യുവി
അടുത്ത സാമ്പത്തിക വർഷത്തേക്ക് ഒരു പുതിയ ബാറ്ററി ഇലക്ട്രിക് വാഹനം പുറത്തിറക്കുമെന്ന് ഹോണ്ട കാർസ് ഇന്ത്യ അടുത്തിടെ സ്ഥിരീകരിച്ചു. നേരത്തെയുള്ള റിപ്പോർട്ടുകൾക്ക് വിരുദ്ധമായി, എലിവേറ്റിനെ അടിസ്ഥാനമാക്കിയുള്ള മോഡൽ അല്ല ഇത്. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കിനും വരാനിരിക്കുന്ന മാരുതി ഇ വിറ്റാരയ്ക്കും വെല്ലുവിളി ഉയർത്തുന്ന ഒരു എസ്‌യുവി ആയിരിക്കാനാണ് സാധ്യത. എംജി ഇസെഡ്എസ് ഇവി, ടാറ്റ കർവ്വ് ഇവി, മഹീന്ദ്ര XEV 9e തുടങ്ങിയ മറ്റ് ഇവികൾ ഈ വരാനിരിക്കുന്ന ഹോണ്ട എസ്‌യുവിക്കെതിരെ മത്സരിക്കും.
പുതിയ ഹോണ്ട 7 സീറ്റർ എസ്‌യുവി
ഹോണ്ടയുടെ പുതിയ PF2 പ്ലാറ്റ്‌ഫോമിന്റെ അരങ്ങേറ്റമായി മാറുന്ന ഒരു പുതിയ മൂന്ന്-വരി എസ്‌യുവിയും കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. ഈ പുതിയ മോഡുലാർ ആർക്കിടെക്ചർ ഐസിഇ (ആന്തരിക ജ്വലന എഞ്ചിൻ), ഇലക്ട്രിക് പവർട്രെയിനുകൾ എന്നിവയുമായി പൊരുത്തപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ഹോണ്ടയുടെ ഭാവി സെഡാനുകൾ, എസ്‌യുവികൾ, ഹൈബ്രിഡുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയ്ക്ക് ഇത് അടിവരയിടും. ഹോണ്ട ഇന്ത്യയുടെ ഗണ്യമായ ഇൻപുട്ടുകൾ ഉപയോഗിച്ച് ജപ്പാനിലെയും തായ്‌ലൻഡിലെയും ഹോണ്ട ഗവേഷണ വികസന കേന്ദ്രങ്ങളാണ് പുതിയ ഹോണ്ട 7 സീറ്റർ എസ്‌യുവി രൂപകൽപ്പന ചെയ്ത് വികസിപ്പിക്കുന്നത്.
എഞ്ചിൻ ഓപ്ഷനുകളെക്കുറിച്ച് ഇപ്പോൾ വ്യക്തമയാ വിവരങ്ങൾ ഒന്നുമില്ല. എങ്കിലും, വരാനിരിക്കുന്ന ഹോണ്ട 7-സീറ്റർ എസ്‌യുവി എലിവേറ്റിൽ നിന്നുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ പങ്കിടാൻ സാധ്യതയുണ്ട്. പുതിയ എസ്‌യുവിക്കായി സിറ്റിയുടെ ശക്തമായ ഹൈബ്രിഡ് പവർട്രെയിനും ഹോണ്ട പരിഗണിച്ചേക്കാം. സിറ്റി e:HEV ഹൈബ്രിഡിൽ രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ അറ്റ്കിൻസൺ സൈക്കിൾ 1.5 ലിറ്റർ, 4-സിലിണ്ടർ എഞ്ചിൻ ഉണ്ട്. ഈ കോൺഫിഗറേഷൻ 126bhp കരുത്തും 253Nm ടോർക്കും നൽകുന്നു. പുതിയ ഹോണ്ട 7-സീറ്റർ എസ്‌യുവി 2027 ഒക്ടോബറിൽ ഉൽപ്പാദനത്തിലേക്ക് പ്രവേശിക്കും. തുടർന്ന് വിപണിയിലെത്തും എന്നാണ് റിപ്പോർട്ടുകൾ.