
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഭാവി എസ്‌യുവി നിരയിലേക്ക് രണ്ട് പുതിയ മോഡലുകൾ കൂടി എത്താൻ ഒരുങ്ങുന്നു. കമ്പനിയുടെ പുതിയ NU_IQ മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള വിഷൻ എസ് (Vision S) എസ്‌യുവിയും വിഷൻ എസ്‌എക്‌സ്‌ടി (Vision SXT) പിക്കപ്പ് ട്രക്കും 2027-ൽ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഈ പ്ലാറ്റ്‌ഫോമിന്റെ അരങ്ങേറ്റം വിഷൻ എസ്, വിഷൻ എക്‌സ്, വിഷൻ ടി, വിഷൻ എസ്‌എക്‌സ്‌ടി എന്നീ നാല് കോൺസെപ്റ്റ് വാഹനങ്ങളിലൂടെയായിരുന്നു.
ഇവയിൽ വിഷൻ എസ് കോൺസെപ്റ്റ്, നാല് മീറ്ററിൽ താഴെ നീളമുള്ള ഒരു കരുത്തൻ എസ്‌യുവിയുടെ സൂചനയാണ് നൽകുന്നത്. സ്കോർപിയോ എൻ ശ്രേണിയുടെ ഭാഗമായെത്താൻ സാധ്യതയുള്ള ഈ മോഡൽ 2026 അവസാനത്തോടെ ആഗോളതലത്തിൽ അവതരിപ്പിക്കപ്പെടുകയും 2027 തുടക്കത്തിൽ വിപണിയിൽ എത്തുകയും ചെയ്യുമെന്നാണ് സൂചന. അതേസമയം, വിഷൻ എസ്‌എക്‌സ്‌ടി പിക്കപ്പ് ട്രക്കിന്റെ ഡിസൈൻ പേറ്റന്റും മഹീന്ദ്ര അടുത്തിടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ മോഡലും 2027-ൽ തന്നെ ഉൽപ്പാദന പതിപ്പായി എത്തുമെന്നാണ് പ്രതീക്ഷ.
പുതിയ NU_IQ മോഡുലാർ മോണോകോക്ക് പ്ലാറ്റ്‌ഫോമിന്റെ പ്രധാന പ്രത്യേകത, ഒന്നിലധികം പവർട്രെയിൻ ഓപ്ഷനുകൾക്ക് പിന്തുണ നൽകുന്നതാണ്. പെട്രോൾ, ഡീസൽ ഉൾപ്പെടുന്ന ഇന്റേണൽ കംബഷൻ എൻജിനുകൾക്കൊപ്പം ഹൈബ്രിഡ്, പൂർണമായും ഇലക്ട്രിക് പതിപ്പുകളും ഈ പ്ലാറ്റ്‌ഫോമിൽ വികസിപ്പിക്കാനാകും. കൂടാതെ ഓൾ-വീൽ ഡ്രൈവ് (AWD) സംവിധാനത്തിനും ഇത് അനുയോജ്യമാണ്. സാങ്കേതികവിദ്യയുടെ കാര്യത്തിലും പുതിയ പ്ലാറ്റ്‌ഫോം ശ്രദ്ധേയമാണ്. വേരിയബിൾ റേഷ്യോ സ്റ്റിയറിംഗ് റാക്ക്, ആക്റ്റീവ് ഡാംപറുകളോടുകൂടിയ അഞ്ച്-ലിങ്ക് റിയർ സസ്പെൻഷൻ, പുതിയ NU_UX യൂസർ ഇന്റർഫേസ് എന്നിവ ഉൾപ്പെടെ നിരവധി ആധുനിക സംവിധാനങ്ങൾ വാഹനങ്ങളിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.
ഡിസൈൻ കാര്യത്തിൽ വിഷൻ എസ് കോൺസെപ്റ്റിന്റെ ഭൂരിഭാഗം സവിശേഷതകളും ഉൽപ്പാദന മോഡലിലും നിലനിർത്തുമെന്നാണ് പ്രതീക്ഷ. ബോക്സി രൂപകൽപ്പന, വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, ഉയർന്ന റൂഫ്‌ലൈൻ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ എന്നിവ പ്രധാന ആകർഷണങ്ങളാകും. എന്നാൽ കോൺസെപ്റ്റിൽ ഉണ്ടായിരുന്ന റൂഫ് മൗണ്ടഡ് ലൈറ്റുകൾ, ബോണറ്റിലെ ലിംബ് റൈസറുകൾ, സൈഡ് സ്റ്റെപ് ലാഡർ, പുറംഭാഗത്തെ ജെറി കാൻ തുടങ്ങിയ ഘടകങ്ങൾ ഉൽപ്പാദന പതിപ്പിൽ ഒഴിവാക്കാൻ സാധ്യതയുണ്ട്.
അതേസമയം, ചോർന്ന ചിത്രങ്ങൾ പ്രകാരം വിഷൻ എസിന്റെ താഴ്ന്നതും ഇടത്തരം വകഭേദങ്ങളിലും അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ചെറിയ എംഐഡി ഡിസ്പ്ലേ, മാനുവൽ എസി നിയന്ത്രണങ്ങൾ, പുതുതായി രൂപകൽപ്പന ചെയ്ത സ്റ്റിയറിംഗ് വീൽ, സ്പ്ലിറ്റ്-ഫോൾഡിംഗ് റിയർ സീറ്റുകൾ എന്നിവ ലഭിക്കുമെന്ന് സൂചനയുണ്ട്. വിഷൻ എസ്‌എക്‌സ്‌ടി പിക്കപ്പ് ട്രക്കിന് ശക്തമായ ഫ്രണ്ട് ഗ്രിൽ, സ്കിഡ് പ്ലേറ്റ്, വൈ-ആകൃതിയിലുള്ള ഡേ ടൈം റണ്ണിംഗ് ലൈറ്റുകളുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, ട്യൂബുലർ ഫ്രണ്ട് ബാർ എന്നിവയോടെ കൂടുതൽ കരുത്തുറ്റ രൂപമാണ് പ്രതീക്ഷിക്കുന്നത്. അകത്ത് വലിയ പോർട്രെയിറ്റ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, കണക്റ്റഡ് കാർ സാങ്കേതികവിദ്യകൾ എന്നിവ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ വിവരങ്ങൾ സംബന്ധിച്ച് മഹീന്ദ്ര ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.