
XUV500 ന്‍റെ പിൻഗാമിയായി 2021 അവസാനത്തോടെയാണ് മഹീന്ദ്ര XUV700 അവതരിപ്പിച്ചത്. സമ്പന്നമായ ഇന്‍റീരിയർ, പ്രകടനം എന്നിവയ്ക്ക് പേരുകേട്ടതാണ് മഹീന്ദ്ര XUV700. അഞ്ച് സ്റ്റാർ ഗ്ലോബൽ എൻസിഎപി സുരക്ഷാ റേറ്റിംഗുള്ള ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ എസ്‌യുവികളിൽ ഒന്നാണിത്. സെഗ്‌മെന്റിൽ വർദ്ധിച്ചുവരുന്ന മത്സരം കണക്കിലെടുത്ത്, XUV700 ന് ഇപ്പോൾ ഒരു മിഡ്‌ലൈഫ് അപ്‌ഡേറ്റ് ലഭിക്കാൻ ഒരുങ്ങുന്നു. പുതിയ പതിപ്പിന്‍റെ ലോഞ്ച് അടുത്ത വർഷം നടക്കും.
മഹീന്ദ്ര XUV700 ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണം കമ്പനി ആരംഭിച്ചെന്നാണ് റിപ്പോർട്ടുകൾ. കനത്ത കാമഫ്ലേജുള്ള അതിന്റെ ടെസ്റ്റ് മോഡലുകൾ പരീക്ഷണത്തിനിടെ ആദ്യമായി റോഡുകളിൽ കണ്ടെത്തി. വാഹനത്തിന് ഡിസൈൻ മാറ്റങ്ങൾ വളരെ കുറവാണ്. എന്നാൽ എസ്‌യുവിക്ക് മുൻവശത്ത് പൂർണ്ണമായും പരിഷ്‍കരിച്ച ഒരു ഡിസൈൻ ലഭിക്കാൻ സാധ്യതയുണ്ട്. കൂടുതൽ ചരിഞ്ഞ ലംബ സ്ലാറ്റുകളും ചെറുതായി പരിഷ്‍കരിച്ച താഴത്തെ ഭാഗവും ഉള്ള പുതുതായി രൂപകൽപ്പന ചെയ്ത ഗ്രില്ലും ഇതിൽ ഉൾപ്പെട്ടേക്കാം. അപ്‌ഡേറ്റ് ചെയ്ത XUV700 പുതിയ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകളുമായാണ് വരുന്നത്. വശങ്ങളിലും പിൻവശത്തുമുള്ള പ്രൊഫൈലുകൾ വലിയ മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
ആദ്യമായി പുറത്തിറക്കിയപ്പോൾ, XUV700 നിരവധി സെഗ്‌മെന്റ്-ഫസ്റ്റ് സവിശേഷതകൾ വാഗ്ദാനം ചെയ്‍തിരുന്നു. ഡ്യുവൽ 10.25 ഇഞ്ച് സ്‌ക്രീൻ സജ്ജീകരണം, അലക്‌സ ഇന്റഗ്രേഷൻ, സോണി 3D സൗണ്ട് സിസ്റ്റം, ലെവൽ 2 ADAS സ്യൂട്ട്. കുറച്ച് വർഷങ്ങൾക്കുള്ളിൽ, എസ്‌യുവിക്ക് അഡ്രിനോക്‌സ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും എഡിഎഎസ് കാലിബ്രേഷനുമുള്ള സോഫ്റ്റ്‌വെയർ ഒടിഎ (ഓവർ-ദി-എയർ) അപ്‌ഡേറ്റുകൾ ലഭിച്ചു, കൂടാതെ അപ്‌ഡേറ്റ് ചെയ്‌ത ക്യാമറ റെസല്യൂഷൻ, വാനിറ്റി മിററുകൾ, പുതിയ സ്റ്റിയറിംഗ് ബട്ടണുകൾ, ESP പരിഷ്‌ക്കരണങ്ങൾ എന്നിവയും ലഭിച്ചു.
മിഡ്‌ലൈഫ് അപ്‌ഡേറ്റോടെ, പുതിയ മഹീന്ദ്ര XUV700 ഫെയ്‌സ്‌ലിഫ്റ്റിൽ ഡോൾബി പിന്തുണയുള്ള നവീകരിച്ച ഹാർമൻ ഓഡിയോ സിസ്റ്റം, ഡിജിറ്റൽ കീ, ഓട്ടോമൻ ഫംഗ്‌ഷനോടുകൂടിയ പിൻ സീറ്റുകൾ, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം, സെൽഫ് പാർക്കിംഗ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകൾ ലഭിക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ബാക്കി സവിശേഷതകൾ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പിലേത് തുടരും.
അതേസമയം വാഹനത്തിന്‍റെ എഞ്ചിൻ സജ്ജീകരണം മാറ്റമില്ലാതെ തുടരാനാണ് സാധ്യത. 2026 മഹീന്ദ്ര XUV700-ൽ 2.0L ടർബോ പെട്രോൾ, 2.2L ടർബോ ഡീസൽ എഞ്ചിനുകൾ തുടരും. പെട്രോൾ എഞ്ചിൻ 197bhp കരുത്തും 380Nm ടോർക്കും ഉത്പാദിപ്പിക്കും. അതേസമയം ഡീസൽ മോട്ടോർ 182bhp കരുത്തും 450Nm ടോർക്കും ഉത്പാദിപ്പിക്കും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ തുടർന്നും ലഭ്യമാകും.