
2025 ലെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ഒരു നിർമ്മാണ ഘട്ടത്തിലുള്ള ടാറ്റ സിയറ പതിപ്പിന്‍റെ റെട്രോ സ്റ്റൈലിംഗ്, ഐക്കണിക് ഡിസൈൻ സൂചനകൾ, പവർട്രെയിൻ സാധ്യതകൾ എന്നിവയെക്കുറിച്ച് നേരത്തെ ധാരാളം വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ടാറ്റ സിയറ എസ്‌യുവിയുടെ ഇന്റീരിയറിന്റെ പുതിയ ചിത്രങ്ങൾ ചോന്നു. ടാറ്റ സിയറയുടെ പ്രോട്ടോടൈപ്പിന്റെ ഏറ്റവും പുതിയ കാഴ്ച, എസ്‌യുവിയുടെ ഇന്റീരിയർ ട്രിപ്പിൾ സ്‌ക്രീനുകൾ നിറഞ്ഞതാണെന്ന് കാണിക്കുന്നു.
ഡാഷ്‌ബോർഡിലുടനീളം വ്യാപിച്ചുകിടക്കുന്ന ഒരു സ്ലീക്ക് ട്രിപ്പിൾ സ്‌ക്രീൻ ലേഔട്ടാണ് ക്യാബിന്റെ ഹൈലൈറ്റ്. മധ്യഭാഗത്ത് പ്രകാശിതമായ ടാറ്റ ലോഗോയുള്ള ഒരു പുതിയ സ്റ്റിയറിംഗ് വീൽ, ഒരു ആധുനിക ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഒരു ലെയേർഡ് ഡാഷ്‌ബോർഡ് എന്നിവയും ലഭിക്കുന്നു. സിയറ ഇവി കൺസെപ്റ്റിന് ഡ്യുവൽ സ്‌ക്രീൻ ലേഔട്ട് ഉണ്ടായിരുന്നെങ്കിലും, പ്രൊഡക്ഷൻ-റെഡി പതിപ്പ് ട്രിപ്പിൾ സ്‌ക്രീൻ ലേഔട്ടോടെയാണ് വരുന്നത്.
ടാറ്റ സിയറയിലെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതയായ പുതിയ കൂട്ടിച്ചേർക്കൽ ഈ ട്രിപ്പിൾ-സ്‌ക്രീൻ സജ്ജീകരണമായിരിക്കും. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനും പുറമെ, ഡാഷ്‌ബോർഡിന്റെ സഹ-ഡ്രൈവറുടെ വശത്ത് മറ്റൊരു പ്രത്യേക സ്‌ക്രീനും ഉണ്ട്. വീഡിയോ, സംഗീതം, ഗെയിമിംഗ് എന്നിവയുൾപ്പെടെയുള്ള മുൻവശത്തെ യാത്രക്കാരുടെ വിനോദ ആവശ്യങ്ങൾക്കായി ഈ ഡിസ്‌പ്ലേ പ്രധാനമായും നീക്കിവച്ചിരിക്കും. ഒരു സംയോജിത ക്യാമറയ്‌ക്കൊപ്പം, അനുബന്ധ ആപ്പുകൾ വഴി വീഡിയോ കോൺഫറൻസിംഗ് പോലും ഇതിന് പിന്തുണയ്ക്കാൻ കഴിയും. മൂന്നാമത്തെ സ്‌ക്രീൻ വാഹനത്തിന്റെ നിയന്ത്രണങ്ങൾ, ഫ്രണ്ട് പാസഞ്ചർ വിനോദം അല്ലെങ്കിൽ ഗെയിമുകൾ, കാറിനുള്ളിലെ വീഡിയോ കോൺഫറൻസിംഗ് തുടങ്ങിയ മറ്റ് പ്രവർത്തനങ്ങൾക്കായിരിക്കാം. ഓട്ടോ-ഡിമ്മിംഗ് ഐആവിഎം, ആംബിയന്റ് ലൈറ്റിംഗ് സ്ട്രിപ്പ്, ഒരു സൺഗ്ലാസ് ഹോൾഡർ, ഇന്റീരിയർ ലൈറ്റുകൾ എന്നിവയും സ്പൈ ഇമേജുകൾ കാണിക്കുന്നു.
സിയറയുടെ പ്രൊഡക്ഷൻ-റെഡി ടാറ്റ സിയറ ഇവിയിൽ 5, 4 സീറ്റർ കോൺഫിഗറേഷൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്തേക്കാം എന്ന് റിപ്പോട്ടുകൾ ഉണ്ട്. 4 സീറ്റർ പതിപ്പിൽ വിശാലമായ രണ്ട് പിൻ സീറ്റുകളുള്ള ഒരു ലോഞ്ച് പോലുള്ള ക്യാബിൻ ലേഔട്ട് ഉണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. കൂടാതെ വിശാലമായ ലെഗ്‌റൂം വാഗ്ദാനം ചെയ്യുന്നു. മെച്ചപ്പെട്ട സുഖസൗകര്യങ്ങൾക്കായി ഓട്ടോമൻ ഫംഗ്ഷനും ആഴത്തിലുള്ള കോണ്ടൂരിംഗും ഈ സീറ്റുകളിൽ ഉണ്ടാകും. പിൻ സീറ്റ് എന്റർടൈൻമെന്റ് സ്‌ക്രീനുകൾ, മടക്കാവുന്ന ട്രേ ടേബിളുകൾ, ആം റെസ്റ്റുകൾ, ഒന്നിലധികം കണക്റ്റിവിറ്റി ഓപ്ഷനുകൾ, ഫോൺ ചാർജറുകൾ തുടങ്ങിയവ അധിക സവിശേഷതകളിൽ ഉൾപ്പെട്ടേക്കാം.