
ജർമ്മൻ വാഹന ബ്രാൻഡായ ഫോക്‌സ്‌വാഗൺ ടെയ്‌റോൺ എന്ന പുതിയ 7 സീറ്റർ എസ്‌യുവിയുമായി തങ്ങളുടെ പ്രീമിയം ഉൽപ്പന്ന ശ്രേണി വിപുലീകരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മഹാരാഷ്ട്ര രജിസ്ട്രേഷൻ പ്ലേറ്റുമായി പരീക്ഷണം നടത്തുന്ന ഈ മോഡൽ അടുത്തിടെ ക്യാമറയിൽ പതിഞ്ഞു. ഇന്ത്യയിലെ ലോഞ്ച് സമയത്തെക്കുറിച്ച് ഔദ്യോഗികമായി ഒന്നും വ്യക്തമാക്കിയിട്ടില്ല. എങ്കിലും 2026 ഓടെ എസ്‌യുവി ഷോറൂമുകളിൽ എത്തുമെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഫോക്‌സ്‌വാഗൺ ടിഗ്വാൻ ഓൾസ്‌പെയ്‌സിന്റെ ആഗോള പിൻഗാമിയായിരിക്കും ഈ വരാനിരിക്കുന്ന 7 സീറ്റർ എസ്‌യുവി എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ സ്കോഡ കൊഡിയാക്, ജീപ്പ് മെറിഡിയൻ, ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ തുടങ്ങിയ മോഡലുകളെ നേരിടും. കാഴ്ചയിൽ, പുതിയ ഫോക്‌സ്‌വാഗൺ ടെയ്‌റോൺ ടിഗ്വാനുമായി ശക്തമായ സാമ്യം പങ്കിടുന്നു. പക്ഷേ നീളം കൂടുതലാണ്. വ്യത്യസ്‍തമായി രൂപകൽപ്പന ചെയ്‌ത എൽഇഡി ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട്, റിയർ ബമ്പറുകൾ, എൽഇഡി ടെയിൽലൈറ്റ് സിഗ്നേച്ചർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സ്‌പോട്ട് മോഡലിൽ 'ആർ' ബാഡ്‌ജിംഗും ടിഗ്വാൻ ആർ ലൈൻ പോലുള്ള അലോയ് വീലുകളും ഉണ്ടായിരുന്നു. ഇത് ഇന്ത്യയ്‌ക്കായി ഒരു ആർ ലൈൻ പതിപ്പിന്റെ സാധ്യതയെക്കുറിച്ച് സൂചന നൽകുന്നു.
ഫോക്‌സ്‌വാഗൺ ടെയ്‌റോൺ അതിന്റെ വീൽബേസ് നീട്ടിയതിനാൽ ടിഗുവാനേക്കാൾ വിശാലമായിരിക്കും. ടെയ്‌റോണിൽ 345 ലിറ്റർ ബൂട്ട് സ്പേസ് ലഭിക്കുന്നു. മൂന്നാം നിര സീറ്റുകൾ മടക്കിവെച്ചാൽ ഇത് 850 ലിറ്ററായി വികസിപ്പിക്കാം. കാബിൻ ഫോക്‌സ്‌വാഗൺ ടിഗുവാനെപ്പോലെ തന്നെ സജ്ജീകരിച്ചിരിക്കും. ഇന്ത്യയിൽ, ഫോക്‌സ്‌വാഗൺ ടെയ്‌റോൺ 7 സീറ്റർ എസ്‌യുവി സ്കോഡ കൊഡിയാക്കുമായി 2.0 ലിറ്റർ, 4 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ പങ്കിടാൻ സാധ്യതയുണ്ട്. ഈ എഞ്ചിൻ പരമാവധി 204 ബിഎച്ച്പി പവറും 320 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് യൂണിറ്റാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്. പുറത്തിറങ്ങിക്കഴിഞ്ഞാൽ, ടെയ്‌റോൺ കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗൺ റൂട്ട് വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് സ്‍കോഡ ഫോക്സ്‍വാഗൺ ലിമിറ്റിഡിന്‍റെ ഔറംഗാബാദ് പ്ലാന്റിൽ അസംബിൾ ചെയ്യും. ഏകദേശം 49 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു.