ഫോക്‌സ്‌വാഗൺ ടിഗുവാൻ: വൻ ഓഫർ, കാരണം ഇതോ?

Published : Nov 09, 2026, 11:53 AM IST
tiguan r line

Synopsis

ഫോക്‌സ്‌വാഗൺ ടിഗുവാൻ ആർ-ലൈനിന് 5.50 ലക്ഷം രൂപയുടെ വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. വാഹനം വിപണിയിൽ നിന്ന് പിൻവലിക്കുന്നതിന്റെ ഭാഗമായാണ് ഡിസ്കൗണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യൻ വാഹന വിപണിയിൽ വൻ ഓഫറുകളുമായി ഫോക്‌സ്‌വാഗൺ. കമ്പനിയുടെ പ്രീമിയം എസ്‌യുവിയായ ടിഗുവാൻ ആർ-ലൈനിന് ഈ മാസം 5.50 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 3.50 ലക്ഷം രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും 2 ലക്ഷം രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്നു. വാഹനത്തിന് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന ഡിസ്കൗണ്ടാണിത്.

എസ്‌യുവിയുടെ വിൽപ്പന അവസാനിപ്പിച്ചതാണ് ഇത്രയും വലിയ വിലക്കുറവിന് പിന്നിലെ പ്രധാന കാരണമെന്നാണ് റിപ്പോർട്ടുകൾ. ഫോക്‌സ്‌വാഗന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ടിഗുവാൻ ആർ-ലൈൻ നീക്കം ചെയ്തിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ മോഡൽ സ്ഥിരമായി നിർത്തലാക്കിയതായും റിപ്പോർട്ടുകളുണ്ട്. ശേഷിക്കുന്ന സ്റ്റോക്ക് വിറ്റഴിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി വൻ ആനുകൂല്യങ്ങൾ നൽകുന്നതെന്നാണ് സൂചന. 47.11 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

സ്പോർട്ടി ലുക്കിൽ ടിഗുവാൻ ആർ-ലൈൻ

ഫോക്‌സ്‌വാഗൺ ടിഗുവാൻ ആർ-ലൈനിന്റെ പ്രധാന ആകർഷണം സ്പോർട്ടി ഡിസൈനാണ്. ഗ്ലാസ് ഫിനിഷുള്ള തിരശ്ചീന സ്ട്രിപ്പിലൂടെ ബന്ധിപ്പിച്ചിരിക്കുന്ന സ്ലീക്ക് ഹെഡ്‌ലാമ്പുകളാണ് മുൻഭാഗത്തെ സവിശേഷത. 'ആർ' ബാഡ്ജിങ്ങും വാഹനത്തിന് പ്രത്യേക സ്പോർട്ടി ലുക്ക് നൽകുന്നു. 19 ഇഞ്ച് അലോയ് വീലുകൾ, ഡൈനാമിക് ത്രീഡി എൽ.ഇ.ഡി ലൈറ്റുകൾ എന്നിവയും ഡിസൈനിന്റെ ഭാഗമാണ്. അകത്തളത്തിലും പ്രീമിയം ഫീച്ചറുകൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. സീറ്റുകളിൽ 'ആർ' ബാഡ്ജിങ്ങും ഡാഷ്‌ബോർഡിൽ പ്രകാശിക്കുന്ന 'ആർ' ലോഗോയും നൽകിയിരിക്കുന്നു. മസാജ് ഫംഗ്ഷനോടുകൂടിയ സീറ്റുകൾ, ക്രമീകരിക്കാവുന്ന ലംബർ സപ്പോർട്ട്, ഇഷ്ടാനുസരണം മാറ്റാവുന്ന ആംബിയന്റ് ലൈറ്റിങ് എന്നിവയും വാഹനത്തിലുണ്ട്.

15 ഇഞ്ച് ടച്ച്‌സ്‌ക്രീനും നിരവധി ആധുനിക ഫീച്ചറുകളും

15 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, ഐ.ഡി.എ വോയ്‌സ് അസിസ്റ്റന്റ്, വോയ്‌സ് എൻഹാൻസർ, പനോരമിക് സൺറൂഫ് എന്നിവയാണ് പ്രധാന ഫീച്ചറുകൾ. 21 ലെവൽ 2 എ.ഡി.എ.എസ് സുരക്ഷാ സംവിധാനങ്ങൾ, 9 എയർബാഗുകൾ, ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ എന്നിവയും വാഹനത്തിലുണ്ട്. അന്താരാഷ്ട്ര വിപണിയിൽ പെട്രോൾ, ഡീസൽ, മൈൽഡ് ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പുകളിൽ ടിഗുവാൻ ലഭ്യമാണ്.

2.0 ലിറ്റർ ടർബോ പെട്രോൾ എൻജിൻ

ഇന്ത്യൻ പതിപ്പിൽ 2.0 ലിറ്റർ ടി.എസ്.ഐ ഇവോ പെട്രോൾ എൻജിനാണ് ടിഗുവാൻ ആർ-ലൈനിന് കരുത്തേകുന്നത്. 7 സ്പീഡ് ഡി.എസ്.ജി ഗിയർബോക്‌സും 4മോഷൻ ഓൾ വീൽ ഡ്രൈവ് സംവിധാനവുമാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്. 201 ബി.എച്ച്.പി പരമാവധി കരുത്തും 320 എൻ.എം ടോർക്കുമാണ് ഈ എൻജിൻ ഉൽപ്പാദിപ്പിക്കുന്നത്. മികച്ച പ്രകടനവും ഡ്രൈവിങ് അനുഭവവും ലക്ഷ്യമിട്ടാണ് ഈ പവർട്രെയിൻ ഒരുക്കിയിരിക്കുന്നത്.

രണ്ട് മാസത്തിനിടെ വിറ്റത് വെറും നാല് യൂണിറ്റുകൾ

2025 ഏപ്രിലിലാണ് ഫോക്‌സ്‌വാഗൺ ടിഗുവാൻ ആർ-ലൈൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. അഞ്ച് സീറ്റുകളുള്ള പ്രീമിയം മിഡ്‌സൈസ് എസ്‌യുവിയായ മോഡലിന് തുടക്കത്തിൽ മികച്ച ശ്രദ്ധ ലഭിച്ചിരുന്നു. എന്നാൽ അടുത്തിടെ വിൽപ്പനയിൽ വലിയ ഇടിവുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

2026 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ആകെ നാല് യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചത്. അതേസമയം, വാഹനം നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. നിലവിൽ ടിഗുവാൻ ആർ-ലൈൻ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് 5.50 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ മികച്ച അവസരമാണ്. എന്നാൽ ഈ ഓഫർ ശേഷിക്കുന്ന സ്റ്റോക്കിന് മാത്രമായിരിക്കുമെന്നതിനാൽ താൽപ്പര്യമുള്ളവർ ഡീലർഷിപ്പുകളുമായി ബന്ധപ്പെട്ട് ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ടാറ്റ പഞ്ച് ഇവി, നെക്‌സോൺ ഇവി: വമ്പൻ ഓഫറുകൾ!
2027-ഓടെ മൂന്ന് പുതിയ കാറുകളുമായി മഹീന്ദ്ര: അറിയേണ്ടതെല്ലാം