ഇലക്ട്രിക് എസ്‌യുവികളായ ടാറ്റ പഞ്ച് ഇവി, നെക്‌സോൺ ഇവി എന്നിവയ്ക്ക് വൻ വിലക്കുറവും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. പഞ്ച് ഇവിക്ക് 1.45 ലക്ഷം രൂപ വരെയും നെക്‌സോൺ ഇവിക്ക് 45,000 രൂപ വരെയും ലാഭിക്കാം.

ഇലക്ട്രിക് കാർ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് സന്തോഷവാർത്തയുമായി ടാറ്റ മോട്ടോഴ്‌സ്. കമ്പനിയുടെ ജനപ്രിയ ഇലക്ട്രിക് എസ്‌യുവികളായ പഞ്ച് ഇവിക്കും നെക്‌സോൺ ഇവിക്കും വൻ വിലക്കുറവും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. പെട്രോൾ, ഡീസൽ, ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള മോഡൽ നിരയിലുടനീളം വിവിധ ഓഫറുകളാണ് കമ്പനി നൽകുന്നത്. 2026 നവംബർ 15 വരെയാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുക. ഗ്രീൻ ബോണസ്, പ്രത്യേക ഓഫറുകൾ, പഴയ വാഹനം കൈമാറുമ്പോഴുള്ള എക്‌സ്‌ചേഞ്ച് ബോണസ്, സ്‌ക്രാപ്പേജ് ആനുകൂല്യം, നിലവിലെ ഉപഭോക്താക്കൾക്കുള്ള ലോയൽറ്റി ബെനിഫിറ്റുകൾ എന്നിവയാണ് ഓഫറുകളിൽ ഉൾപ്പെടുന്നത്.

പഞ്ച് ഇവിക്ക് 1.45 ലക്ഷം രൂപ വരെ ലാഭിക്കാം

ഫെയ്‌സ്‌ലിഫ്റ്റിന് മുമ്പുള്ള ടാറ്റ പഞ്ച് ഇവി പതിപ്പിനാണ് ഏറ്റവും ഉയർന്ന വിലക്കുറവ് ലഭിക്കുന്നത്. പരമാവധി 1.45 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് ഈ മോഡലിന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 1.10 ലക്ഷം രൂപ വരെയുള്ള ഗ്രീൻ ബോണസും 35,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ സ്‌ക്രാപ്പേജ് ബോണസും ഉൾപ്പെടുന്നു. നിലവിൽ 7.99 ലക്ഷം രൂപ മുതൽ 11.14 ലക്ഷം രൂപ വരെയാണ് പഞ്ച് ഇവിയുടെ എക്‌സ്‌ഷോറൂം വില. 25 കിലോവാട്ട് അവർ, 35 കിലോവാട്ട് അവർ എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് വാഹനം ലഭിക്കുന്നത്.

ഒറ്റ ചാർജിൽ 365 കിലോമീറ്റർ വരെ സഞ്ചരിക്കാം

25 കിലോവാട്ട് അവർ ബാറ്ററി പതിപ്പ് 81.5 ബി.എച്ച്.പി കരുത്തും 114 എൻ.എം ടോർക്കും നൽകുന്നു. 35 കിലോവാട്ട് അവർ പതിപ്പിന് 122 ബി.എച്ച്.പി കരുത്തും 190 എൻ.എം ടോർക്കുമുണ്ട്. യഥാക്രമം 265 കിലോമീറ്ററും 365 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന എം.ഐ.ഡി.സി ഡ്രൈവിങ് റേഞ്ച്.

7.2 കിലോവാട്ട് വരെ ശേഷിയുള്ള എ.സി ചാർജിങ്ങും 50 കിലോവാട്ട് ശേഷിയുള്ള ഡി.സി ഫാസ്റ്റ് ചാർജിങ്ങും വാഹനത്തിൽ ലഭ്യമാണ്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ, ക്രൂയിസ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, ആറ് എയർബാഗുകൾ എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

നെക്‌സോൺ ഇവിക്ക് 45,000 രൂപ വരെ വിലക്കുറവ്

ടാറ്റ നെക്‌സോൺ ഇവി വാങ്ങുന്നവർക്കും മികച്ച ആനുകൂല്യങ്ങളുണ്ട്. പരമാവധി 45,000 രൂപ വരെയാണ് ലാഭിക്കാനാകുക. 10,000 രൂപയുടെ ഗ്രീൻ ബോണസും 35,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ സ്‌ക്രാപ്പേജ് ബോണസുമാണ് ലഭിക്കുക. 12.49 ലക്ഷം രൂപയാണ് നെക്‌സോൺ ഇവിയുടെ അടിസ്ഥാന വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില. ഉയർന്ന വേരിയന്റിന് 17.69 ലക്ഷം രൂപയാണ് വില.

രണ്ട് ബാറ്ററി ഓപ്ഷനുകൾ, 465 കിലോമീറ്റർ വരെ റേഞ്ച്

30 കിലോവാട്ട് അവർ മീഡിയം റേഞ്ച്, 40.5 കിലോവാട്ട് അവർ ലോങ് റേഞ്ച് എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് നെക്‌സോൺ ഇവി എത്തുന്നത്. മീഡിയം റേഞ്ച് പതിപ്പിന് ഒറ്റ ചാർജിൽ 325 കിലോമീറ്ററും ലോങ് റേഞ്ച് പതിപ്പിന് 465 കിലോമീറ്ററും സഞ്ചരിക്കാനാകുമെന്നാണ് ടാറ്റയുടെ അവകാശവാദം.

പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറാണ് ഇരു പതിപ്പുകളിലും ഉപയോഗിച്ചിരിക്കുന്നത്. ഇക്കോ, സിറ്റി, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിങ് മോഡുകളും വാഹനത്തിലുണ്ട്. നവംബർ 15 വരെയാണ് പഞ്ച് ഇവിക്കും നെക്‌സോൺ ഇവിക്കും പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകൾ ലഭ്യമാകുക. ഇലക്ട്രിക് എസ്‌യുവി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഓഫറുകൾ മികച്ച അവസരമായേക്കും.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.