ഒടുവില്‍ ബസ് ആ പെണ്‍കുട്ടിക്ക് തിരികെ നല്‍കി കെഎസ്‍ആര്‍ടിസി

By Web DeskFirst Published Apr 20, 2018, 1:19 PM IST
Highlights
  • പെണ്‍കുട്ടിയുടെ ഫോണ്‍കോള്‍ വൈറലായി
  • ഡിപ്പോ മാറ്റിയ ബസ് കെഎസ്‍ആര്‍ടിസി തിരികെ നല്‍കി

കഴിഞ്ഞ ദിവസമായിരുന്നു ആലുവ കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് ആ ഫോണ്‍ കോള്‍. ഫോണ്‍ എടുത്താകട്ടെ ഡിപ്പോയിലെ ഇന്‍സ്‌പെക്ടര്‍ സിടി ജോണി. ആ വണ്ടി ഞങ്ങളുടെ ചങ്കാണ് അതിനെ കൊല്ലരുതെന്ന് ഒരു പെണ്‍കുട്ടിയുടെ ഹൃദയത്തില്‍ തൊടുന്ന വാക്കുകള്‍ ജോണി കേട്ടു. കോട്ടയം ഈരറ്റുപേട്ടയില്‍ നിന്നാണെന്നു പരിചയപ്പെടുത്തിയ പെണ്‍കുട്ടി പേര് പറഞ്ഞില്ല. ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് ഞങ്ങള്‍ കൂറെ പേര്‍ ഉണ്ട് എന്നായിരുന്നു മറുപടി.  എന്തായാലും പറയാനുള്ളത് മുഴുവന്‍ ജോണി ക്ഷമയോടെ കേട്ടു.

ഈരാറ്റുപേട്ട-കൈപ്പള്ളി-കോട്ടയം- കട്ടപ്പന ലിമിറ്റഡ് സ്‌റ്റോപ്പായി സര്‍വീസ് നടത്തുന്ന ആര്‍ എസ് ടി 140 വേണാട് ബസ് ആലുവ ഡിപ്പോയിലേയ്ക്കു മാറ്റിയതിനെപ്പറ്റിയായിരുന്നു പെണ്‍കുട്ടിക്ക് പറയാനുണ്ടായിരുന്നത്. സ്ഥിരം യാത്ര ചെയ്യുന്ന ബസ് നഷ്ട്ടപ്പെട്ടതിനെക്കുറിച്ച് ആ പെണ്‍കുട്ടി പങ്കുവച്ച വേദനകള്‍ ജോണി ഉന്നത അധികാരികളെ അറിയിച്ചു. ഇതിനിടെ പെണ്‍കുട്ടിയുടെ ഫോണ്‍ സന്ദേശം വൈറലുമായി.

അതോടെ ആരാധികയുടെ ഹൃദയത്തില്‍ തൊട്ടുള്ള വിളി കെ സ് ആര്‍ ടി സിക്കു കേള്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കണ്ണൂരിലെത്തിയ ബസ് ഈരാറ്റുപേട്ടയിലേക്ക് അടിയന്തിരമായി എത്തിക്കാന്‍ കെ എസ് ആര്‍ ടി സി എം ഡി ടോമിന്‍ ജെ തച്ചങ്കിരി ഉത്തരവുമിട്ടു. മാത്രമല്ല ബസിന് എംഡി ഒരു പുതിയ പേരുമിട്ടു. ആര്‍ എസി സി 140 ചങ്ക് ബസ്.

എന്തായാലും ആ ഫോണ്‍ വിളി മൂലം നാട്ടുകാര്‍ക്ക് ചങ്കായ ബസ് തിരികെ ലഭിച്ചിരിക്കുന്നു. ഒപ്പം മാതൃകപരമായി മറുപടി നല്‍കിയ ജോണിക്ക് കെ എസ് ആര്‍ ടി സിയുടെ വക ഔദ്യോഗിക അഭിനന്ദന കത്തും.

click me!