രാജ്യത്തെ ആദ്യ ഇലക്ട്രിക് ബസ് സര്‍വ്വീസ് തുടങ്ങി

By Web DeskFirst Published Sep 23, 2017, 5:50 PM IST
Highlights

പൊതുഗതാഗതത്തിനായി രാജ്യത്തെ ആദ്യ ഇലക്ട്രിക് ബസ് ഹിമാചല്‍ പ്രദേശില്‍ സര്‍വ്വീസ് ആരംഭിച്ചു. ഹിമാചല്‍ പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് കീഴില്‍ സര്‍വ്വീസ് ആരംഭിച്ച ബസിന് ഗോള്‍ഡ്‌സ്റ്റോണ്‍ ഇ-ബസ് കെ7 എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ഇലക്ട്രിക് ബസ്സില്‍, 26 പേര്‍ക്ക് യാത്ര ചെയ്യാം. ചൈനയിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ BYD ഓട്ടോ ഇന്‍ഡ്‌സ്ട്രിയുടെ പങ്കാളിത്തത്തോടെ ഗോള്‍ഡ്‌സ്‌റ്റോണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡാണ് വാഹനത്തിന്റെ നിര്‍മാണം.

കുളു-മണാലി മുതല്‍ റോതങ് പാസ് വരെയാണ് രാജ്യത്തെ ആദ്യ ഇലക്ട്രിക് ബസ് സര്‍വ്വീസ് നടത്തുക.  ഒറ്റചാര്‍ജില്‍ 200 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഇലക്ട്രിക് ബസിന് സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ലിഥിയം അയേണ്‍ ഫോസ്‌ഫേറ്റ് ബാറ്ററിയാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഫാസ്റ്റ് ചാര്‍ജിങ് ടെക്‌നോളജി വഴി വെറും നാല് മണിക്കൂറിനുള്ളില്‍ ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്യാം. നിലവില്‍ പതിമൂവായിരം അടി ഉയരത്തിലുള്ള പാതയിലും, രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലും പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയതായി കമ്പനി അധികൃതര്‍ വ്യക്തമാക്കി. പൊതുഗതാഗതത്തിനായി ഹിമാചല്‍ പ്രദേശില്‍ 25 ഇലക്ട്രിക് ബസുകളാണ് കമ്പനി നിര്‍മ്മിച്ച് നല്‍കുക. കൂടാതെ ബ്രിഹാന്‍മുംബൈ ഇലക്ട്രിസിറ്റി സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടില്‍ നിന്ന് ആറ് ഇലക്ട്രിക് ബസുകള്‍ക്കുള്ള ഓര്‍ഡര്‍ ലഭിച്ചു കഴിഞ്ഞെന്നും കമ്പനി വ്യക്തമാക്കി.

click me!