ഇതാ റോഡിലെ പുതിയ നിയമങ്ങൾ

By Web DeskFirst Published Sep 23, 2017, 5:27 PM IST
Highlights

1.കാൽനടയാത്രക്കാർ
ചരിത്രത്തിൽ ആദ്യമായി പുതിയ മോട്ടോർ വാഹന നിയമത്തിൽ കാൽനടയാത്രക്കാരും ഇടംപിടിച്ചിരിക്കുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യകത. റോഡ് വാഹനങ്ങൾ ഓടിക്കാൻ മാത്രമുള്ളതാണെന്ന നിയമവും പലരുടെയും കാഴ്ചപ്പാടുമാണ് ഇതോടെ അപ്രസക്തമാകുന്നത്.‘സീബ്രാ’ വരകളിൽ റോഡ് കുറുകെക്കടക്കാൻ യാത്രക്കാരൻ തയാറായി നിന്നാൽ കാൽനട യാത്രക്കാരനു നിര്‍ബന്ധമായും മുന്‍ഗണന നൽകണം. സീബ്രാ ക്രോസിങ്ങിലുള്ള അപകടത്തിനു ഡ്രൈവർക്കു കൂടുതൽ ഉത്തരവാദിത്തം ഉണ്ട്.

2. ഡ്രൈവിങ് ടെസ്റ്റിന് പുതിയ നിയമം
ഡ്രൈവിങ് ടെസ്റ്റിന് ഇനി മുതൽ പുതിയ നിയമമാണു ബാധകം. ലേണേഴ്സ് ടെസ്റ്റ് മുതൽ പുതിയ നിയമങ്ങൾ പഠിക്കേണ്ടിവരും. ചോദ്യങ്ങൾ ഇതിനനുസരിച്ചു മാറും. നിലവിൽ ലൈസൻസ് ഉള്ളവരും പുതിയ നിയമം പഠിക്കണം.

3. ലെയ്ൻ ട്രാഫിക്
ഒന്നിൽ കൂടുതൽ ട്രാക്കുകളുള്ള റോഡിൽ വലതു വശത്തെ ട്രാക്ക് വേഗത്തിൽ പോകുന്ന വാഹനങ്ങൾക്കും ഇടതു വശത്തെ ട്രാക്ക് സ്പീഡ് കുറഞ്ഞ വാഹനങ്ങൾക്കും എന്നാണഅ വയ്പ്.  എന്നാൽ നമ്മുടെ സ്വന്തം നിയമപ്രകാരം വേഗത്തിൽ പോകേണ്ട വാഹനം ഇടത്തോട്ടും വലത്തോട്ടും വെട്ടിത്തിരിച്ചു തോന്നിയപോലൊക്കെ ഓടിക്കുകയാണ് പതിവ്. ഇതുമൂലമുള്ള അപകടങ്ങളും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ലെയ്‍ന്‍ ട്രാഫിക്കിനെപ്പറ്റി പുതി നിയമം വ്യക്തമായി പറയുന്നുണ്ട്. ഈ ലംഘിക്കുന്നവരെ ശിക്ഷിക്കാനും നിയമം കര്‍ശനമായി വ്യവസ്ഥ ചെയ്യുന്നു.

4. കൈ സിഗ്നല്‍ ഇനിയില്ല
വാഹനം ഓടിക്കുന്ന സമയത്ത് ഇതുവരെ അഞ്ചുതരം സിഗ്നനലുകളാണ് ഉണ്ടായിരുന്നത്. പുതിയനിയമമനുസരിച്ചു ഡ്രൈവർമാർ ഇനി കൈകൊണ്ടു സിഗ്നൽ കാണിക്കേണ്ട. പുതിയ നിയമ പ്രകാരം ഇതിൽ വാഹനത്തിന്റെ വേഗം കുറയ്ക്കുന്നതിനുള്ള സിഗ്നൽ ഇനിയില്ല. മറ്റു സിഗ്നലുകൾ ലൈറ്റ് ഉപയോഗിച്ചു ചെയ്യാം.

5. സിഗ്നല്‍ ലൈറ്റുകൾ
ട്രാഫിക് ജംഗ്‍ഷനിലെ നിയമങ്ങളെപ്പറ്റി നമുക്ക് വ്യക്തമായ ധാരണയുണ്ട്. ഒരുപക്ഷേ അതുമാത്രമാവും മഹാഭൂരിപക്ഷം പേരും കൃത്യമായി പാലിക്കുന്ന നിയമം. എങ്കിലും ചുവപ്പു സിഗ്നല്‍ കണ്ടാലും പാഞ്ഞ് അപ്പുറം കടക്കാന്‍ ശ്രമിക്കുന്നവര്‍ കുറവല്ല. ഇത്തരക്കാര്‍ക്കുള്ള ശിക്ഷ പഴയനിയമത്തില്‍ വ്യക്തമാക്കിയിരുന്നില്ല. പക്ഷേ എല്ലാത്തരം ലൈറ്റുകളെക്കുറിച്ചും പുതിയ നിയമം കൃത്യതയോടെ വ്യക്തമാക്കുന്നു. മീഡിയനുകളിൽ തോന്നിയപോലെ ലൈറ്റുകൾ സ്ഥാപിച്ചു മിന്നിക്കരുതെന്നും ഇത്തരം സാഹചര്യങ്ങളിൽ അതു മഞ്ഞ ലൈറ്റുകൾ തന്നെയാവണമെന്നാണു നിർദേശം.

6. വാഹനം കെട്ടിവലിക്കരുത്
കേടായ ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളുമൊക്കെ മറ്റൊരു വാഹനത്തിലിരുന്ന് കാലിനു ചവിട്ടി തള്ളിക്കൊണ്ടുപോകുന്നതു പലരുടെയും രീതിയാണ്. ഇനി അതു പാടില്ല. ഇത്തരമൊരു കാഴ്ചകണ്ടാൽ നടപടിയെടുക്കാൻ പൊലീസിന് ഇതുവരെ നിയമത്തിൽ അധികാരമുണ്ടായിരുന്നില്ല. ഇനി നടപടിയെടുക്കാം, പിഴ ചുമത്താം.

7. എമർജൻസി

ആംബുലൻസ്, ഫയർ എഞ്ചിന്‍ തുടങ്ങിയവ വരുമ്പോള്‍ വഴിമാറിക്കൊടുക്കാനുള്ള മര്യാദ നാമെല്ലാം കാണിക്കാറുണ്ട്. എന്നാല്‍ പൊലീസ് എസ്കോർട്ടോടെ ഹോണ്‍മുഴക്കി വരുന്ന വിവിഐപി വാഹനങ്ങളെക്കുറിച്ച് നമുക്ക് വലിയ പിടിയുണ്ടാവില്ല. പുതിയ നിയമത്തിൽ എമർജൻസി വാഹനങ്ങൾ ഏതൊക്കെയെന്നും അതിൽ തന്നെ മുൻഗണന ഏതിനൊക്കയെന്നും കൃത്യമായി നിര്‍വ്വചിച്ചിരിക്കുന്നു.

8. വിൽപനയും പരസ്യവും വേണ്ട
ചരക്കുകൾ കൊണ്ടുപോകാനും യാത്ര ചെയ്യാനും മാത്രമാണ് വാഹനങ്ങൾ എന്നാണ് പുതിയ നിയമം വ്യക്തമാക്കുന്നത്. പാസഞ്ചർ, ചരക്കു വാഹനങ്ങളിൽ പരസ്യം പ്രദർശിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. സ്വകാര്യ വാഹനങ്ങളിലെ പരസ്യത്തിനു ബന്ധപ്പെട്ട അതോറിറ്റിയുടെ അനുമതി നേടണം. അതുപോലെ വാഹനങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള തട്ടുകടകൾക്കും പുതിയ നിയമപ്രകാരം പൂട്ടുവീഴും. ഇത്തരം കച്ചവടകേന്ദ്രങ്ങൾ ഇനി പ്രവർത്തിപ്പിക്കാൻ കഴിയില്ല. വാഹനങ്ങളിലെ മീൻ കച്ചവടവും പച്ചക്കറി, പഴക്കച്ചവടം തുടങ്ങിയവയും നിയമാനുസൃതം നടത്താനാവില്ല.

9. കര്‍ശന നടപടി

സ്കൂൾ, ആശുപത്രി, നിർമാണസ്ഥലം, തുരങ്കം, ചുരം എന്നിവിടങ്ങളിലെല്ലാം എങ്ങനെ വാഹനം ഓടിക്കണം, എന്തൊക്കെ നിയന്ത്രണങ്ങൾ വേണം തുടങ്ങിയ കാര്യങ്ങളും നിയമത്തിൽ വ്യവസ്ഥചെയ്തിരിക്കുന്നു. അതുപോലെ പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ ചുമതലകളും വ്യക്തമായി നിർവചിച്ചിട്ടുണ്ട്.

10. ഒത്തുതീർപ്പ്
വാഹനം അപകടത്തിൽപ്പെട്ടാൽ പൊലീസ് കേസ് ആക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ഒത്തുതീർപ്പിലൂടെ പ്രശ്നം പരിഹരിക്കാമെന്നും നിയമത്തിൽ വ്യക്തമാക്കുന്നു. ഒത്തു തീർപ്പുണ്ടായില്ലെങ്കിൽ അക്കാര്യം പൊലീസിൽ അറിയിക്കണമെന്നു മാത്രം.

click me!