ഈ ബൈക്കിന്‍റെ ഐഡിയ ആരുടേതെന്ന് അറിയാമോ?

By Web TeamFirst Published Feb 6, 2020, 11:49 AM IST
Highlights

പുതിയ രണ്ട് ഇലക്ട്രിക് കണ്‍സെപ്റ്റുകളുമായി ഐക്കണിക്ക് അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍.

പുതിയ രണ്ട് ഇലക്ട്രിക് കണ്‍സെപ്റ്റുകളുമായി ഐക്കണിക്ക് അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍. കമ്പനിയുടെ യുഎസ് വെബ്‌സൈറ്റില്‍ ആണ് ലൈറ്റ്‌വെയ്റ്റ് ഇവി എന്ന അര്‍ബന്‍ സ്‌കൂട്ടറിനെയും മിഡില്‍വെയ്റ്റ് ഇവി എന്ന ഇലക്ട്രിക് ഫഌറ്റ് ട്രാക്ക് മോട്ടോര്‍സൈക്കിളിന്‍റെയും ചിത്രങ്ങള്‍ പുറത്തുവിട്ടത്. സ്‌പെസിഫിക്കേഷനുകള്‍, ഫീച്ചറുകള്‍, വിപണി അവതരണം എന്നീ കാര്യങ്ങള്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ വെളിപ്പെടുത്തിയിട്ടില്ല.

ഹാര്‍ലി ഡേവിഡ്‌സണിന്റെ എക്‌സ്ആര്‍750 ഫ്ളാറ്റ് ട്രാക്ക് മോട്ടോര്‍സൈക്കിളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ് മിഡില്‍വെയ്റ്റ് ഇവി കണ്‍സെപ്റ്റ്. ഇന്‍ഡിക്കേറ്ററുകള്‍, നമ്പര്‍ പ്ലേറ്റ് ഹാങ്ങര്‍ എന്നിവ നല്‍കിയതിനാല്‍ മിഡില്‍വെയ്റ്റ് ഇവി കണ്‍സെപ്റ്റ് വൈകാതെ നിര്‍മിച്ചുതുടങ്ങുമെന്ന് പ്രതീക്ഷിക്കാം. സ്ട്രീറ്റ്‌ഫൈറ്റര്‍ രൂപകല്‍പ്പനയാണ് മിഡില്‍വെയ്റ്റ് ഇവി കണ്‍സെപ്റ്റില്‍. നീളമേറിയതും വീതി കുറഞ്ഞതുമായ സീറ്റ്, പരന്ന ഹാന്‍ഡില്‍ബാര്‍, ഫ്യൂച്ചറിസ്റ്റിക് എല്‍ഇഡി ഹെഡ്‌ലാംപ് എന്നിവ കാണാം. നഗരങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയും.

ബൈസൈക്കിളും സ്‌കൂട്ടറും സമ്മേളിച്ചതാണ് ലൈറ്റ്‌വെയ്റ്റ് ഇവി. ഡൗണ്‍ട്യൂബ് ക്രേഡില്‍ ഉപയോഗിച്ചാണ് കണ്‍സെപ്റ്റ് വാഹനം നിര്‍മിച്ചിരിക്കുന്നത്. ബാറ്ററി പാക്കും മോട്ടോറും ഫ്രെയിമില്‍തന്നെ നല്‍കി. പഴയകാലത്തെ സീറ്റ് കാണാം. വര്‍ഷങ്ങള്‍ക്കുമുമ്പത്തെ സൈക്കിളുകളില്‍ കണ്ട അതേ ഹാന്‍ഡില്‍ബാര്‍ നല്‍കി. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ നല്‍കിയതുകൂടാതെ ഹാര്‍ഡ്‌ടെയ്ല്‍, തടിച്ച ടയറുകള്‍ എന്നിവ സവിശേഷതകളാണ്. ലൈറ്റ്‌വെയ്റ്റ് ഇവി കണ്‍സെപ്റ്റ് നിര്‍മിച്ച് വിപണിയില്‍ എത്തിക്കുമോയെന്ന് സ്ഥിരീകരണമില്ല.

അതേസമയം, ഹാര്‍ലി ഡേവിഡ്‌സണിന്റെ ഏറ്റവും താങ്ങാവുന്ന മോട്ടോര്‍സൈക്കിള്‍ ഈ വര്‍ഷം ജൂണില്‍ വിപണിയിലെത്തും. ഏഷ്യൻ വിപണി ലക്ഷ്യമിട്ടാണ് ചൈനീസ് പങ്കാളിത്തത്തോടെ ഹാർലി ഡേവിഡ്സൻ ഈ എൻജിൻ ശേഷി കുറഞ്ഞ മോട്ടോർ സൈക്കിളുകൾ വികസിപ്പിക്കുന്നത്.  ഇറ്റാലിയൻ ബ്രാൻഡായ ബെനെലിയുടെ ഉടമസ്ഥരാണ് ഷിജിയാങ് ക്വിയാൻജിയാങ് മോട്ടോർ സൈക്കിള്‍സ്. ഏഷ്യൻ രാജ്യങ്ങളിലെ നിർമാതാക്കളുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയാറാണെന്നാണ് ഹാര്‍ലി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

റോയല്‍ എന്‍ഫീല്‍ഡിന്‍റെ ബുള്ളറ്റിനെ നേരിടുകയാണ് ഈ കൂട്ടുകെട്ടിന്‍റെ പ്രധാന പദ്ധതി. ഇതിനായി 250 മുതൽ 500 വരെ സിസി എൻജിൻ കപ്പാസിറ്റിയുള്ള മിഡ് സൈസ് റെട്രോ ലുക്ക് ബൈക്കുകൾ പുറത്തിറക്കാനാണ് പദ്ധതി.  അടുത്ത ഒരു വർഷത്തിനിടെ ബെനെല്ലിയുടെ പദ്ധതികൾ വെളിപ്പെടുത്തുന്നതിനൊപ്പം നിലവിൽ വികസന ഘട്ടത്തിലുള്ള ഈ ബൈക്കിന്റെ ആദ്യ ചിത്രങ്ങളും ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ഹാർലി ഡേവിഡ്സൻ ബ്രാൻഡിൽ വിപണിയിലിറങ്ങുന്ന പുത്തൻ 338 സി സി മോട്ടോർ സൈക്കിൾ വരുന്ന ജൂണോടെ വിൽപനയ്ക്കെത്തുമെന്നാണു റിപ്പോര്‍ട്ടുകള്‍.

ബെനെലിയുടെ 302 പ്ലാറ്റ്ഫോമിന്റെ വകഭേദത്തിലാണ് 338 സി സി എൻജിനുള്ള ഹാർലി ഡേവിഡ്‍സൻ ബൈക്ക് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 300 സി സി, പാരലൽ ട്വിൻ എൻജിനാണ്  ബെനെലി 302ന്‍റെ ഹൃദയം. 11,500 ആർ പി എമ്മിൽ 38.26 ബി എച്ച് പി വരെ കരുത്തും 10,000 ആർ പി എമ്മിൽ 26.5 എൻ എം ടോർക്കും ഈ എൻജിൻ സൃഷ്ടിക്കും.

ഏഷ്യൻ വിപണികളായ തായ്‌ലൻഡ്, ഇന്തൊനീഷ, വിയറ്റ്നാം, ഫിലിപ്പൈൻസ്, മലേഷ്യ, ജപ്പാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിലും ഓസ്ട്രേലിയയിലുമുള്ള വിപണന സാധ്യത ലക്ഷ്യമിട്ടാണ് ഷിജിയാങ് ക്വിയാൻജിയാങ് മോട്ടോർ സൈക്കിളുമായി ദീർഘകാല സഖ്യത്തിന് ഹാർലി ഡേവിഡ്സൻ സന്നദ്ധത തയാറായത്. ആദ്യഘട്ടത്തിൽ ചൈനയിലാവും പുതിയ ബൈക്ക് വിൽപ്പനയ്ക്കെത്തുക. ക്രമേണ ഇന്ത്യയടക്കമുള്ള മറ്റു വിപണികളിലേക്കും ഈ 338 സി സി ബൈക്കിന്റെ വിൽപ്പന ഹാർലി ഡേവിഡ്സൻ വ്യാപിപ്പിച്ചേക്കും. വികസ്വര രാജ്യങ്ങളിലെ വിപണികളില്‍ നേട്ടമുണ്ടാക്കണമെങ്കില്‍ വില കുറയ്‍ക്കുകയല്ലാതെ വഴിയില്ല എന്നതിനാല്‍ വി–ട്വിൻ എൻജിനുള്ള ഈ ചെറു ബൈക്കുകൾക്ക് വില കുറവായിരിക്കും എന്നാണ് സൂചന.

click me!