പുത്തന്‍ ക്രേറ്റയുടെ ബുക്കിംഗ് വേഗത കണ്ട് അന്തംവിട്ട് ഹ്യുണ്ടായിയും വാഹനലോകവും!

By Web DeskFirst Published Jun 3, 2018, 7:28 PM IST
Highlights
  • പുത്തന്‍ ക്രേറ്റയുടെ ബുക്കിംഗ് വേഗത
  • അന്തംവിട്ട് ഹ്യുണ്ടായിയും വാഹനലോകവും

ഹ്യുണ്ടായിയുടെ ജനപ്രിയ വാഹനം ക്രേറ്റയുടെ പുതിയ പതിപ്പിനെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വാഹനലോകം. മെയ് അവസാന വാരമാണ് രണ്ടാം തലമുറ ക്രെറ്റെയെ ഹ്യുണ്ടായി  ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. സണ്‍റൂഫോടു കൂടി എത്തുന്ന വാഹനത്തെക്കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍ അമ്പരപ്പിക്കുന്നതാണ്. കേവലം പത്തു ദിവസം കൊണ്ടു പുതിയ ക്രെറ്റ നേടിയത് 14,366 ബുക്കിംഗാണെന്നാണ് ആ വാര്‍ത്ത. 70,000 ല്‍ അധികം അന്വേഷണങ്ങളും എസ്‍യുവിയെ തേടിയെത്തി.

മോഹിപ്പിക്കുന്ന വില തന്നെയാണ് പുത്തന്‍ ക്രേറ്റയുടെ ഏറ്റവും വലിയ പ്രത്യേകത. 9.43 ലക്ഷം രൂപയിലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ഏറ്റവും ഉയര്‍ന്ന ക്രെറ്റ ഡീസല്‍ വകഭേദത്തിന് വില 15.03 ലക്ഷം രൂപയാണ് വില.

E, E പ്ലസ്, S, SX, SX (ഇരട്ട നിറം), SX(O) എന്നിങ്ങനെ ആറു വകഭേദങ്ങളുണ്ട്.  1.4 ലിറ്റര്‍ ഡീസല്‍, 1.6 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് ഹൃദയം. 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 88.7 bhp കരുത്തുത്പാദിപ്പിക്കും. യഥാക്രമം 121 bhp, 126 bhp എന്നിങ്ങനെയാണ് 1.6 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളുടെ കരുത്തുത്പാദനം.

ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ്  1.4 ലിറ്റര്‍ എഞ്ചിനില്‍ ഇടംപിടിക്കുന്നത്.  1.6 ലിറ്റര്‍ എഞ്ചിന്‍ പതിപ്പുകളില്‍ ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഉണ്ടാകും.

വൈറ്റ്, ഓറഞ്ച്, സില്‍വര്‍ ബ്ലൂ, റെഡ്, വൈറ്റ്/ബ്ലാക് (ഇരട്ടനിറം), ഓറഞ്ച്/ബ്ലാക് (ഇരട്ടനിറം) എന്നിങ്ങനെ ഏഴു നിറങ്ങളിലാണ് വാഹനം എത്തുന്നത്.ഡ്യൂവല്‍ ടോണ്‍ ഫിനിഷില്‍ അകത്തളം, ക്രോം ഫിനിഷോടു കൂടിയ ഗ്രില്‍, നവീകരിച്ച ബമ്പര്‍, സ്റ്റൈലിഷ് എല്‍ഇഡി ഫോഗ് ലാംപുകള്‍, പിന്നിലെ ബമ്പറിലെ ചെറിയ മാറ്റങ്ങള്‍, ടെയില്‍ലാമ്പിലെ തുടങ്ങിയ മാറ്റങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.  

 

click me!