ഹ്യുണ്ടായി സാന്‍ട്രോ തിരികെ വരുന്നൂ!

Published : Aug 25, 2017, 11:15 AM ISTUpdated : Oct 05, 2018, 12:56 AM IST
ഹ്യുണ്ടായി സാന്‍ട്രോ തിരികെ വരുന്നൂ!

Synopsis

ഒരുകാലത്ത് ഇന്ത്യന്‍ വാഹന വിപണിയില്‍ തരംഗം സൃഷ്‍ടിച്ച വാഹനമായിരുന്നു ഹ്യുണ്ടായി സാന്‍ട്രോ. ചുരുങ്ങിയ സമയത്തിനുള്ളില്‍ ജനഹൃദയങ്ങള്‍ കീഴടക്കിയ ജനപ്രിയ വാഹനം. 1998-ല്‍ ടോള്‍ ബോയ് ഡിസൈനില്‍ ഇന്ത്യയിലെത്തിയ സാന്‍ട്രോ വളരെ പെട്ടെന്നാണ് മാരുതി സുസുക്കിക്ക് വെല്ലുവിളി ഉയര്‍ത്തിയത്. ഒടുവില്‍ നീണ്ട പതിനാറ് വര്‍ഷത്തിനു ശേഷം 2014-ല്‍ സാന്‍ട്രോ പെട്ടെന്നു വിട പറഞ്ഞപ്പോള്‍ വാഹനപ്രേമികള്‍ അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു പോയിരുന്നു. കാരണം  നിര്‍മാണം അവസാനിപ്പിക്കുമ്പോഴും വില്‍പ്പനയില്‍ സ്ഥിരതയാര്‍ന്ന പ്രകടനമായിരുന്നു ഈ ഹാച്ച്ബാക്കിന്റെത്. ഒരു മാസം ഏകദേശം 2000 യൂണിറ്റ് എന്ന നിലയില്‍ ചൂടപ്പം പോലെ വിറ്റു പോയിരുന്ന ഒരു വാഹനത്തെ ഒരു സുപ്രഭാതത്തില്‍ നഷ്‍ടമായാല്‍ എങ്ങനെ അവര്‍ അമ്പരക്കാതിരിക്കും? എന്തായാലും സാന്‍ട്രോ പ്രേമികള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. പുത്തന്‍ രൂപത്തില്‍ ജനപ്രിയ സാന്‍ട്രോ തിരികെയെത്തുന്നുവത്രെ!

സാന്‍ട്രോ പുത്തന്‍ രൂപത്തില്‍ അടുത്ത വര്‍ഷം പകുതിയോടെ തിരിച്ചെത്തിയേക്കുമെന്നാണ് വാഹന ലോകത്തെ പുതിയ വാര്‍ത്തകള്‍. പുതുതലമുറ വെര്‍ണ പുറത്തിറക്കുന്ന ചടങ്ങില്‍ ഹ്യുണ്ടായി സിഇഒ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ വൈ കെ കൂ ആണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. ഇന്ത്യയില്‍ ഹ്യുണ്ടായി കുടുംബത്തിലെ പുതിയ കോംപാക്ട് കാര്‍ അടുത്ത വര്‍ഷം രണ്ടാം പാദത്തില്‍ അവതരിപ്പിക്കുമെന്നാണ് കൂ വ്യക്തമാക്കിയത്. നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ മോഡല്‍ അടിമുടി പുതിയ രൂപത്തില്‍ പിറവിടെയുത്ത സാന്‍ട്രോ ആണെന്നാണ് സൂചന.

ടോള്‍ ബോയ് ഡിസൈന്‍ വിട്ട് ഹ്യുണ്ടായി ഫ്ലൂയിഡിക് 2.0 പാറ്റേണിലാകും 2018 സാന്‍ട്രോ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രോസ്ഓവര്‍ സ്‌റ്റൈലിലാകും കോംപാക്ട് കാര്‍ പുറത്തിറങ്ങുകയെന്നും രൂപകല്പനയിലും സവിശേഷതകളിലും പ്രീമിയം വിപണിക്കൊത്തതാകും പുതിയ മോഡലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ മോഡല്‍ ഒരു കുടുംബ വാഹനമാണെന്നും ഓട്ടോമാറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ പതിപ്പില്‍ ലഭ്യമാകുമെന്നും വൈകെ കൂ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മോഡല്‍ ഏതാണെന്നത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ കമ്പനി നല്‍കിയിട്ടില്ല. ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം നേരത്തെ നിര്‍മാണം അവസാനിപ്പിച്ച ജനപ്രിയ മോഡല്‍ i10-ന് പകരക്കാരനായാകും പുത്തന്‍ സാന്‍ട്രോ എന്നാണ് സൂചന.

നേരത്തെ ഹ്യുണ്ടായി അവതരിപ്പിച്ച കോംപാക്ട് കാറുകളെക്കാള്‍ നീളവും വീതിയും ഈ പുതിയ മോഡലിന് കൂടുതലുണ്ടാകും. മെക്കാനിക്കല്‍ ഫീച്ചേര്‍സ് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും 1.0 ലിറ്റര്‍/1.1 ലിറ്റര്‍ എഞ്ചിനില്‍ പുത്തന്‍ സാന്‍ട്രോ നിരത്തിലെത്താനാണ് സാധ്യത. എകദേശം 4-6 ലക്ഷത്തിനുള്ളിലാകും വിപണി വിലയെന്നും വാഹനത്തിന്റെ മറ്റ് ഫീച്ചേര്‍സുകള്‍ അധികം വൈകാതെ കമ്പനി പുറത്തുവിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2014-ന് ശേഷം സാന്‍ട്രോയുടെ സ്ഥാനത്ത് ഇയോണും i10, ഗ്രാന്റ് i10 മോഡലുകളും എത്തിയിരുന്നു. ഈ മോഡലുകളും ജനഹൃദയങ്ങള്‍ കീഴടക്കിയെങ്കിലും സാന്‍ട്രോയുടെ പേര് ഇന്നും മായാതെ നില്‍പ്പുണ്ട്.  i10 നിര്‍മാണം കമ്പനി അവസാനിപ്പിച്ചിരുന്നു. അതിനാല്‍ ഇയോണിനും ഗ്രാന്റ് i10-നും ഇടയിലാവും പുതിയ സാന്‍ട്രോയുടെ സ്ഥാനം. ടാറ്റ ടിയാഗോ ഓട്ടോമാറ്റിക്, റെനോ ക്വിഡ് ഓട്ടോമാറ്റിക് എന്നിവയാകും സാന്‍ട്രോയുടെ മുഖ്യ എതിരാളികള്‍.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Electric Vehicles, Newly launched cars in india, Bike Reviews in Malayalam , Car Reviews in Malayalam , തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

എസ്‌യുവി യുദ്ധം: 2025 നവംബറിൽ ഒന്നാമനായത് ആര്?
29.9 കിലോമീറ്റർ മൈലേജ്! ടാറ്റ സിയറയുടെ റെക്കോർഡ് നേട്ടത്തിൽ ഞെട്ടി എതിരാളികൾ