പെണ്‍സ്വപ്നങ്ങള്‍ക്ക് കരുത്തു പകര്‍ന്നവളുടെ യാത്ര ഇനി അരക്കോടിയുടെ റേഞ്ച് റോവറില്‍

By Web DeskFirst Published Aug 25, 2017, 10:22 AM IST
Highlights

രാജ്യത്തെ വനിതകളുടെ സ്വപ്നങ്ങള്‍ക്ക് കരുത്തു പകര്‍ന്ന കായിക താരമാണ് ഗീത ഫോഗട്ട്. വനിതാ ഗുസ്തിയിലെ ഇതിഹാസം. ആണധികാരത്തിന്‍റെ കീഴില്‍ അടിച്ചമര്‍ത്തപ്പെട്ട മഹാഭൂരിപക്ഷം വരുന്ന രാജ്യത്തെ സ്‍ത്രീജനങ്ങളെ സ്വപ്നം കാണാന്‍ പഠിപ്പിച്ചവള്‍. ഗീതയുടെയും അച്ഛന്‍ മഹാവീര്‍ സിംഗ് ഫോഗോട്ടിന്‍റെയും ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ആമിർ ഖാന്‍ ചിത്രം ദംഗൽ ഇപ്പോഴും തിയേറ്ററുകളില്‍ ഓളം തീര്‍ക്കുന്നു. ആ ഗീതയുടെ യാത്ര ഇനി അരക്കോടി രൂപ വിലയുള്ള റേഞ്ച് റോവര്‍ ഇവോക്കിലാണെന്നതാണ് വാഹന ലോകത്തെ കൗതുക വാര്‍ത്തകളില്‍ ശ്രദ്ധേയം. പുത്തന്‍ വാഹനം വീട്ടിലെത്തിയ വിവരം ഫേസ് ബുക്കിലൂടെ ഗീത തന്നെയാണ് ആരാധകരെ അറിയിച്ചത്. ഗുസ്തിതാരം കൂടിയായ ഭര്‍ത്താവ് പവന്‍ കുമാറിനൊപ്പമുള്ള ഇവോക്കിന്റെ ചിത്രമാണ് ഗീത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‍തത്.

പെൺ ഭ്രൂണഹത്യയ്ക്കും പെൺശിശുഹത്യയ്ക്കും കുപ്രസിദ്ധി നേടിയ ഹരിയാനയിലെ ഒരു ഉൾനാടൻ ഗ്രാമവാസിയും ഗുസ്തിക്കാരനുമായ മഹാവീറിനു സാമ്പത്തിക കാരണങ്ങളാൽ ഗുസ്തിഭ്രം തുടരാൻ സാധിക്കാത്തതും രാജ്യത്തിനു വേണ്ടി മെഡൽ നേടുക എന്ന തന്‍റെ നടക്കാതെ പോയ സ്വപ്നം തനിക്ക് ജനിക്കുന്ന മകനിലൂടെ സാധിക്കുമെന്ന പ്രത്യാശയിൽ കഴിയുന്നതുമാണ് ദംഗല്‍ സിനിമയുടെ ഇതിവൃത്തം. എന്നാല്‍  മഹാവീറിനു ഒന്നിനു പുറകെ ഒന്നായി ജനിക്കുന്നത് നാല് പെൺകുഞ്ഞുങ്ങളാണ്. തന്റെ മക്കളും വീട്ടു ജോലി ചെയ്തു കുടുംബിനികളായി കഴിയാൻ വിധിക്കപ്പെട്ടവരാണെന്ന് അയാളും തിരിച്ചറിയുന്നു. പക്ഷേ കുട്ടികളായ ഗീതയും ബബിതയും അവരെ കമന്റ്ടിച്ച രണ്ട് ആൺ കുട്ടികളെ തല്ലിയ സംഭവത്തിലൂടെ അവർക്ക് ഗുസ്തിയിൽ ഭാവിയുണ്ട് എന്ന് മഹാവീർ മനസ്സിലാക്കുന്നതും അവരെ രാജ്യത്തിന്‍റെ അഭിമാനതാരങ്ങളായി മഹാവീര്‍ വാര്‍ത്തെടുക്കുന്നതുമാണ് സിനിമ.

കഠിനാധ്വാനത്തിന്റെ ഫലം എപ്പോഴും മികച്ച വിജയമായിരിക്കുമെന്ന കുറിപ്പോടെയാണ് ഗീതയുടെ പോസ്റ്റ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി സ്വര്‍ണം നേടുന്ന ആദ്യ വനിതാ താരമാണ് ഗീത.  2010 ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 55 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണമണിഞ്ഞാണ് ഈ നേട്ടം ഗീതാ സ്വന്തമാക്കിയിരുന്നു. 2009, 2011 കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പിലും ഗീത സ്വര്‍ണം നേടിയിട്ടുണ്ട്.

ടാറ്റ മോട്ടോഴ്‍സിന്‍റെ ഉടമസ്ഥതയിലുള്ള ജാഗ്വര്‍ ലാന്‍റ് റോവര്‍ നിര്‍മ്മിക്കുന്ന കരുത്തന്‍ ആഢംബര എസ്‍യുവിയാണ് റേഞ്ച് റോവര്‍ ഇവോക്ക്. ഈ നിരയിലെ ചുവപ്പും കറുപ്പും ചേര്‍ന്ന നിറത്തിലുള്ള എച്ച്എസ്ഇ വേരിയന്റാണ് ഗീത ഫോഗട്ട് സ്വന്തമാക്കിയിരിക്കുന്നത്.ഇഗ്നീഷ്യം എന്‍ജിനില്‍ ഇന്ത്യയിലെത്തിയ ആദ്യ റേഞ്ച് റോവര്‍ വാഹനമാണ് ഇവോക്ക്. 2.0 ലിറ്റര്‍ ഇഗ്നീഷ്യം ഡീസല്‍ എന്‍ജിന്‍ 177 ബിഎച്ച്പി കരുത്തും 430 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. 9 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.  42.36 ലക്ഷം രൂപ മുതല്‍ 56.96 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 2011-ല്‍ ആദ്യമായി ഇന്ത്യന്‍ വിപണിയിലെത്തിയ ഇവോക്ക് ഇത് രണ്ടു തവണ മുഖം മിനുക്കി ഇന്ത്യയിലെത്തിയിരുന്നു.

click me!