
തൊടുപുഴ : കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ പറുദീസയാണ് ഇടുക്കി. ദിവസവും ആയിരങ്ങള്‍ ഒഴുകിയെത്തിയിരുന്ന മനോഹര ദേശം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലെ പ്രളയക്കെടുതി സാധാരണക്കാരന്‍റെ ജീവിതത്തിനൊപ്പം ഇടുക്കിയുടെ വിനോദസഞ്ചാരമേഖലയെയും തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുന്നു. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും തകർന്നടിഞ്ഞ്, സഞ്ചാരികളൊഴിഞ്ഞ ഇടുക്കിയാണ് ഇപ്പോള്‍.
സഞ്ചാരികളുടെ ഇഷ്‍ടകേന്ദ്രമായിരുന്നു മൂന്നാര്‍. ദിവസേന ശരാശരി അയ്യായിരം ടൂറിസ്റ്റുകൾ വരെ ഇവിടെ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തീര്‍ത്തും ഒറ്റപ്പെട്ടനിലയിലാണ് മൂന്നാര്‍. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും റോഡുകൾ പൂർണമായും തകർന്നതോടെ മൂന്നാറിന് ഇപ്പോള്‍ പുറംലോകവുമായി ഒരു ബന്ധവുമില്ല. വൈദ്യുതി, ഫോൺ ബന്ധങ്ങളും താറുമാറായി. ഇപ്പോൾ നൂറിൽ താഴെ സന്ദർശകര്‍ മാത്രമാണ് ഇങ്ങോട്ട് എത്തുന്നത്. ലോഡ്‍ജുകളും റിസോർട്ടുകളും കാലിയാണ്.
മഴക്കെടുതിയില്‍ ജില്ലയില്‍ നിരവധി അപകടങ്ങള്‍ സംഭവിച്ചിരുന്നു. ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇതോടെ ജില്ലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന സർക്കാർ നിർദേശമുണ്ട്. ഇതും ടൂറിസം മേഖല ശൂന്യമാവാൻ കാരണമായി.
സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്ത് മൂന്നാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. മാട്ടുപ്പെട്ടി, രാജമല, പഴയ മൂന്നാർ ഹൈഡൽ ഉദ്യാനം എന്നിവയൊക്കെ അടച്ചിട്ടിരിക്കുകയാണ്. ശനി, ഞായർ ദിവസങ്ങളിൽ പതിനായിരങ്ങള്‍ എത്തിയിരുന്ന വാഗമൺ മൊട്ടക്കുന്നുകൾ, കോലാഹലമേട്ടിലെ ആത്മഹത്യാ മുനമ്പ്, പൈൻവാലി, ഓർക്കിഡ് ഫാം എന്നിവിടങ്ങളിലേക്ക് ഇപ്പോള്‍ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നില്ല. മഴ മാറി നീലക്കുറിഞ്ഞി പൂക്കാലം എന്ന് ആരംഭിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നു.
ദിവസങ്ങളായി മൂന്നാർ മേഖലയിൽ വൈദ്യുതി ഇല്ല. മൂന്നാറിലെ വിവിധ ഭുരിതാശ്വസ ക്യാമ്പുകളിലായി 600-ലധികം പേരാണ് കഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.