ഇനി ഐഎസ്ഐ മുദ്രയുള്ള ഹെല്‍മെറ്റുകള്‍ നിര്‍ബന്ധം

Published : Sep 21, 2017, 09:13 PM ISTUpdated : Oct 04, 2018, 07:55 PM IST
ഇനി ഐഎസ്ഐ മുദ്രയുള്ള ഹെല്‍മെറ്റുകള്‍ നിര്‍ബന്ധം

Synopsis

തിരുവനന്തപുരം: പൊലീസിനെ കബളിപ്പിക്കാന്‍ ഏതെങ്കിലുമൊരു ഹെല്‍മെറ്റ് തലയില്‍ വെച്ചാല്‍ മാത്രം മതി എന്നു കരുതുന്നവരാണ് നമ്മളില്‍ പലരും. വഴിയോരത്തു നിന്നും വാങ്ങിക്കുന്ന ഡ്യൂപ്ലിക്കേറ്റ് ഹെല്‍മറ്റുകള്‍ ധരിക്കുന്നതും ധരിച്ച ഹെല്‍മറ്റിന്‍റെ സ്റ്റാപ്പിടാത്ത അലസതയുമെല്ലാം ഇത്തരം പ്രവണതയുടെ ഭാഗമാണ്. എന്നാല്‍ ഇനി മുതല്‍ അങ്ങനെ ഏതെങ്കിലുമൊരു ഹെല്‍മെറ്റ് ധരിച്ചാല്‍ പോര. തലയ്ക്കിണങ്ങിയ സുരക്ഷിതമായ  ഐഎസ്‌ഐ മുദ്രയുള്ള ഹെല്‍മറ്റുകള്‍ തന്നെ വേണം. റോഡുകളിലെ സുരക്ഷ കര്‍ശനമായി നടപ്പിലാക്കുന്നതിനു നിയോഗിക്കപ്പെട്ട സുപ്രീംകോടതി കമ്മറ്റിയുടെ നിര്‍ദേശമനുസരിച്ചാണ് സംസ്ഥാനത്ത് ഐഎസ്‌ഐ മുദ്രയുള്ള ഹെല്‍മറ്റുകള്‍ നിര്‍ബന്ധമാക്കാന്‍ ഗതാഗത വകുപ്പിന്റെ തീരുമാനിച്ചു.

വിപണിയിലെത്തുന്നത് ഐഎസ്‌ഐ മുദ്രയുള്ള ഹെല്‍മറ്റുകള്‍ മാത്രമാണെന്ന് ഉറപ്പാക്കണമെന്നും വ്യാജ മുദ്രകള്‍ പതിച്ചതും ഗുണമേന്‍മയില്ലാത്തതുമായ ഹെല്‍മറ്റുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സെയില്‍ ടാക്‌സ്, ലീഗല്‍ മെട്രോളജി വകുപ്പുകള്‍ക്കു ഗതാഗത വകുപ്പ് സെക്രട്ടറി കത്തു നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഗുണമേന്മയില്ലാത്ത ഹെല്‍മറ്റുകള്‍ ധരിക്കുന്നതിലൂടെ അപകടങ്ങള്‍ വര്‍ധിക്കുകയാണെന്ന് ഈ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പിഴ ഒഴിവാക്കാനായാണ് വഴിയോരങ്ങളില്‍ വില്‍ക്കുന്ന ഗുണമേന്മയില്ലാത്ത ഹെല്‍മറ്റുകള്‍ ആളുകള്‍ വാങ്ങുന്നത്. ചെറിയൊരു അപകടത്തില്‍തന്നെ പൊട്ടിപ്പോകുന്ന ഇത്തരം ഹെല്‍മറ്റുകള്‍ ദുരന്തം ക്ഷണിച്ചുവരുത്തുന്നു. ഇത്തരം ഹെല്‍മറ്റുകളിലെ ഐഎസ്‌ഐ മുദ്രകള്‍ വ്യാജമാണെന്നും മുദ്രകള്‍ കൃത്യമാണോയെന്നു രേഖകള്‍ പരിശോധിച്ചു കണ്ടെത്തണമെന്നും ഗതാഗതവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമം നടപ്പിലാകുന്നുണ്ടോയെന്നു ഗതാഗത വകുപ്പ് പരിശോധിക്കാനും നിയമലംഘനം നടത്തുന്നവരില്‍നിന്നു പിഴ ഈടാക്കാനുമാണു തീരുമാനം.

ഐഎസ്‌ഐ മുദ്രയുള്ള ഹെല്‍മറ്റ് ഉപയോഗിക്കണമെന്ന് നേരത്തെ നിര്‍ദേശമുണ്ടെങ്കിലും നിയമം കര്‍ശനമായി നടപ്പിലാക്കിയിരുന്നില്ല. ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായ കമ്മറ്റിയുടെ ഇടപെടലാണ് പുതിയ നീക്കത്തിനു പിന്നില്‍.

ഇരുചക്രവാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഗുണമേന്‍മയുള്ള ഹെല്‍മറ്റ് ഒപ്പം നല്‍കണമെന്ന നിര്‍ദേശം ഗുണം ചെയ്തിട്ടുണ്ടെന്നും പുതിയ തീരുമാനത്തിലൂടെ അപകടങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗതാഗത വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം 39,420 വാഹന അപകടങ്ങളുണ്ടായതില്‍ ഇരുചക്രവാഹനങ്ങള്‍ കാരണമുണ്ടായ അപകടങ്ങള്‍ 14,849 ആണ്. 1,474 പേര്‍ അപകടങ്ങളില്‍ മരിച്ചു. 15,591 പേര്‍ക്ക് പരുക്കേറ്റു.

കഴിഞ്ഞവര്‍ഷം കേരളത്തില്‍ ഇരുചക്ര വാഹനാപകടത്തില്‍ മരിച്ചവരില്‍ 65 ശതമാനവും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അടുത്തകാലത്താണ് പുറത്തുവന്നത്. ബൈക്ക്, സ്‌കൂട്ടര്‍, മോപ്പഡ് എന്നിവയില്‍ സഞ്ചരിച്ചിരുന്ന 1,293 പേരാണ് മരിച്ചത്. ഇവരില്‍ 839 പേര്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ഇതില്‍ 676 പേര്‍ പുരുഷന്മാരും 163 പേര്‍ സ്ത്രീകളുമാണ്. ഹെല്‍മെറ്റ് ധരിക്കാതിരുന്നത് രാജ്യത്ത് 10,135 പേരാണ്. ഇതില്‍ 1519 സ്ത്രീകളും ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഉത്തര്‍പ്രദേശിലാണെന്നും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
15 ലക്ഷത്തിൽ താഴെ വിലയുള്ള ഏറ്റവും മികച്ച ഇലക്ട്രിക് കാറുകൾ