ജാഗ്വാർ ലാൻഡ് റോവർ ഗ്ലോബൽ ടെക്‌നിഷ്യൻ പുരസ്കാരം മലയാളിക്ക്

By Web TeamFirst Published Nov 15, 2018, 6:02 PM IST
Highlights

ജാഗ്വര്‍ ലാന്‍ഡ്റോവറിന്റെ 2018 വര്‍ഷത്തെ ഗ്ലോബല്‍ ടെക്നീഷ്യന്‍ പുരസ്‌കാരം സ്വന്തമാക്കി മലയാളി. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ(മുത്തൂറ്റ് ബ്ലൂ) ഉടമസ്ഥതയിലുള്ള  മുത്തൂറ്റ് മോട്ടോഴ്‌സിലെ  ടെക്നീഷ്യന്‍ സജീഷ് കുമാറിനാണ് പുരസ്‍കാരം. 

കൊച്ചി: ജാഗ്വര്‍ ലാന്‍ഡ്റോവറിന്റെ 2018 വര്‍ഷത്തെ ഗ്ലോബല്‍ ടെക്നീഷ്യന്‍ പുരസ്‌കാരം സ്വന്തമാക്കി മലയാളി. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ(മുത്തൂറ്റ് ബ്ലൂ) ഉടമസ്ഥതയിലുള്ള  മുത്തൂറ്റ് മോട്ടോഴ്‌സിലെ  ടെക്നീഷ്യന്‍ സജീഷ് കുമാറിനാണ് പുരസ്‍കാരം. ഏകദേശം 3ലക്ഷം രൂപവിലവരുന്ന ഉന്നത നിലവാരമുള്ള  ടൂള്‍ കിറ്റും ക്യാഷ് അവാര്‍ഡുമാണ് സമ്മാനം. കൂടാതെ  ജപ്പാനില്‍ നടക്കുന്ന 2019ലെ റഗ്ബി ലോകകപ്പിന്റെ ഭാഗമാകാന്‍ അവസരവും ലഭിക്കും. യുകെയിലെ ഫെന്‍ എന്‍ഡില്‍ നടന്ന ചടങ്ങില്‍ സജീഷ് കുമാര്‍ പുരസ്‌കാരം സ്വീകരിച്ചു.  

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍  ശൃംഖലകളില്‍ നിന്നും   സാങ്കേതിക വിദഗ്ദ്ധന്‍മാര്‍ മാറ്റുരക്കുന്ന സാങ്കേതിക  വൈദഗ്ധ്യ വാര്‍ഷിക മത്സരമാണ് ഗ്ലോബല്‍ ടെക്‌നീഷ്യന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം. 

അന്തിമ പുരസ്‌കാരങ്ങള്‍ക്കായി ബന്ധപ്പെട്ട വിപണികളില്‍ നിന്നുള്ള 50 മുന്‍നിര ടെക്‌നീഷ്യന്‍മാരാണ് മത്സരിക്കുക. ഓണ്‍ ഗ്രൗണ്ട് ടാസ്‌കില്‍ മത്സരാര്‍ത്ഥിയുടെ  കഴിവുകളും വൈദഗ്ധ്യവും വിജ്ഞാന നിലവാരവും പ്രാവീണ്യവും ഉള്‍പ്പെടെ നിരവധി അളവുകോലുകളുടെ  അടിസ്ഥാനത്തില്‍ ആണ് പ്രകടനം വിലയിരുത്തി വിജയികളെ തിരഞ്ഞെടുക്കുക.

30 രാജ്യങ്ങളില്‍ നിന്നുള്ള 16,000 മത്സരാര്‍ത്ഥികളെ മറികടന്നാണ് സജീഷ് കുമാര്‍ ഈ പുരസ്‌കാരത്തിന് അര്‍ഹനായത്. സാങ്കേതിക വിജ്ഞാനവും വൈദഗ്ധ്യവും ഉയര്‍ന്ന അളവില്‍ പ്രകടമാക്കുന്ന മത്സരത്തില്‍ പവര്‍ട്രെയിന്‍, ഇലക്ട്രിക്കല്‍, പ്രൊസീജിയര്‍, ചേസിസ്,  നോളജ് തുടങ്ങിയ അഞ്ച് കാര്യങ്ങളില്‍ ആണ് കഴിവുകള്‍ പരിശോധിക്കപ്പെട്ടത്. ഒരുമണിക്കൂര്‍ സമയപരിധിക്കുള്ളില്‍ ഒരു വാഹനത്തിന്റെ പ്രശ്‌ന പരിഹാരം സാധ്യമാക്കുന്നതായിരുന്നു അവസാനഘട്ട മത്സരം. 

രാജ്യത്തിനും മുത്തൂറ്റ് മോട്ടോര്‍സിനും വേണ്ടി മുത്തൂറ്റ് മോട്ടോര്‍സ് ടീം അംഗമായ സജീഷ്‌കുമാര്‍ നേടിയ ഈ ബഹുമതി  അഭിമാനകരവും സന്തോഷകരവുമാണെന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്ടറും മുത്തൂറ്റ് മോട്ടോര്‍സ് മാനേജിങ് ഡയറക്ടറുമായ തോമസ് മുത്തൂറ്റ് അഭിപ്രായപ്പെട്ടു. ജീവനക്കാര്‍ക്ക് ഗുണനിലവാരമുള്ള പരിശീലനത്തിനായി കമ്പനി നിരന്തരം പരിശ്രമിക്കുകയാണെന്നും തങ്ങളുടെ സാങ്കേതിക വിദഗ്ദ്ധര്‍  പ്രകടമാക്കുന്ന മികച്ച കഴിവുകളിലും വൈദഗ്ധ്യത്തിലും അഭിമാനിക്കുന്നുവെന്നും മുത്തൂറ്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

click me!