പുത്തന്‍ ജാവയുടെ ബുക്കിങ് നിർത്തി; കാരണം

By Web TeamFirst Published Dec 26, 2018, 12:32 PM IST
Highlights

ക്രിസ്‍മസ് ദിനം മുതൽ ജാവയുടെ ബുക്കിംഗ് കമ്പനി താത്കാലികമായി നിര്‍ത്തി എന്നതാണ് പുതിയ വാര്‍ത്ത. അടുത്ത സെപ്റ്റംബർ വരെ ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിടുന്ന ബൈക്കുകൾ വിറ്റഴിഞ്ഞ സാഹചര്യത്തിൽ ബുക്കിങ് നിർത്തിവയ്ക്കുകയാണെന്നു കമ്പനി പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍

ഐതിഹാസിക ഇരുചക്ര വാഹന ബ്രാന്‍ഡായ ജാവ മോട്ടോര്‍ സൈക്കിള്‍സ് തിരിച്ചു വരവിന്‍റെ പാതയിലാണ്. രണ്ടാം വരവില്‍ ഉജ്ജ്വല വരവേല്‍പ്പാണ് ജാവയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ ക്രിസ്‍മസ് ദിനം മുതൽ ജാവയുടെ ബുക്കിംഗ് കമ്പനി താത്കാലികമായി നിര്‍ത്തി എന്നതാണ് പുതിയ വാര്‍ത്ത. അടുത്ത സെപ്റ്റംബർ വരെ ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിടുന്ന ബൈക്കുകൾ വിറ്റഴിഞ്ഞ സാഹചര്യത്തിൽ ബുക്കിങ് നിർത്തിവയ്ക്കുകയാണെന്നു കമ്പനി പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജാവയുടെ ഇന്ത്യയിലേക്കുള്ള മടങ്ങി വരവ്. മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക്ക് ലെജന്‍ഡ് എന്ന കമ്പനിയാണ് ജാവയെ പുനരവതരിപ്പിച്ചത്. ജാവയ്ക്കു ലഭിച്ച വരവേൽപ് പ്രതീക്ഷകൾക്കപ്പുറമാണെന്നു ക്ലാസിക് ലജൻഡ്സ് സഹസ്ഥാപകൻ അനുപം തരേജ പറയുന്നു. ആദ്യ ബാച്ച് ബൈക്കുകൾ മാർച്ചിൽ തന്നെ ഉടമസ്ഥർക്കു കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ ഓൺലൈൻ വഴി ബുക്ക് ചെയ്തവർക്ക് ബൈക്ക് കൈമാറാൻ സെപ്റ്റംബറെങ്കിലുമാവുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. അതേസമയം, ആവശ്യക്കാരേറിയെന്നു കരുതി ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്ത് ഉൽപ്പാദനം വർദ്ധിപ്പിക്കില്ലെന്നും ഡീലർമാർ ബുക്കിങ് സ്വീകരിക്കുമെങ്കിലും നിലവിലുള്ള ഓർഡറുകൾക്കു ശേഷം മാത്രമാവും പുതിയവ പരിഗണിക്കുകയെന്നും അനുപം തരേജ വ്യക്തമാക്കുന്നു. 

പുണെയിലെ ബാനര്‍, ചിന്‍ചാവദ് എന്നിവിടങ്ങളിലാണ് ജാവയുടെ ആദ്യ രണ്ട് ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്. ബെംഗളൂരുവിലേതടക്കം മൊത്തം 10 ഡീലർഷിപ്പുകളാണ് ഇപ്പോൾ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. 2019 ഫെബ്രുവരി 15നകം രാജ്യവ്യാപകമായി നൂറോളം ഡീലർഷിപ്പുകൾ തുറക്കാനും കമ്പനി നടപടി തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുത്ത് രാജ്യത്ത് തിരികെയെത്തിച്ചിരിക്കുന്നത്. പുത്തന്‍ ജാവ ബൈക്കുകള്‍ 2019 ജനുവരിയോടെയാണ്  ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങുക. 

ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായിട്ടാണ് ജാവയുടെ തിരിച്ചുവരവ്. ജാവ, ജാവ 42 എന്നിവയുടെ ബുക്കിങ്ങും കമ്പനി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.  ജാവ 42 ന് 1.55 ലക്ഷം രൂപയും ജാവയ്ക്ക് 1.64 ലക്ഷം രൂപയും ജാവ പരേക്കിന് 1.89 രൂപയുമാണ് ദില്ലി എക്‌സ്‌ഷോറൂം വില. ജാവ 42നെ അപേക്ഷിച്ച് ജാവയ്ക്കാണ് ആവശ്യക്കാരേറെയെന്നാണു റിപ്പോര്‍ട്ടുകള്‍. 

1960 കളിലെ പഴയ ജാവയെ അനുസ്മരിപ്പിക്കുന്ന രൂപഭാവങ്ങളോടെയാണ് ജാവയുടെ രണ്ടാം വരവ്. പഴയ ക്ലാസിക് ടൂ സ്ട്രോക്ക് എന്‍ജിന് സമാനമായി ട്വിന്‍ എക്സ്ഹോസ്റ്റ് ആണ് പുതിയ ജാവകളുടെ പ്രധാന ആകര്‍ഷണം. ജാവ പരേക്കിൽ 334 സിസി എൻജിനാണ് ഹൃദയം. മറ്റുരണ്ട് ബൈക്കുകളുടേത് 293 സിസി എൻജിനും. ഈ 293 സിസി എൻജിന്‍ 27 എച്ച്പി കരുത്തും 28 എൻഎം ടോർക്കും സൃഷ്‍ടിക്കും.

മലിനീകരണ നിയന്ത്രണ നിലവാരത്തില്‍ ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ളതാണ് എന്‍ജിന്‍. 6 സ്പീഡ് ഗിയർബോക്സാണ് ട്രാന്‍സ്മിഷന്‍.  ബൈക്കിന് കിക് സ്റ്റാർട്ട് ഉണ്ടാകില്ല.   ജാവ, ജാവ 42 എന്നീ മോഡലുകളാണ് ആദ്യം നിരത്തിലെത്തുക. ശേഷി കൂടിയ ഫാക്ടറി കസ്റ്റം മോഡലായ പരേക്കിന്റെ വില പ്രഖ്യാപിച്ചെങ്കിലും ഉടൻ വിപണിയിലെത്തില്ല. 

click me!