ഇന്ത്യയിൽ ഏറ്റവും ട്രാഫിക് തിരക്ക് കുറഞ്ഞ നഗരങ്ങളില്‍ കായംകുളവും

By Web TeamFirst Published Aug 14, 2018, 11:15 PM IST
Highlights

ശ്രീനഗര്‍, കായംകുളം, തമിഴ്നാട്ടിലെ റാണിപത് എന്നീ നഗരങ്ങള്‍ രാജ്യത്തെ ഏറ്റവും ഗതാഗത കുരുക്ക് കുറഞ്ഞവയാണെന്ന് പഠനം

ദില്ലി: രാജ്യത്തെ നഗരങ്ങളില്‍ ഗതാഗത കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തില്‍ 'മൂവ് ഹാക്ക്' എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച് നിതി ആയോഗ്. നഗരങ്ങളിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്‍റെ ഭാഗമാണ് ഇത്. ഗൂഗിള്‍ മാപ്പ് വഴി വിവരശേഖരണം നടത്തി നഗരങ്ങളിലെ ഗതാഗതത്തെ കുറിച്ച് മനസ്സിലാക്കുകയാണ് ലക്ഷ്യം.

ഇന്ത്യന്‍ നഗരങ്ങളിലെ യാത്രാ ദുരിതത്തിന്‍റെ കാരണം ഇതുവഴി കണ്ടെത്താനാകുമെന്നും തുടര്‍ന്ന് നഗരങ്ങളിലെ ഗതാഗത സംവിധാനങ്ങളില്‍ മാറ്റം വരുത്താനാകുമെന്നുമാണ് കരുതുന്നത്. നഗരങ്ങളില്‍ കൊണ്ടുവരുന്ന ഗതാഗത നയങ്ങളിലെ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന വ്യത്യാസം മനസ്സിലാക്കാന്‍ ഗൂഗിള്‍ മാപ്പ് വഴി വിവരം ശേഖരിക്കുന്നതിലൂടെ കഴിയും.

പിറ്റ്സ്ബര്‍ഗ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ വേഗം കൂടിയ 15 നഗരങ്ങളിലെ ഗതാഗതം വേഗം കുറഞ്ഞ 15 നഗരങ്ങളിലേതിനേക്കാള്‍ 30 ശതമാനം കൂടുതലാണെന്ന് കണ്ടെത്തി. 154 ഇന്ത്യന്‍ നഗരങ്ങളിലെ 22 മില്യണ്‍ യാത്രകളിലായി ചെലവഴിച്ച സമയം ഗൂഗിള്‍ മാപ്പ് വഴി കണക്കാക്കിയാണ് നഗര യാത്രയെ കുറിച്ച് പഠനം നടത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതിയ്ക്കായി നിതി ആയോഗ് ഒരുങ്ങുന്നത്.

കൊല്‍ക്കത്ത, ബംഗളുരു, ഹൈദരാബാദ്, എന്നിവയാണ് ഇന്ത്യയിലെ ഗതാഗത കുരുക്ക് കൂടിയ നഗരങ്ങള്‍. എന്നാല്‍ തമിഴ്നാട്ടിലെ റാണിപത്, ശ്രീനഗര്‍, കായംകുളം എന്നീ നഗരങ്ങള്‍ രാജ്യത്തെ ഏറ്റവും ഗതാഗത കുരുക്ക് കുറഞ്ഞ നഗരങ്ങളാണെന്നും പഠനം സൂചിപ്പിക്കുന്നു. 

ഗതാഗതം സുഖമമാകുന്നതില്‍ പ്രധാന ഘടകം റോഡ്, പ്രദേശത്തിന്‍റെ വിസ്തീര്‍ണം, ജനസാന്ദ്രത തുടങ്ങിയവയാണ്. ജനസാന്ദ്രത കൂടിയതോ വിസ്തീര്‍ണ്ണം കൂടിയതോ ആയ സ്ഥലങ്ങളില്‍ ഗതാഗത കുരുക്ക് സ്വാഭാവികമായി കുറവായിരിക്കും.

ഈ ഘടകങ്ങള്‍ തിരക്കേറിയ സമയങ്ങളില്‍ തിരക്കുള്ള റോഡുകളിലുളളതിനേക്കാള്‍ ഗതാഗത കുരുക്ക് കുറയ്ക്കും.  വികസനവും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ എണ്ണവും ഗതാഗത കുരുക്കിന് പ്രധാനകാരണമാകുന്നുണ്ടെന്നാണ് കണ്ടെത്തല്‍. 


 

click me!