പച്ച ട്രെയിനില്‍ അത്യാധുനിക കാറുമായി കിം ജോങ് ഉന്നിന്‍റെ ചൈന യാത്ര

By Web DeskFirst Published Mar 29, 2018, 5:52 PM IST
Highlights
  • പച്ച ട്രെയിനില്‍ അത്യാധുനിക കാറുമായി കിം ജോങ് ഉന്‍ ചൈനയില്‍

ഉത്തരകൊറിയയുടെ തലവനായതിനു ശേഷം കിം ജോങ് ഉന്‍ രാജ്യത്ത് നിന്നും ആദ്യമായിട്ടാണ് പുറത്തു പോകുന്നത്. അതുകൊണ്ടു തന്നെ കിമ്മിന്‍റെ ചൈനീസ് സന്ദര്‍ശനം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു. എന്നാല്‍ ഈ സന്ദര്‍ശനത്തിന്‍റെ രാഷ്ട്രീയമല്ല വാഹന ലോകത്തെ ചര്‍ച്ച. കിം ജോങ് ഉന്നും അനുയായികളും ഉപയോഗിക്കുന്ന വാഹന വ്യൂഹമാണ് കഴിഞ്ഞ കുറച്ചു നേരമായി വാഹനലോകവും സോഷ്യല്‍മീഡിയയുമൊക്കെ ഉറ്റു നോക്കുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള ട്രെയിനും ഒരു ബുള്ളറ്റ് പ്രൂഫ് ബെൻസുമാണ് കിം ജോങ്ങിന്‍റെ വാഹനങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏതോ ഒരജ്ഞാതവാഹനവും ഈ കൂട്ടത്തിലുണ്ടെന്നാണ് വിവരം.

മിസൈൽ, ബുളളറ്റ് പ്രൂഫ് ട്രെയിനിലാണ് കിം ചൈനയിലെത്തിയത്. 22 കോച്ചുകളുള്ള ഈ ട്രെയിന്‍റെ നിറം പച്ചയാണ്. എല്ലാവിധ ആഡംബര സൗകര്യങ്ങളുമുള്ള ട്രെയിനിൽ ഹൈ–ടെക് കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ, ഓഡിയൻസ് ചേംബറുകൾ, കോൺഫറൻസ് റൂമുകൾ, ബെഡ്റൂം, സാറ്റലൈറ്റ് ഫോണുകൾ, ഫ്ലാറ്റ് സ്ക്രീൻ ടെലിവിഷനുകൾ, ഡൈനിങ് റൂം എന്നിവയുമുണ്ട്.

ചൈനയ്ക്കുള്ളിലെ യാത്രകൾക്കായിട്ടാണ് ബുള്ളറ്റ് പ്രൂഫ്  ബെൻസ് ഉപയോഗിക്കുന്നത്. മെഴ്സഡീസ് ബെൻസ് എസ് 600 പുൾമാൻ ഗാർഡാണ് ഈ വാഹനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യൻ പ്രസി‍ഡന്റ് ഉൾപ്പടെ നിരവധി രാജ്യത്തലവന്മാർ ഉപയോഗിക്കുന്ന  ഈ വാഹനം അത്യാധുനിക സുരക്ഷാ സൗകര്യങ്ങള്‍ നിറഞ്ഞതാണ്.  എന്നാല്‍ ഈ വാഹനത്തില്‍ കിമ്മിനു വേണ്ടി എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത് എന്ന് വ്യക്തമല്ല.

ഹാന്‍ഡ് ഗ്രനേഡുകള്‍, വെടിയുണ്ട, ലാന്‍ഡ് മൈന്‍, ചെറു മിസൈലുകൾ, രാസായുധങ്ങള്‍, സ്‌നിപ്പറുകള്‍ എന്നിവയ്ക്ക് ഈ കാറിനെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഇൻ ബിൽറ്റ് ഫയർസെക്യൂരിറ്റിയുള്ള വാഹനത്തിനുള്ളിൽ ഓക്സിജന്റെ അളവു കുറഞ്ഞാല്‍ യാത്രക്കാർക്കു ശുദ്ധവായു നൽകാൻ പ്രത്യേക ടാങ്കുണ്ട്. തീപിടിക്കാത്ത ഇന്ധന ടാങ്കുകളാണ് മറ്റൊരു പ്രത്യേകത. 6 ലീറ്റർ ട്വിൻ ടർബോ വി 12 എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം. 530 ബിഎച്ച്പി കരുത്തും 1900 ആർപിഎമ്മിൽ 830 എൻഎം ടോർക്കും ഈ എൻജിൻ സൃഷ്ടിക്കും. ഏകദേശം 25 കോടിയോളം രൂപയാണ് വാഹനത്തിന്‍റെ വില.

 

click me!