മലബാറിന് ആശ്വാസം; വരുന്നൂ ഒരു കിടിലന്‍ ട്രെയിന്‍

By Web DeskFirst Published Apr 19, 2018, 2:22 PM IST
Highlights
  • മലബാറിന് ആശ്വാസം
  • വരുന്നൂ ഒരു കിടിലന്‍ ട്രെയിന്‍

മലബാറിലേക്കുള്ള ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി പുതിയ ട്രെയിന്‍. കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്കും തിരിച്ചും ആഴ്ചയില്‍ രണ്ടുദിവസം വീതമുള്ള കൊച്ചുവേളി - മംഗളൂരു അന്ത്യോദയ എക്‌സ്പ്രസ് ഉടന്‍ സര്‍വീസ് ആരംഭിക്കും. ട്രെയിനിനായുള്ള പുതിയ 21 കോച്ചുകള്‍ കൊച്ചുവേളിയിലെത്തി.

വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.30ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന വണ്ടി വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തക്കും തിരിക്കും. ജനറല്‍ കോച്ചുകള്‍ മാത്രമുള്ള ട്രെയിനാണ് അന്ത്യോദയ എക്‌സ്പ്രസ്. എസി, റിസര്‍വേഷന്‍ കോച്ചുകളില്ല. യാത്രക്കാര്‍ക്ക് ജനറല്‍ ടിക്കറ്റെടുത്ത് ഏത് കോച്ചിലും കയറാം.

അന്ത്യോദയക്കായി ജര്‍മ്മന്‍ സാങ്കേതികവിദ്യയിലുള്ള അത്യാധുനിക എല്‍എച്ച്ബി കോച്ചുകളാണ് ഒരുങ്ങുന്നത്. ആന്റി ടെലസ്‌കോപിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ ട്രെയിന്‍ അപകടത്തില്‍പെട്ടാലും പരസ്പരം ഇടിച്ച് കയറാത്തവിധം സുരക്ഷിതമാണ് കോച്ചുകള്‍. സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ് നിര്‍മാണം. ബയോടോയ്‌ലറ്റുകളാണുള്ളത്.

വൈകിട്ട് 6.45നുള്ള മലബാര്‍, 7.15നുള്ള മാവേലി, 8.40നുള്ള മംഗളൂരു എക്‌സ്പ്രസ് ട്രെയിനുകള്‍ കഴിഞ്ഞാല്‍ നിലവില്‍ വടക്കന്‍ ജില്ലകളിലേക്ക് ട്രെയിനുകളില്ല. പെട്ടെന്ന് യാത്ര തീരുമാനിച്ചവര്‍ക്കും റിസര്‍വ് ചെയ്ത് യാത്ര ചെയ്യാന്‍ പണമില്ലാത്തവര്‍ക്കും ഏറെ ആശ്വാസകരമാവും ഈ പുതിയ ട്രെയിന്‍. ഇലക്ട്രിക്കല്‍ ജോലികളും അറ്റകുറ്റപ്പണികളും പൂര്‍ത്തിയായാലുടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വെ അധികൃതര്‍ വ്യക്തമാക്കി.

click me!