സഞ്ചാരികളെ മാടിവിളിച്ച് കോട്ടഞ്ചേരിമല

By Web DeskFirst Published Jan 22, 2018, 6:31 PM IST
Highlights

കാസർകോട്: സഞ്ചാരികളെ മാടിവിളിക്കുകയാണ് കോട്ടഞ്ചേരിമല. ബേക്കലം കോട്ടയിൽ നിന്നും 50 കിലോമീറ്റർ അകലെ കൊന്നക്കാടിനടുത്തെ കോട്ടഞ്ചേരിയിൽ പച്ച പരവതാനി വിരിച്ചു നിൽക്കുന്ന കോട്ടഞ്ചേരി മല മുകളിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണിപ്പോള്‍.

ഇളം നീല നിറമുള്ള ആകാശത്തിനു കീഴെ കാറ്റിലാടുന്ന പുൽ തരികൾ. മരച്ചില്ലകൾ. പക്ഷികളുടെയും കിളികളുടെയും കളകളാരവങ്ങൾ. ചൈത്ര ധാരാ തീർത്ഥമായി കനിഞ്ഞിറങ്ങുന്ന ചൈത്ര വാഹിനി പുഴ. എന്നുവേണ്ട സഞ്ചാരികൾക്കു പ്രകൃതിയുടെ വിരുന്ന് തന്നെയാണ് കോട്ടഞ്ചേരി മല നൽകുന്നത്.

ബേക്കൽ വിനോദ സഞ്ചാരത്തിന്റെ ഭാഗമാണ് കാസർകോട് ബളാൽ പഞ്ചായത്തിലെ കോട്ടഞ്ചേരി. കർണ്ണാടക മലകൾ അതിരിടുന്ന ഇവിടെ വിനോദ സഞ്ചാരികൾ ദിവസേന കൂടി വരുമ്പോഴും അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും പരിമിതമാണ്. എന്നാലും കോട്ടഞ്ചേരി മലയുടെ പ്രകൃതി സൗന്ധര്യം നുകരാൻ സഞ്ചാരികൾ എത്തുന്നു.
പച്ചപ്പ്‌ നിറഞ്ഞ ഒന്നിലേറെ മടിത്തട്ടുകളാൽ മനോഹരമായ കുന്നിൻ ചെരിവുകളും കൂറ്റൻ പാറക്കല്ലുകളും അവിടങ്ങളിലായി ഒറ്റപെട്ടു കിടക്കുന്ന കൊച്ചു കൊച്ചു മരങ്ങളും കോട്ടഞ്ചേരിയുടെ പ്രത്യേകതകളാണ്.

കാസർകോട് ഭാഗത്തു നിന്നും വരുന്ന വിനോദ സഞ്ചാരികൾക്കു ദേശീയ പാതയിലെ മാവുങ്കാലിൽനിന്നും ഒടയംചാൽ വെള്ളരിക്കുണ്ട് വഴിയും കണ്ണൂർ ഭാഗത്തു നിന്നുള്ളവർക്ക് നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ നിന്നും ഭീമനടി ചിറ്റാരിക്കാൽ റൂട്ടിലും എളുപ്പത്തിൽ എത്താം. കൊന്നക്കാട് മുടോംകടവ് വരെ വീതിയുള്ള നല്ല റോഡുണ്ട്. മലമുകളിലെ സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികൾ കൊന്നക്കാട് നിന്നും ജീപ്പിലാണ് ഇവിടേക്ക് എത്തുന്നത്. പ്രകൃതി നൽകുന്ന ശുദ്ധമായ കുടിവെള്ളം യതേഷ്‍ടം ലഭിക്കുമെങ്കിലും കോട്ടഞ്ചേരിയിലേക്ക് വരുന്ന സഞ്ചാരികൾ കൈയിൽ ഭക്ഷണം കരുതണം.

click me!