
ബ്രിട്ടീഷ് ആഡംബര ബ്രാൻഡായ ജഗ്വാർ ലാൻഡ് റോവർ(ജെ എൽ ആർ) പ്ലഗ് ഇൻ ഹൈബ്രിഡ് വാഹനമായ പി 400 ഇ അവതരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. 13 കിലോവാട്ട് അവർ ശേഷിയുള്ള ലിതിയം അയോൺ ബാറ്ററിയാണു വാഹനത്തിനു കരുത്തുപകരുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ കാർ 31 മൈൽ(49.90 കിലോമീറ്റർ) ഓടുമെന്നാണു നിർമാതാക്കളുടെ അവകാശവാദം. ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ ജെ എൽ ആർ.
റേഞ്ച് റോവർ സ്പോർട് എസ് വി ആർ ആധാരമാക്കിയാണ് പി 400 ഇ യുടെ നിര്‍മ്മാണം. നീളത്തിൽ ഘടിപ്പിച്ച രണ്ടു ലീറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനൊപ്പം 85 കിലോവാട്ട് ശേഷിയുള്ള വൈദ്യുത മോട്ടോറും കൂടി ചേരുന്നതാണു ‘റേഞ്ച് റോവർ സ്പോർട് പി 400 ഇ’യുടെ പവർട്രെയ്ൻ. പരമാവധി 399 ബി എച്ച് പി കരുത്തും 640 എൻ എം ടോർക്കും ഈ സങ്കര എഞ്ചിന്‍ സൃഷ്ടിക്കും. എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണു കാറിലെ ട്രാൻസ്മിഷൻ.
മണിക്കൂറിൽ 220.48 കിലോമീറ്റർ ആണു പി 400 ഇ യുടെ പരമാവധി വേഗം. പൂജ്യത്തില്‍ നിന്നും 96.56 കിലോമീറ്റർ വേഗം കൈവരിക്കാൻ 6.3 സെക്കൻഡ് മതി. വൈദ്യുത മോട്ടോറിന്റെ പിൻബലത്തിൽ ലീറ്ററിന് 35.75 കിലോമീറ്ററാണു ജെ എൽ ആർ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത; കാർബൺ ഡയോക്സൈഡ് മലിനീകരണമാവട്ടെ കിലോമീറ്ററിന് വെറും 64 ഗ്രാമും.
രണ്ട് ഊർജ സ്രോതസുകളും ഒരേ സമയം ഉപയോഗിക്കുന്ന ഡിഫോൾട്ട്, മോട്ടോർ മാത്രം ഉപയോഗിക്കുന്ന വൈദ്യുത ഇ വി എന്നീ രണ്ടു മോഡുകളിലാവും വാഹനം ലഭ്യമാകുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.