മോഹിപ്പിക്കുന്ന വിലയില്‍ പുത്തന്‍ മഹീന്ദ്ര കെയുവി 100 വിപണിയില്‍

By Web DeskFirst Published Oct 12, 2017, 2:53 PM IST
Highlights

കെയുവി 100ന്‍റെ പരിഷ്കരിച്ച പതിപ്പ്  മഹീന്ദ്ര അവതരിപ്പിച്ചു. പുറംമോടിയിൽ മാറ്റം വരുത്തി മുഖം മിനുക്കിയാണ് കെയുവി 100 NXT ന്‍റെ വരവ്. 4.39 ലക്ഷം രൂപയാണ് അടിസ്ഥാന മോഡലിന്‍റെ എക്സ്ഷോറൂം വില. കെയുവിയുടെ ഇലക്ട്രിക് പതിപ്പ് മഹീന്ദ്ര അടുത്ത വർഷം അവതരിപ്പിക്കും.

2016 ജനുവരിയിലാണ് ചെറു എസ്  യു വി വിഭാഗത്തില്‍ കെ യു വി 100 മഹീന്ദ്ര അവതരിപ്പിക്കുന്നത്. അതിനുശേഷം വാഹനത്തില്‍ വരുത്തുന്ന ആദ്യത്തെ മാറ്റമാണിത്.  മുന്നിലെ ബംപർ പരിഷ്കരിച്ചതിനൊപ്പം പുത്തൻ മെഷ്, കൂടുതൽ പ്ലാസ്റ്റിക് ക്ലാഡിങ്ങോടു കൂടിയ ഫോഗ് ലാംപുകൾ, ബംപറുമായി  ലയിച്ചു ചേരുന്ന ഗ്രില്‍, മുന്നിലും പിന്നിലും അലൂമിനിയം നിർമിത സ്കിഡ് പ്ലേറ്റ്, പിൻഭാഗത്ത്  ക്രോം ബെസെൽ സഹിതം ക്ലിയർ ലെൻസ് ടെയ്ൽ ലൈറ്റ്, പരിഷ്‍കരിച്ച വൈപ്പര്‍ തുടങ്ങിയവയും പ്രത്യേകതയാണ്.

ഹെഡ്ലാംപുകളുടെ രൂപകൽപ്പനയിലും മാറ്റമുണ്ട്. അതുപോലെ വാഹനത്തിന്റെ നീളത്തിലും നേരിയ തോതില്‍ വർദ്ധിപ്പിച്ചു. മുമ്പ് 3675 എം എം ആയിരുന്ന നീളം 3700 എം എമ്മായി ഉയർത്തി. കൂടാതെ ഗ്ലോസ് ബ്ലാക്ക് — ക്രോം ഫിനിഷോടെ 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും നല്‍കി.

1.2 ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകളാണ് വാഹനത്തിനു കരുത്തുപകരുന്നത്. അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണു ഗീയർബോക്സ്.

ആറു സീറ്റുള്ള കെ യു വി 100 എൻ എക്സ് ടിയുടെ മുന്തിയ വകഭേദത്തിൽ ഓൾ ബ്ലാക്ക് ഇന്റീരിയറും ബ്രഷ്ഡ് സിൽവർ ഇൻസർട്ടുകളും ലഭ്യമാകും. മറ്റു മോഡലുകളില്‍ ഗ്രേ ഇന്റീരിയറാണ്. മുന്തിയ വകഭേദമായ കെ എയ്റ്റിൽ ഓഡിയൊ, നാവിഗേഷൻ സപ്പോർട്ട് സഹിതം ഏഴ് ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനവും ളഭിക്കും.  മാരുതി ഇഗ്നിസ്, ഹോണ്ട ഡബ്ല്യു ആർ — വി, ഹ്യുണ്ടേയ് ഐ 20 ആക്ടീവ് തുടങ്ങിയവരോടാണ് ഇന്ത്യന്‍ നിരത്തില്‍ പുതിയ കെയുവിക്ക് മത്സരിക്കേണ്ടത്.

അടുത്ത വര്‍ഷത്തോടെ KUV 100 ന്‍റെ ഇലക്ട്രിക് പതിപ്പ് മഹീന്ദ്ര  പുറത്തിറക്കും. പുതിയ വാഹനം പുറത്തിറക്കുന്ന ചടങ്ങിലാണ് ഇതുസംബന്ധിച്ച സൂചനകള്‍ കമ്പനി നല്‍കിയത്. മാത്രമല്ല കമ്പനിയുടെ എല്ലാ എസ് യു വി കള്‍ക്കും ഭാവിയില്‍ ഇലക്ട്രിക് പതിപ്പുണ്ടാകുമെന്ന് മഹീന്ദ്ര മാനേജിങ് ഡയറക്ടര്‍ പവന്‍ ഗോയെങ്ക വ്യക്തമാക്കി.

click me!