മലക്കപ്പാറയിൽ ഒരു പൊങ്കൽ ദിനത്തിൽ

By Web TeamFirst Published Jan 26, 2019, 5:04 PM IST
Highlights

ബസ് ഡ്രൈവറുടെ ഒരു കണ്ണ് മാത്രമെ റോഡിലുള്ളൂ. മറ്റേ കണ്ണ് കാട്ടിൽ പതുങ്ങിയിരിക്കുന്ന കാട്ടു ജീവികളിലാണ്.. പ്രിയ ഇളവള്ളിമഠം എഴുതുന്നു

രാവിലെ 7.50 ന്   ചാലക്കുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ കാത്തു കിടക്കുന്ന ബസിൽ കയറി. മലക്കപ്പാറയാണ് ലക്ഷ്യം. ബസിൽ വിരലില്‍ എണ്ണാവുന്ന യാത്രക്കാർ മാത്രം. ഡ്രൈവറുടെ പിന്നിലുള്ള സീറ്റിൽ ഓടിക്കയറി ഇരുന്നു. പണ്ട് സ്‍കൂളിൽ നിന്നും വിനോദയാത്ര പോകുന്ന അതേ കൗതുകം, ആഹ്ലാദം, ആവേശം. ഡ്രൈവർ ഷാജിയേട്ടൻ സീറ്റിൽ കയറി. സ്റ്റിയറിംഗ് കയ്യിലെടുത്തു. പിന്നീടൊരു വീഗാലാന്റ് യാത്രയായിരുന്നു. 

പരിയാരവും, മുനിപ്പാറയും അതിരപ്പിള്ളിയും വാഴച്ചാലും കടന്ന് ബസ് മുന്നോട്ടു നീങ്ങി. പ്രളയത്തിന്റെ ബാക്കിപത്രം പോലെ ഉലഞ്ഞു വീണു കിടക്കുന്ന റോഡുകൾ. റോഡുകൾ പലതും  തകർന്നു കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾക്ക് വനം വകുപ്പ് അനുമതി കൊടുത്തു തുടങ്ങിയിട്ടില്ല. അതു കൊണ്ടു തന്നെ കാട്ടുവഴിയിൽ തിരക്ക് കുറവാണ്. ഫോട്ടോ എടുക്കണമെങ്കിൽ ബസ് നിർത്തി തരും. കണ്ടക്ടർക്കും ഡ്രൈവര്‍ക്കും കാഴ്ചകൾ കാണിച്ചു തരാനും പുലിയിറങ്ങിയതിൻറെയും മറ്റും കഥകൾ പറഞ്ഞു തരാനും വലിയ ഉത്സാഹം. 

ഡ്രൈവറുടെ ഒരു കണ്ണ് മാത്രമെ റോഡിലുള്ളൂ. മറ്റേ കണ്ണ് കാട്ടിൽ പതുങ്ങിയിരിക്കുന്ന കാട്ടു ജീവികളിലാണ്. കാടും കടന്ന് പുഴയും കടന്നുള്ള  മരക്കൂട്ടത്തിനുളളിലെ ആനയെയും ഡ്രൈവർ ഞൊടിയിടൽ തിരിച്ചറിയും. യാത്രക്കാർക്ക് ചുണ്ടി കാണിച്ചു കൊടുക്കും. ഇടയ്ക്ക് കാട്ടാനയുടെ നിഴൽ വെട്ടം കണ്ടാൽ മതി ഷാജിയേട്ടൻ ബസ് നിർത്തും. ആനയെ നന്നായി കാണാൻ വേണമെങ്കിൽ വണ്ടി പിറകിലോട്ട് എടുക്കാനും തയ്യാർ.

11.40 ഓടെ മലക്കപ്പാറയിൽ വണ്ടിയിറങ്ങി. ചെക്ക് പോസ്റ്റിനപ്പുറം തമിഴ് നാടാണ്. തമിഴ്നാട്ടിൽ  ചായയും വടയും കഴിക്കാൻ പോകുന്നുണ്ട് ചിലർ. കണ്ണെത്താ ദൂരത്തോളം തേയിലത്തോട്ടം. പൊങ്കലായതിനാല്‍ തൊഴിലാളികള്‍ക്ക് അവധിയാണ്. ഇടറോഡിലൂടെ മെല്ലെ ഇറങ്ങി നടന്നു. തൃശൂർ ജില്ലയിലാണ് മലക്കപ്പാറ. തമിഴ് സംസാരിക്കുന്ന തോട്ടം തൊഴിലാളികളാണ് ഏറെയും. മലയാളത്തേക്കാൾ കൂടുതൽ കേൾക്കുന്നത് തമിഴാണ്. കടുംനിറത്തിൽ ചേല ചുറ്റി, മയിൽ മുക്കുത്തിയിട്ട സ്ത്രീകളും, കിലുകിലെ വെള്ളിക്കൊലുസിട്ട കൊളന്തകളും.

വെയിലുണ്ടെങ്കിലും തണുത്ത കാറ്റ് വീശുന്നുണ്ട്. വഴിയോരത്ത് കണ്ട ചെറിയ ഹോട്ടലിൽ കയറി. ആമ്പല്ലൂരുകാരിയാണ് ഹോട്ടൽ മുതലാളി. ചോറും മീൻ കറിയും പപ്പടവും കൂടി ഒരു പിടി പിടിച്ചു. സാധാരണ ഈ ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ സഞ്ചാരികളുടെ നല്ല തിരക്കുണ്ടാകും. എന്നാല്‍ ഇത്തവണ ആളുകള്‍ കുറവാണ്. കച്ചവടം വളരെ മോശം.

പൊങ്കൽ ദിനമായതിനാൽ തേയിലത്തോട്ടങ്ങൾക്കിടയിലെ കോവിലുകൾക്കെല്ലാം ഉത്സവമൂഡാണ്. നല്ല പൊങ്കലും ഗോതമ്പ് പായസവും  സ്നേഹത്തോടെ നീട്ടിയ തമിഴ് ചേച്ചിമാർ. കോവിലിൽ തമിഴ്‍മണമുള്ള കുട്ടികൾക്കൊപ്പം കുറച്ചു നേരം കൂടി തട്ടി കളിച്ചിരുന്നു.

കുറച്ചു കൂടി നടന്ന്  മലക്കപ്പാറ പട്ടണത്തിലെത്തി. അഞ്ചോ ആറോ കടകൾ ചേർന്നതാണ് പട്ടണം. സമയം രണ്ടു മണിയായതേയുള്ളു. അടിച്ചിട്ടൊരു കടയ്ക്കു മുന്നിലെ വരാന്തയിൽ മഞ്ഞു വീഴുന്നതും കാത്ത് ഇരിപ്പായി. മൊബൈൽ ഫോണിലെ സിമ്മുകളിൽ റെയ്ഞ്ച് കമ്മിയാണ്. വെയിൽ താഴ്ന്നു തുടങ്ങി. തിരിച്ച് നടക്കാമെന്ന് കരുതി എണീറ്റു. കുറച്ചു നേരത്തിനുള്ളിൽ ആളുകളൊക്കെ സൗഹൃദം കാണിക്കാൻ തുടങ്ങിയിരിക്കുന്നു. നേരത്തെ കയറിയ സന്താന മാരിയമ്മൻ കോവിലിൽ നിന്നും ഭക്ഷണം കഴിക്കാൻ വിളിച്ചു. വയർ നിറഞ്ഞിരിക്കുന്നതിനാൽ സ്നേഹപൂർവ്വം നിരസിച്ചു. തേയിലത്തോട്ടത്തിനുള്ളിൽ മഞ്ഞ് വീഴാൻ തുടങ്ങിയിരിക്കുന്നു.

നാലു മണി ചായ തമിഴ്നാട്ടിൽ നിന്നാകാം. ചെക്ക് പോസ്റ്റ് മുറിച്ച് കടന്ന് അപ്പുറത്തെ തട്ടുകടയിലെത്തി. പൊങ്കൽ ദിവസവും കട തുറന്നിട്ടുണ്ട്. നാളെ പൊങ്കൽ ആഘോഷിക്കാനാണത്രേ. നല്ല ചൂട് ചായയും മുളക് ബജിയും മൂക്കുമുട്ടെ തിന്നു. യാത്രയിൽ കഴിക്കാൻ പൊള്ളാച്ചിയിൽ നിന്നു കൊണ്ടുവന്ന ഒച്ചു പോലെ ചുരുണ്ടിരിക്കുന്ന കേക്ക് വാങ്ങി ബാഗിൽ വെച്ചു.

തിരിച്ചു പോകാനുള്ള സമയമായി. കെഎസ്ആര്‍ടിസി ബസ് കാത്തു കിടക്കുന്നു. പതിവു പോലെ ഡ്രൈവറുടെ പിൻസീറ്റിൽ ഇടം പിടിച്ചു. അരികു സീറ്റിൽ നിന്ന് പുറത്തേക്ക് നോക്കി. തേയിലത്തോട്ടങ്ങളിൽ കുമ്മായം പോലെ മഞ്ഞ് വീണു കിടക്കുന്നു. തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ട്.കണ്ണടച്ച് കാറ്റിന്റെ ശബ്ദം ധ്യാനിച്ച് ഇരുന്നു.

കണ്ട കാഴ്ചകൾ എത്രയോ ചെറുത്. ഇനിയും എത്രയോ കാഴ്ചകളാണ് പ്രകൃതി കാത്തു വെച്ചിരിക്കുന്നത്. മനം നിറച്ച്, കൺകുളിർത്ത് കാണാൻ. ആ ഊർജ്ജത്തിൽ ഇങ്ങനെയിങ്ങനെ ജീവിക്കാൻ

 

click me!