മദ്യപിച്ചു വാഹനമോടിച്ചു; യുവാവിനെ കോടതി 'ട്രാഫിക്ക് പൊലീസാ'ക്കി!

By Web TeamFirst Published Aug 21, 2018, 9:39 AM IST
Highlights

മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് പിടികൂടിയ യുവാവിന് കോടതി നല്‍കിയത് രസകരമായ ശിക്ഷ. ഇയാളോട് പത്ത് ദിവസത്തോളം ഗതാഗതം നിയന്ത്രിക്കുന്ന ജോലി ചെയ്യാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

കോയമ്പത്തൂര്‍:  മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് പിടികൂടിയ യുവാവിന് കോടതി നല്‍കിയത് രസകരമായ ശിക്ഷ. ഇയാളോട് പത്ത് ദിവസത്തോളം ഗതാഗതം നിയന്ത്രിക്കുന്ന ജോലി ചെയ്യാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

കോയമ്പത്തൂരിലാണ് സംഭവം. കല്‍വീരംപാളയം വിജയനഗറില്‍ ജെ സുദര്‍ശ(28)നെയാണ് കോടതി 'ട്രാഫിക്ക് പൊലീസാ'ക്കിയത്. ജൂലൈ 27നാണ് കേസിനാസ്പദമായ സംഭവം. സത്യമംഗലം റോഡില്‍ ബസ്റ്റാന്‍ഡിനു സമീപം വാഹനപരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം. ഈ സമയം സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ സുദര്‍ശന്‍ അതുവഴി ബൈക്കിലെത്തി. മദ്യലഹരിയാലിയിരുന്ന ഇയാള്‍ പൊലീസുകാരുമായി വാക്കേറ്റവും തുടങ്ങി. ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ വെല്ലും വിളിച്ചു. അമ്മാവന്‍ മജിസ്ട്രേറ്റാണെന്നു പറഞ്ഞായിരുന്നു ചീത്തവിളി.

തുടര്‍ന്ന് രത്നഗിരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പൊലീസിന്‍റെ ജോലി തടസപ്പെടുത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. തുടര്‍ന്ന് ഗതാഗതം നിയന്ത്രിക്കാന്‍ പൊലീസിനെ സഹായിക്കാന്‍ കോടതി ഇയാളോട് ഉത്തരവിടുകയായിരുന്നു. പത്തുദിവസം രാവിലെ 8.30 മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഇയാളുടെ 'ഡ്യൂട്ടി' സമയം.

അങ്ങനെ ഇപ്പോള്‍ ട്രാഫിക്ക് പൊലീസ് ഡ്യൂട്ടിയിലാണ് സുദര്‍ശന്‍. പൊലീസുമായി വഴക്കുണ്ടാക്കിയ അതേ ഓംനി ബസ്റ്റാന്‍ഡ് - രാധാകൃഷ്ണന്‍ റോഡിലെ തിരക്കേറിയ ജംഗ്ഷനില്‍ തന്നെയാണ് ഇയാളുടെ ഡ്യൂട്ടി എന്നതാണ് മറ്റൊരു രസകരമായ കാര്യം.

click me!