ആളെക്കൊല്ലിയെന്ന ചീത്തപ്പേര് പ്രളയജലത്തില്‍ കഴുകി ടിപ്പറുകളും ടോറസുകളും

By Web TeamFirst Published Aug 20, 2018, 9:53 AM IST
Highlights

കാലങ്ങളായി 'ആളെക്കൊല്ലി' എന്ന ചീത്തപ്പേരിന് ഉടമയാണ് ടോറസ് ലോറികളും ടിപ്പര്‍ ലോറികളും. എന്നാല്‍ രൂക്ഷമായ ഈ പ്രളയ കാലത്ത് ആ ധാരണ ഈ വാഹനങ്ങള്‍ തിരുത്തിയിരിക്കുന്നു. തങ്ങളുടെയുള്ളിലും മനസാക്ഷിയും കരുണയുമുള്ള ഒരു ഹൃദയമുണ്ടെന്ന് അവര്‍ തെളിയിച്ചിരിക്കുന്നു.

കാലങ്ങളായി 'ആളെക്കൊല്ലി' എന്ന ചീത്തപ്പേരിന് ഉടമയാണ് ടോറസ് ലോറികളും ടിപ്പര്‍ ലോറികളും. ചെറുവാഹനങ്ങളുടെയും കാല്‍നടയാത്രികരുടെയുമൊക്കെ കണ്ണില്‍ ജീവനെടുക്കുന്ന രാക്ഷസവാഹനത്തിന്‍റെ രൂപമാവും അവര്‍ക്ക്. എന്നാല്‍ രൂക്ഷമായ ഈ പ്രളയ കാലത്ത് ആ ധാരണ ഈ വാഹനങ്ങള്‍ തിരുത്തിയിരിക്കുന്നു. തങ്ങളുടെയുള്ളിലും മനസാക്ഷിയും കരുണയുമുള്ള ഒരു ഹൃദയമുണ്ടെന്ന് അവര്‍ തെളിയിച്ചിരിക്കുന്നു.

പ്രളയത്തില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മറ്റ് വാഹനങ്ങള്‍ പാതിവഴിക്ക് പരാജയപ്പെടുമ്പോള്‍ രക്ഷകനാകുന്നത് ടോറസുകളും ടിപ്പറുകളുമാണ്. രക്ഷാദൗത്യവുമായി വെള്ളക്കെട്ടുകള്‍ക്ക് മുകളിലൂടെ അനായാസേനെ കുതിക്കുകയാണ് ടോറസുകള്‍. വാഹനത്തിന്‍റെ ഉയരവും ഉയര്‍ന്നു നില്‍ക്കുന്ന സൈലന്‍സറുകളുമാണ് ടോറസ് ലോറികളെ വെള്ളക്കെട്ടുകളില്‍ അജയ്യനാക്കുന്നത്. 10 ചക്രങ്ങളുള്ള ടോറസുകള്‍ ചെളിയില്‍ തെന്നുകയുമില്ല. ചില ഇടയങ്ങളില്‍ 12 വീലുകളുള്ള ടോറസുകളും സേവനം നടത്തുന്നുണ്ട്.

കേരള ടോറസ് ടിപ്പര്‍ അസോസിയേഷന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. അഞ്ഞൂറോളം ടോറസുകളാണ് പ്രളയബാധിത മേഖലകളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ജനങ്ങളെ രക്ഷിച്ച് ക്യാമ്പുകളില്‍ എത്തിക്കുന്നതിനും ഭക്ഷണവും സന്നദ്ധപ്രവര്‍ത്തകരെയും രക്ഷാസേനയെയുമൊക്കെ എത്തിക്കുന്നതിനും ടോറസുകളാണ് ഉപയോഗിക്കുന്നത്.

 

ടോറസുകളെപ്പോലെ ഇപ്പോള്‍ വീരനായകന്‍റെ പരിവേഷമാണ് ടിപ്പറുകള്‍ക്കും. വൈക്കം തലയോലപ്പറമ്പ് ഉദായനാപുരം മേഖലയിൽ ചിലർക്ക് ഇപ്പോൾ സൂപ്പർസ്റ്റാർ പരിവേഷമാണ്. ആയിരക്കണക്കിന് ആളുകളെയാണ് വെള്ളപ്പൊക്കത്തിൽ നിന്ന് ഇവർ രക്ഷിച്ചത്.

ജീവന് ഭീഷണിയായി തലങ്ങും വിലങ്ങും ഓടുന്ന ഭീകരന്മാർ. എല്ലായിടത്തും ടിപ്പർ ലോറികളെ കുറിച്ചുള്ള പൊതു ആക്ഷേപം ഇതാണ്. ഇതിൽ സത്യവും ഉണ്ട്. വൈക്കത്തുകർക്കും  അത് അങ്ങനെ തന്നെയായിരുന്നു. പക്ഷെ പ്രതിനായകൻ നായകൻ ആകുന്ന സിനിമ പോലെ ട്വിസ്റ്റ്. മൂവാറ്റുപുഴയാർ പ്രളയജലവുമായി അതിന്റെ ഇഷ്ടം പോലെ കുത്തിയൊഴുകി. 

റോഡുകളിൽ ഒരാൾ പൊക്കത്തിൽ വെള്ളം. കുത്തൊഴുക്ക്. ഒറ്റപ്പെട്ട പ്രദേശങ്ങൾ നിരവധി. മറ്റെല്ലാ വാഹനങ്ങളും പരാജയപ്പെട്ട അവസ്ഥ. സമാനതകൾ ഇല്ലാത്ത വെള്ളപ്പൊക്കത്തിൽ പകച്ചു നിന്ന വൈക്കത്തുകാർക്ക് മുന്നിൽ വില്ലന്മാർ നായകന്മാരായി. പെരുംവെള്ള പാച്ചിലിനെ പ്രതിരോധിച്ചു മുക്കിലും മൂലയിലും ടിപ്പറുകൾ പാഞ്ഞെത്തി. മണിക്കൂറുകൾ കൊണ്ട് ആയിരങ്ങളുടെ ജീവനുകൾ ഇക്കരെയെത്തിച്ചു. തുരുത്തുകളിൽ ഒറ്റപ്പെട്ടവരെ തേടിയും ചെറുവളങ്ങളുമായും അവരെത്തി. അങ്ങനെ നൂറോളം ട്രിപ്പുകൾ. വൈക്കത്തുകരെല്ലാം സുരക്ഷിതർ.

നാടാകെ വിഴുങ്ങിയ പ്രളയത്തെ തോൽപ്പിച്ച് നാട്ടുകാരെ രക്ഷിച്ചതിന്റെ അഭിമാനത്തിലാണ് ടിപ്പർ തൊഴിലാളികളും. വെള്ളം മുക്കിയ റോഡുകളിലൂടെ  ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യ സാധനങ്ങൾ എത്തിക്കുന്നതും ഇവർ തന്നെ.വൈക്കത്തുകർക്ക് ഇപ്പോൾ ടിപ്പറുകൾ ആളെക്കൊല്ലികൾ അല്ല, രക്ഷാദൂതന്മാരാണ്. 

click me!