മാരുതി റിറ്റ്സ് വിപണിയില്‍ നിന്നും പിന്‍വലിച്ചു

Published : Feb 26, 2017, 12:18 PM ISTUpdated : Oct 05, 2018, 02:51 AM IST
മാരുതി റിറ്റ്സ് വിപണിയില്‍ നിന്നും പിന്‍വലിച്ചു

Synopsis

2009ലാണ് റിറ്റ്സ് ആദ്യമായി പുറത്തിറങ്ങുന്നത്. കാറിന്‍റെ നാലു ലക്ഷത്തിലേറെ യൂണിറ്റുകളാണ് ഇതിനോടകം വിറ്റഴിച്ചത്.  കുടുംബങ്ങള്‍ക്ക് ഏറെ പ്രിയങ്കരമായ വാഗണ്‍ആറിനും ആള്‍ട്ടോയ്ക്കും കുറച്ചുകൂടി പണം മുടക്കുന്നവര്‍ ആഗ്രഹിച്ച സ്വിഫ്റ്റിനും സാധിക്കാത്തതാണ് കയ്യിലൊതുങ്ങുന്ന വിലയില്‍ നിന്നുകൊണ്ട് റിറ്റ്സ് നേടിയെടുത്തത്. മാരുതിയുടെ മറ്റുകാറുകളോട് താത്പര്യം കാണിക്കാത്ത ഒരുപറ്റം യുവ ആരാധകനിരയും റിറ്റ്സിന് സ്വന്തമായിരുന്നു. അഞ്ചുലക്ഷം രൂപയ്ക്ക് ആരംഭവിലയുള്ള വാഹനങ്ങളില്‍ ഏറ്റവും മികച്ച ഗുണനിലവാരം പുലര്‍ത്തുന്ന ഇന്റീരിയറും പ്ലാസ്റ്റിക് ഭാഗങ്ങളും ഈ ഹാച്ച്‌ബാക്കിനുമാത്രം സ്വന്തമായിരുന്നു. വേഗതയെടുത്താലും മികച്ച നിയന്ത്രണവും രസകരമായ ഡ്രൈവിംഗ് അനുഭവവും റിറ്റ്സ് സമ്മാനിച്ചു. മാരുതിയുടെ സുന്ദരി എന്നു പോലും വിശേഷിപ്പിക്കപ്പെട്ടു.

പെട്രോള്‍ വേരിയന്റിന്‍റെ ഒരല്‍പം മൈലേജ് കുറവ് മാറ്റി നിര്‍ത്തിയാല്‍ എന്തുകൊണ്ടും മുടക്കുന്ന പണത്തിന് മുഴുവന്‍ മൂല്യവും തരുന്ന വാഹനമായിരുന്നു നാലു സിലിന്‍ഡര്‍ എഞ്ചിനോടുകൂടിയ റിറ്റ്സ്. പെട്രോള്‍ വേരിയന്റും ഡീസല്‍ വേരിയന്റും ഒരുപോലെ ജനപ്രിയമായിരുന്നു.

എന്നാല്‍ വിപണിയിലെത്തിയതിനുശേഷം കാര്യമായ മാറ്റങ്ങള്‍ റിറ്റ്സിന് മാരുതി വരുത്തിയിരുന്നില്ല. ഇടക്കാലത്ത് ഓട്ടോമാറ്റിക് വേരിയന്റ് ഇറക്കി റിറ്റ്സിന് ഒരു പുതിയ മുഖം നല്‍കാന്‍ മാരുതി ശ്രമിച്ചിരുന്നു. 23 കിലോമീറ്ററില്‍ കൂടുതല്‍ മൈലേജ് ഉറപ്പുവരുത്തുന്ന ഡീസല്‍ എഞ്ചിനോടൊപ്പമാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും മാരുതി ഉറപ്പിച്ചത്. എന്നാല്‍ ഈ വേരിയന്റിന് വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല.

പിന്നീട് കാറിനെ പുതിയ മോഡലുകള്‍ ഇറക്കി സംരക്ഷിക്കാനോ വാഗണ്‍ആറില്‍ ചെയ്തതുപോലെ എഞ്ചിന്‍ മാറ്റങ്ങളോടെ ഫേസ്ലിഫ്റ്റ് മോഡലുകള്‍ ഇറക്കി വിപണിയില്‍ ഉറപ്പിച്ച്‌ നിര്‍ത്താനോ മുതിരാതെയാണ്  മാരുതി ഒടുവില്‍ കാറിനെ കയ്യൊഴിഞ്ഞത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി റിറ്റ്സിന്റെ വില്പനയില്‍ വൻ ഇടിവാണ് നേരിട്ടത്. 2016 ഒക്ടോബറില്‍ റിറ്റ്സിന്റെ വെറും അഞ്ച് യൂണിറ്റുകൾ മാത്രമാണ് മാരുതിക്ക് വിറ്റഴിക്കാനായത്. ഇന്ത്യൻ വിപണിയിൽ അത്യാവശ്യം ജനപ്രീതി നേടാൻ കഴിഞ്ഞുവെങ്കിലും റിറ്റ്സിന്റെ പുതുക്കിയ പതിപ്പുകളെയൊന്നും ഇതുവരെ ഇറക്കിയിട്ടില്ല.

റിറ്റ്സ് ഇനിയുണ്ടാവില്ലെങ്കിലും വാഹനഭാഗങ്ങള്‍ പത്തുവര്‍ഷത്തേക്ക്  കൂടി വിപണിയിലുണ്ടാവും. സര്‍വീസും പത്തുവര്‍ഷത്തേക്ക് കമ്പനി നേരിട്ട് നല്‍കും.

മാരുതിയുടെ ഏറ്റവും മികച്ച ഹാച്ച്‌ബാക്കെന്ന് പലരും വിശേഷിപ്പിക്കുന്ന റിറ്റ്സ് പെട്ടെന്ന് പിന്‍വലിച്ചതിനെ വിദഗ്ദരുള്‍പ്പടെയുള്ള പലരും വിമര്‍ശിക്കുകയാണ്. ഇഗ്നിസ്, സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസയര്‍, സെലേറിയോ, ബലേനൊ എന്നീ കാറുകളിലാണ് മാരുതി ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്നത്.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

മെക്സിക്കൻ തീരുവ: ഇന്ത്യൻ കാർ കയറ്റുമതി പ്രതിസന്ധിയിൽ?
മാരുതിയുടെ എസ്‌യുവി തേരോട്ടം; ടോപ്പ് 10-ൽ നാല് മോഡലുകൾ