മാരുതി പുലിയാണ്, 10 മാസത്തിനകം വിറ്റത് ഇത്രയും ലക്ഷം ബിഎസ്6 വാഹനങ്ങള്‍!

Web Desk   | Asianet News
Published : Jan 23, 2020, 11:34 AM IST
മാരുതി പുലിയാണ്, 10 മാസത്തിനകം വിറ്റത് ഇത്രയും ലക്ഷം ബിഎസ്6 വാഹനങ്ങള്‍!

Synopsis

കഴിഞ്ഞ 10 മാസങ്ങള്‍ക്കുള്ളിലാണ് മാരുതിയുടെ ഈ നേട്ടം

2020 ഏപ്രില്‍ ഒന്നു മുതല്‍ മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള മാനദണ്ഡമായ ബിഎസ്6 നിലവാരത്തിലുള്ള എഞ്ചിനിലേക്ക് മാറാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ വാഹന വിപണി. മിക്ക നിര്‍മ്മാതാക്കളും വാഹനങ്ങളെ അവതരിപ്പിച്ച് തുടങ്ങി. പുതിയ എന്‍ജിനിലേക്ക് മാറാന്‍ രണ്ട് മാസം കൂടി സമയം അവശേഷിക്കെ ഈ നിരയില്‍ പുതിയ നാഴികക്കല്ലുകള്‍ പിന്നിട്ട് മുന്നേറുകയാണ് രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. 

ഇതിനിടെ മാരുതിയുടെ അഞ്ചുലക്ഷം ബിഎസ്6 വാഹനങ്ങളാണ് നിരത്തിലെത്തിയത്.  കഴിഞ്ഞ 10 മാസങ്ങള്‍ക്കുള്ളിലാണ് മാരുതിയുടെ ഈ നേട്ടം. ബിഎസ്-6 നിലവാരത്തിലുള്ള അഞ്ചുലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചതെന്നാണ് മാരുതി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. 

2019 ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ രണ്ട് ലക്ഷം ബിഎസ്6 വാഹനങ്ങള്‍ നിരത്തിലെത്തി. മാരുതി ബലേനൊ, ആള്‍ട്ടോ800 എന്നീ വാഹനങ്ങളിലാണ് ആദ്യമായി ബിഎസ്-6 എന്‍ജിന്‍ നല്‍കിയത്. 2019 ഏപ്രിലിലാണ് ഈ വാഹനങ്ങള്‍ പുതിയ എന്‍ജിനിലെത്തിയത്. അതായത് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്ന സമയത്തിന് ഒരുവര്‍ഷം മുമ്പുതന്നെ ഈ രണ്ടുവാഹനങ്ങള്‍ ബിഎസ്-6 എന്‍ജിനിലേക്ക് മാറിയിരുന്നു.

ഇതിനുപിന്നാലെ 2019 ജൂണില്‍ വാഗണ്‍ആര്‍, സ്വിഫ്റ്റ്, ഡിസയര്‍ തുടങ്ങിയ വാഹനങ്ങളും ജൂലായില്‍ എര്‍ട്ടിഗയും ഓഗസ്റ്റില്‍ എക്‌സ്എല്‍-ഉം സെപ്റ്റംബറില്‍ എസ്-പ്രെസോയും എത്തിയിരുന്നു. 2020-ന്റെ ആരംഭത്തില്‍ തന്നെ മാരുതി ഇക്കോയിലും സെലേറിയോയിലും ഈ എന്‍ജിന്‍ സ്ഥാനം പിടിച്ചു. 

മാരുതി ബ്രെസ, എസ്-ക്രോസ്, ആള്‍ട്ടോ കെ10, സെലേറിയോ എക്‌സ്, ഇഗ്നീസ് എന്നീ വാഹനങ്ങളാണ് ഇനി ബിഎസ്6ലേക്ക് മാറാനുള്ളത്. ഇതില്‍, ഇഗ്നീസ്, ബ്രെസ തുടങ്ങിയ വാഹനങ്ങളുടെ പുതിയ പതിപ്പ് ഉടന്‍ നിരത്തിലെത്തും. ഈ മോഡലുകളെയും ബിഎസ്6 പതിപ്പുകളെ ഉടന്‍ തന്നെ വിപണയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിലവില്‍ ബിഎസ്6 നിരയില്‍ തങ്ങളുടെ പത്ത് മോഡലുകള്‍ വില്‍പ്പനയ്ക്ക് സജ്ജമാണെന്നും കമ്പനി അറിയിച്ചു.  ബിഎസ്-6 എന്‍ജിനിലുള്ള എസ്-ക്രോസിന്റെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. 

വിപണിയില്‍ തങ്ങള്‍ക്ക് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് നന്ദി പറയുന്നതായും കമ്പനി അറിയിച്ചു. 75 ശതമാനം പെട്രോള്‍ മോഡലുകളാണ് ബിഎസ്6 -നിലവാരത്തിലേക്ക് കമ്പനി നവീകരിച്ചത്. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനാണ് ബിഎസ്4 ല്‍ നിന്നും ബിഎസ്6 എഞ്ചിനിലേക്കുള്ള ചുവടുമാറ്റം.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം